തമിഴിലെ വിവിധ സിനിമകളില്‍ പാട്ടുകളില്‍ മാത്രം അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ വന്ന തടസങ്ങളെ പറ്റി പറയുകയാണ് നയന്‍താര. താനതിനെ സ്‌പെഷ്യല്‍ പാട്ടുകളായാണ് കാണുന്നതെന്നും ഒരു സ്‌പെഷ്യല്‍ ഇമേജ് ഉള്ളതുകൊണ്ടാണ് വിളിക്കുന്നതെന്നും നയന്‍താര പറഞ്ഞു. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് നയന്‍താരയുടെ ഈ പരാമര്‍ശങ്ങള്‍.
വിജയ് ചിത്രം ശിവകാശിയിലും രജനികാന്ത് ചിത്രം ശിവാജിയിലും ഒരു പാട്ടില്‍ മാത്രം അഭിനയിച്ചതിനെ പറ്റിയുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നയന്‍താര.
‘അതൊക്കെ ഒരു സിനിമയിലെ സ്‌പെഷ്യല്‍ സോങ്ങുകളാണ്. പെട്ടെന്ന് ഞാനിങ്ങനത്തെ പാട്ടുകളില്‍ അഭിനയിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ഒരു പാട്ടില്‍ മാത്രം പോയി അഭിനയിക്കുന്നത് എന്തിനാണെന്ന് പലരും ചോദിച്ചു. അത് നിങ്ങളുടെ ഇമേജിന് നല്ലതായിരിക്കില്ല, ഇങ്ങനെ പോയാല്‍ പാട്ടിന് മാത്രമേ ഇനി വിളിക്കുകയുള്ളൂ എന്നൊക്കെ പറഞ്ഞു. എന്നാല്‍ അത് അങ്ങനെയല്ല, ഒരു സ്‌പെഷ്യല്‍ സോങ് ചെയ്യുന്നത് വളരെ സ്‌പെഷ്യലാണെന്ന് അവരോട് ഞാന്‍ പറഞ്ഞു.
എന്തെങ്കിലും ഇമേജ് ഉള്ളതുകൊണ്ടാണ് അവര്‍ സ്‌പെഷ്യലായിട്ടുള്ള പാട്ടുകളിലേക്ക് വിളിക്കുന്നത്. അത് ചെയ്താല്‍ നന്നായിരിക്കും. എന്താണ് പറ്റുക എന്ന് നോക്കാമല്ലോ. അതൊരു ലേണിങ് പ്രോസസാണ്. എന്നാല്‍ ആ പാട്ടുകളെല്ലാം വലിയ ഹിറ്റായിരുന്നു,’ നയന്‍താര പറഞ്ഞു.
പ്രഭാസിനൊപ്പം സിനിമ ചെയ്തപ്പോഴുണ്ടായ അനുഭവങ്ങളും അഭിമുഖത്തില്‍ നയന്‍താര പങ്കുവെച്ചു. സെറ്റില്‍ ഒരു കുസൃതി കാണിക്കുന്ന കുട്ടിയെ പോലെ ആയിരുന്ന അദ്ദേഹം ഇപ്പോള്‍ വലിയ സ്റ്റാറായതില്‍ സന്തോഷമുണ്ടെന്നും നയന്‍താര പറഞ്ഞു.
‘പ്രഭാസ് ഭയങ്കര പാവമാണ്, ഒരു കുട്ടിയെ പോലെയുള്ള സ്വഭാവമാണ്. ഇപ്പോഴും ഒരു കുട്ടിയെ പോലെയാണോ എന്ന് എനിക്ക് അറിയില്ല. ഞങ്ങളൊരുമിച്ച് സിനിമ ചെയ്യുമ്പോള്‍ ഒരു കൃസൃതിക്കാരന്‍ കുട്ടിയെ പോലെയായിരുന്നു. സെറ്റിലൂടെ ഓടിക്കളിക്കും, തമാശ പറയും, രസമാണ് അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കുന്നത്.ഇപ്പോള്‍ പ്രഭാസ് ഒരു വലിയ സ്റ്റാറായി. അദ്ദേഹം ഈ നിലയിലെത്തിയതില്‍ വളരെ സന്തോഷം,’ നയന്‍താര പറഞ്ഞു.
അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത കണക്ട് ആണ് ഒടുവില്‍ പുറത്തുവന്ന നയന്‍താരയുടെ ചിത്രം. ഡിസംബര്‍ 22നാണ് ചിത്രം റിലീസ് ചെയ്തത്. അശ്വിന്‍ ശരവണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.
നയന്‍താര നായികയായ ചിത്രം മായയിലൂടെയാണ് അശ്വിന്‍ ശരവണന്‍ സംവിധായകനാകുന്നത്. നയന്‍താരയ്ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും കണക്ടില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു. വിഘ്നേഷ് ശിവന്റേയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് കണക്ട് നിര്‍മിച്ചത്.
Content Highlight: nayanthara about songs with vijay and rajinikanth