പ്രഭാസിനൊപ്പം സിനിമ ചെയ്തപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നയന്‍താര. സെറ്റില്‍ അദ്ദേഹം ഒരു കുസൃതി കാണിക്കുന്ന കുട്ടിയെ പോലെ ആയിരുന്നുവെന്നും പ്രഭാസിനൊപ്പം സമയം ചെലവഴിക്കുന്നത് രസകരമാണെന്നും നയന്‍താര പറഞ്ഞു. ഇപ്പോള്‍ അദ്ദേഹം വലിയ സ്റ്റാറായതില്‍ സന്തോഷമുണ്ടെന്നും പുതിയ ചിത്രമായ കണക്ടുമായി ബന്ധപ്പെട്ട നല്‍കിയ അഭിമുഖത്തില്‍ നയന്‍താര പറഞ്ഞു.
‘പ്രഭാസ് ഭയങ്കര പാവമാണ്, ഒരു കുട്ടിയെ പോലെയുള്ള സ്വഭാവമാണ്. ഇപ്പോഴും ഒരു കുട്ടിയെ പോലെയാണോ എന്ന് എനിക്ക് അറിയില്ല. ഞങ്ങളൊരുമിച്ച് സിനിമ ചെയ്യുമ്പോള്‍ ഒരു കൃസൃതിക്കാരന്‍ കുട്ടിയെ പോലെയായിരുന്നു. സെറ്റിലൂടെ ഓടിക്കളിക്കും, തമാശ പറയും, രസമാണ് അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കുന്നത്.
ഇപ്പോള്‍ പ്രഭാസ് ഒരു വലിയ സ്റ്റാറായി. അദ്ദേഹം ഈ നിലയിലെത്തിയതില്‍ വളരെ സന്തോഷം,’ നയന്‍താര പറഞ്ഞു.
2007ല്‍ പുറത്തിറങ്ങിയ യോഗി എന്ന ചിത്രത്തിലാണ് പ്രഭാസും നയന്‍താരയും ഒന്നിച്ച് അഭിനയിച്ചത്. അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത കണക്ട് ഡിസംബര്‍ 22നാണ് ചിത്രം റിലീസ് ചെയ്തത്. അശ്വിന്‍ ശരവണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.
നയന്‍താര നായികയായ ചിത്രം മായയിലൂടെയാണ് അശ്വിന്‍ ശരവണന്‍ സംവിധായകനാകുന്നത്. നയന്‍താരയ്ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും കണക്ടില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു. വിഘ്‌നേഷ് ശിവന്റേയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ് കണക്ട് നിര്‍മിച്ചത്.
Content Highlight: nayanthara about prabhas