ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കില്‍ പ്രൊഫഷണല്‍ ലൈഫും പേഴ്സണല്‍ ലൈഫും ഒരുമിച്ച് കൊണ്ടുപോകാന്‍ കുറച്ചധികം പരിശ്രമിക്കേണ്ടി വരുമെന്ന് നയന്‍താര. രണ്ട് തലങ്ങളും ഒരുമിച്ച് കൊണ്ടുപോവുകയാണെങ്കില്‍ ജീവിതം കുറച്ച് കൂടി മനോഹരമാകുമെന്നും നയന്‍താര പറഞ്ഞു.
ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡ് ഐക്കണ്‍ അവാര്‍ഡ്‌സില്‍ ദശാബ്ദത്തിലെ മികച്ച നടിക്കുള്ള പുരസ്‌കാരം വാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു താരം. വിവാഹത്തിന് ശേഷവും പ്രൊഫഷണല്‍ ലൈഫും പേഴ്സണല്‍ ലൈഫും എങ്ങനെ മാനേജ് ചെയ്യുന്നുവെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് നയന്‍താരയുടെ പരാമര്‍ശങ്ങള്‍.
‘ജീവിതം മുഴുവന്‍ ഒരു ബാലന്‍സിലാണ്. ഒരുപാട് വീട്ടമ്മമാരുണ്ട്. അവര്‍ വേറെ ജോലിക്ക് പോകുന്നില്ലായിരിക്കാം. എന്നാല്‍ അവര്‍ ചെയ്യുന്ന പണികള്‍, കുട്ടികളെ വളര്‍ത്തുന്നത്, വീട് നോക്കുന്നത് എല്ലാം വളരെ പരിശ്രമം വേണ്ട കാര്യങ്ങളാണ്. ജോലി ചെയ്യുന്ന സ്ത്രീകളാവുമ്പോള്‍ കുറച്ച് കൂടി എഫേര്‍ട്ട് എടുക്കേണ്ടി വരും. അല്‍പം മുമ്പ് പറഞ്ഞതുപോലെ ബാലന്‍സ് വേണമല്ലോ. അത് വളരെ മനോഹരമാണ്. പ്രൊഫഷണലായും എല്ലാം നേടണം, പേഴ്സണല്‍ ലൈഫിലെ കാര്യങ്ങളും ചെയ്യാനാവണം. അതിന് കുറച്ച് എക്സ്ട്രാ എഫേര്‍ട്ട് ഇടേണ്ടി വരും. അങ്ങനെ വന്നാല്‍ ജീവിതം വളരെ മനോഹരമാണ്,’ നയന്‍താര പറഞ്ഞു.
നയന്‍താരക്ക് അവാര്‍ഡ് നല്‍കിയത് മണിരത്നമായിരുന്നു. അദ്ദേഹത്തില്‍ നിന്നും അവാര്‍ഡ് വാങ്ങിയതാണ് ഏറ്റവും വലിയ സന്തോഷമെന്നും നയന്‍താര പറഞ്ഞു.
‘ഈ അവാര്‍ഡ് എനിക്ക് വളരെയധികം സ്‌പെഷ്യലാണ്. കാരണം മണി സാറാണ് ഈ അവാര്‍ഡ് എനിക്ക് തന്നത്. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. ഇവിടെയുള്ള എല്ലാ സംവിധായകര്‍ക്കും അഭിനേതാകള്‍ക്കും ഒരേയൊരു സ്വപ്നമായിരിക്കും ഉണ്ടാവുക. ഒന്ന് മണി സാറിനെ പോലെ ഒരു സംവിധായകനാവണം. അല്ലെങ്കില്‍ മണി സാറിന്റെ സിനിമയില്‍ അഭിനയിക്കണം. ഇന്‍ഡസ്ട്രിയിലെ എല്ലാവരുടെയും ആഗ്രഹമാണ് ഇത്.
ഇതിന് മുമ്പ് ഒന്നുരണ്ട് തവണ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അതിന് പറ്റിയില്ല. പക്ഷേ എങ്ങനെയെങ്കിലും സാര്‍ ചെയ്യുന്ന സിനിമയില്‍ അഭിനയിച്ച് അവാര്‍ഡ് വാങ്ങുകയാണെങ്കില്‍ വളരെ വളരെ സന്തോഷമാവും. ഈ അവാര്‍ഡ് മണി സാറിന്റെ കയ്യില്‍ നിന്നും വാങ്ങിയതില്‍ വളരെയധികം സന്തോഷമുണ്ട്,’ നയന്‍താര പറഞ്ഞു.
Content Highlight: nayanthara about her family and professional life