| Wednesday, 12th April 2023, 8:15 pm

അദ്ദേഹമാണ് കുട്ടികളുടെ പേര് പറയേണ്ടത്, അദ്ദേഹത്തിന് പ്രശ്‌നമില്ലാത്തതുകൊണ്ട് ഞാന്‍ പറയാം; പൊതുവേദിയില്‍ നയന്‍താര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊതുവേദിയില്‍ ആദ്യമായി മക്കളുടെ പേര് പറഞ്ഞ് സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ബിഹൈന്‍ഡ്‌വുഡ്‌സ് ഗോള്‍ഡ് ഐക്കണ്‍ അവാര്‍ഡ് ഷോയ്ക്കിടയിലാണ് അവതാരകയുടെ ആവശ്യപ്രകാരം നയന്‍താര ഇരട്ടക്കുട്ടികളുടെ പേര് പറഞ്ഞത്.

നയന്‍താരയുടെ അടുത്ത ചിത്രത്തിന്റെ പേരെന്താണ് എന്നറിയുന്നതിനെക്കാള്‍ ഇപ്പോള്‍ ആഗ്രഹം ഉയിരിന്റെയും ഉലകത്തിന്റെയും ശരിക്കുള്ള പേരെന്താണ് എന്നറിയാനാണെന്ന് അവതാരക പറഞ്ഞപ്പോളാണ് നയന്‍താര മക്കളുടെ പേര് വെളിപ്പെടുത്തിയത്.

‘അദ്ദേഹമാണ് (പങ്കാളി വിഘ്‌നേശ് ശിവന്‍) അത് പറയേണ്ടത്. അദ്ദേഹത്തിന് പ്രശ്‌നമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലാത്തതുകൊണ്ട് ഞാന്‍ പറയാം. ഉയിര്‍ രുദ്രോനീല്‍ എന്‍. ശിവന്‍ എന്നാണ് എന്റെ ആദ്യത്തെ മകന്റെ പേര്. ഉലക് ദൈവിക് എന്‍. ശിവന്‍ എന്നാണ് രണ്ടാമത്തെ മകന്റെ പേര്,’ നയന്‍താര പറഞ്ഞു. നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ കുട്ടികളുടെ പേര് വെളിപ്പെടുത്തിയിരുന്നെങ്കിലും പൊതുവേദിയില്‍ ഇതാദ്യമായാണ് പറയുന്നത്.

അതേസമയം നെട്രികണ്‍, ഇമൈക്കനൊടികള്‍, കോലമാവ് കോകില, നാനും റൗഡി താന്‍, രാജാ റാണി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് തമിഴ് സിനിമയിലെ ദശാബ്ദത്തിലെ മികച്ച നടിക്കുള്ള അവാര്‍ഡാണ് നയന്‍താരക്ക് ലഭിച്ചത്.

സംവിധായകന്‍ മണിരത്‌നമാണ് നയന്‍താരക്ക് അവാര്‍ഡ് നല്‍കിയത്. അദ്ദേഹത്തില്‍ നിന്നും അവാര്‍ഡ് വാങ്ങിയതാണ് ഏറ്റവും വലിയ സന്തോഷമെന്നും നയന്‍താര പറഞ്ഞു.

‘ഈ അവാര്‍ഡ് എനിക്ക് വളരെയധികം സ്‌പെഷ്യലാണ്. കാരണം മണി സാറാണ് ഈ അവാര്‍ഡ് എനിക്ക് തന്നത്. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. ഇവിടെയുള്ള എല്ലാ സംവിധായകര്‍ക്കും അഭിനേതാകള്‍ക്കും ഒരേയൊരു സ്വപ്‌നമായിരിക്കും ഉണ്ടാവുക. ഒന്ന് മണി സാറിനെ പോലെ ഒരു സംവിധായകനാവണം. അല്ലെങ്കില്‍ മണി സാറിന്റെ സിനിമയില്‍ അഭിനയിക്കണം. ഇന്‍ഡസ്ട്രിയിലെ എല്ലാവരുടെയും ആഗ്രഹമാണ് ഇത്.

ഇതിന് മുമ്പ് ഒന്നുരണ്ട് തവണ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അതിന് പറ്റിയില്ല. പക്ഷേ എങ്ങനെയെങ്കിലും സാര്‍ ചെയ്യുന്ന സിനിമയില്‍ അഭിനയിച്ച് അവാര്‍ഡ് വാങ്ങുകയാണെങ്കില്‍ വളരെ വളരെ സന്തോഷമാവും. ഈ അവാര്‍ഡ് മണി സാറിന്റെ കയ്യില്‍ നിന്നും വാങ്ങിയതില്‍ വളരെയധികം സന്തോഷമുണ്ട്,’ നയന്‍താര പറഞ്ഞു.

Content Highlight: nayantahar reveals her sons’s names in public stage

We use cookies to give you the best possible experience. Learn more