രജീഷ വിജയന്‍ പ്രധാന വേഷത്തിലെത്തിയ ജൂണ്‍ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് നയന എല്‍സ. ചിത്രത്തില്‍ കുഞ്ഞി എന്ന കഥാപാത്രത്തിലായിരുന്നു താരം സിനിമയിലെത്തിയത്. മണിയറയിലെ അശോകന്‍, ഉല്ലാസം തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു.
ഓമനത്തവും നിഷ്‌കളങ്കതയും നിറഞ്ഞ മുഖമാണ് നയനയുടെ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നതെന്നാണ്് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഈ ‘ക്യൂട്ട് കുട്ടി ലുക്ക്’ തനിക്ക് ബുദ്ധുമുട്ടുകളാണ് തന്നിട്ടുള്ളതെന്ന് പറയുകയാണ് നയന. ഇത്തരത്തില്‍ ക്യൂട്ട് ബബ്ലി ലുക്കാണെന്ന് പറഞ്ഞ് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും, അങ്ങനെ അവസരങ്ങള്‍ കിട്ടാതെ പോയത് തന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ടെന്നും നയന പറഞ്ഞു. പോപ്പര്‍സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.
‘സിനിമകളിലേക്ക് വരുമ്പോള്‍ ഈ ബബ്ലി, ചബ്ബി ഇമേജ് ഭയങ്കര പ്രശ്‌നമാണ്. എനിക്ക് നല്ലൊരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നു. പക്ഷെ അതില്‍ നിന്ന് എന്നെ ഒഴുവാക്കി. ആ സിനിമ നല്ല രീതിയില്‍ ഹിറ്റാവുകയും ചെയ്തിരുന്നു. ഒരു ദിവസം മീറ്റിങ്ങിന് വിളിച്ച് വരുത്തി ചീഫ് അസോസിയേറ്റ് എന്നോട് പറഞ്ഞു, ‘നയന ഭയങ്കര ബബ്ലി ആന്‍ഡ് ചബ്ബിയാണ് അതുകൊണ്ട് നയനക്ക് സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്ന്’. ഒന്ന് ചെയ്യിപ്പിച്ച് പോലും നോക്കാതെയാണ് അവര്‍ എന്നെ ഒഴിവാക്കിയത്. ആ കഥാപാത്രം ചെയ്ത വ്യക്തിയും ചബ്ബിയാണ്. പക്ഷെ പുള്ളിക്കാരി നന്നായി ആക്ട് ചെയ്തു. ആ സിനിമ ഞാന്‍ തീയേറ്ററില്‍ പോയി കണ്ടപ്പോള്‍ ഭയങ്കര വിഷമമായി. കാരണം എന്നെകൊണ്ട് അത് ചെയ്യാന്‍ പറ്റുമായിരുന്നു.
ഞാന്‍ നസ്രിയയുടെയും ജെനീലിയയുടെയും വലിയ ആരാധികയായിരുന്നു. അവരൊക്കെ അത്തരത്തിലുള്ള റോള്‍ ചെയ്തപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ഇപ്പോഴിതൊക്കെ ഔട്ട് ഓഫ് ഫാഷനായെന്ന് തോന്നുന്നു. ഞാനൊക്കെ ഇതുപോലത്തെ റോള്‍ ചെയ്യുമ്പോള്‍ ആര്‍ക്കും വേണ്ട. ഈ ചബ്ബി ആന്‍ഡ് ബബ്ലി ഇമേജ് ബ്രേക്ക് ചെയ്യാന്‍ ഞാന്‍ കഷ്ടപെടുന്നുണ്ട്. പണ്ടൊക്കെ ഞാന്‍ മെലിഞ്ഞിട്ടായിരുന്നു. എന്ത് കഴിച്ചാലും വണ്ണം വെക്കാത്ത ശരീരമായിരുന്നു. അന്നൊക്കെ വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രശ്‌നം എന്ത് കഴിച്ചാലും വണ്ണം വെക്കില്ല എന്നായിരുന്നു.
സിനിമയ്ക്കു വേണ്ടിയിട്ടാണ് ഞാന്‍ കഷ്ടപ്പെട്ട് വണ്ണം വെച്ചത്. അപ്പോഴാണെങ്കില്‍ ഞാന്‍ തടി വെച്ചതായിരുന്നു അവരുടെ പ്രശ്‌നം. ആ സമയത്തൊക്കെ ഞാന്‍ ആലോചിക്കും എന്ത് ചെയ്താലും പ്രശ്‌നമാണല്ലോ എന്ന്. സിനിമയില്‍ വണ്ണം കൂട്ടലും കുറയ്ക്കലുമെല്ലാം സ്വാഭാവികമാണ്. തടി വെച്ചിരിക്കുമ്പോള്‍ ചില പരിപാടികള്‍ക്കൊക്കെ പോകാനായി ഒട്ടും ആത്മവിശ്വാസം തോന്നാറില്ല. ‘നയന തടി വെച്ചല്ലോ’ എന്ന് ആരെങ്കിലും പറയുമോ എന്ന് എനിക്ക് പേടിയാണ്,’ നയന എല്‍സ പറഞ്ഞു.