ഐ.സി.സി ടി-20 ലോകകപ്പിന് മുന്നോടിയായുഉള്ള സൗഹൃദ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. കഴിഞ്ഞ ദിവസത്തില്‍ ബംഗ്ലാദേശിനെ 60 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ഇന്നിങ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടർ ഹര്‍ദിക് പാണ്ഡ്യ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 23 പന്തില്‍ പുറത്താവാതെ 40 റണ്‍സാണ് ഹര്‍ദിക് നേടിയത്.
ഇപ്പോഴിതാ പാണ്ഡ്യയുടെ ഈ തകര്‍പ്പന്‍ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നയന്‍ മോംഗിയ.
‘ഹാര്‍ദിക് പാണ്ഡ്യ എന്റെ പ്രിയപ്പെട്ട കളിക്കാരനാണ്. ഇന്ത്യ ലോകകപ്പ് നേടണമെങ്കില്‍ ഹാര്‍ദിക് മികച്ച പ്രകടനം നടത്തണം. കഴിഞ്ഞ ഐ.പി.എല്ലില്‍ അവന്‍ മികച്ച ഫോമില്‍ അല്ലായിരുന്നു എന്ന് എനിക്കറിയാം. എന്നാല്‍ ഒരു നിര്‍ണായക മത്സരങ്ങളില്‍ അവന്‍ മികച്ച താരമാണ്. സന്നാഹ മല്‍സരത്തില്‍ അവന്‍ തന്റെ പഴയ ഫോം വീണ്ടെടുത്തു. മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഹാര്‍ദിക് നടത്തിയ പ്രകടനങ്ങളെ കുറിച്ച് അവന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. ലോകകപ്പില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം നല്‍കാനാണ് അവന്‍ ശ്രമിക്കുന്നത്,’ നയന്‍ മോംഗിയ പറഞ്ഞു.
2024 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകത്തു നിന്നും നിരാശാജനകമായ പ്രകടനമായിരുന്നു ഹര്‍ദിക് നടത്തിയത്. 14 മത്സരങ്ങളില്‍ നിന്നും നാല് വിജയവും പത്തു തോൽവിയും അടക്കം എട്ടു പോയിന്റോടെ അവസാന സ്ഥാനത്തായിരുന്നു ഹാര്‍ദിക്കിന്റെ കീഴില്‍ മുംബൈ ഇന്ത്യന്‍സ് ഫിനിഷ് ചെയ്തത്.
2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാറ്റിങ്ങില്‍ 11 മത്സരങ്ങളില്‍ നിന്നും 216 റണ്‍സും ബൗളിങ്ങില്‍ 11 വിക്കറ്റുമാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓണ്‍ റൗണ്ടര്‍ നേടിയത്.
ഈ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ ടി-20 ലോകകപ്പില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയതിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ നിലനിന്നിരുന്നു. ഇപ്പോള്‍ ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ശക്തമായ ഫോമിലേക്ക് തിരിച്ചെത്തിയത് ആരാധകര്‍ക്കും ഇന്ത്യന്‍ ടീമിനും വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.
ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.
Content Highlight: Nayan Mongia talks about Hardik Pandya