കൊച്ചി: ഓസ്‌കാര്‍ എന്‍ട്രിയില്‍ ഇന്ത്യയില്‍ നിന്നുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി കുഞ്ചാക്കോ ബോബന്റെ നായാട്ട്. ഷാഹി കബീറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സര്‍വൈവല്‍ ഡ്രാമയാണ്.
കുഞ്ചാക്കോ ബോബന് പുറമെ ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍.
ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘാടകരായാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി കണ്ടെത്താനുള്ള വിധി നിര്‍ണയം കൊല്‍ക്കത്തയില്‍ നടത്തുന്നത്. സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ആണ് ജൂറി ചെയര്‍മാന്‍.
തമിഴില്‍ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേര്‍ണി, ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ദം എന്നിവയും മത്സരിക്കുന്നുണ്ട്.
15 അംഗ ജൂറിക്ക് മുന്നില്‍ 14 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. ചുരുക്കപ്പട്ടികയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രം 2022 മാര്‍ച്ച് 24ന് നടക്കുന്ന ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന് സമര്‍പ്പിക്കപ്പെടുന്ന ചിത്രമാകും.
ഓസ്‌കാര്‍ എന്‍ട്രിയായി സമര്‍പ്പിക്കപ്പെടുന്ന ചിത്രം നോമിനേഷന്‍ പട്ടികയില്‍ ഇടം കണ്ടെത്തിയാല്‍ മാത്രമേ പുരസ്‌കാരത്തിന് മത്സരിക്കാന്‍ യോഗ്യത നേടുകയുള്ളൂ.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടായിരുന്നു 2020ല്‍ ഇന്ത്യയുടെ ഓസ്‌കാറിലേക്കുള്ള ഔദ്യോഗിക എന്‍ട്രി. ജല്ലിക്കെട്ടിന് പക്ഷേ നോമിനേഷനില്‍ ഇടം നേടാനായില്ല.