റായ്പൂര്‍: ഛത്തീസ്ഡില്‍ മാവോയിസ്റ്റുകള്‍ തടവിലാക്കിയ സി.ആര്‍.പി.എഫ് ജവാന്‍ രാകേശ്വര്‍ സിംഗ് മന്‍ഹസിനെ മോചിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ധരംപാല്‍ സെയ്‌നിയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥസംഘമാണ് മന്‍ഹസിന്റെ മോചനത്തിനു വഴിയൊരുക്കിയത്.
ബസ്തറിലെ ബസഗുഡയിലുള്ള പൊലീസ് സ്റ്റേഷനിലെത്തിയ മന്‍ഹസിനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കി.
മന്‍ഹസിന്റെ മോചനം സംബന്ധിച്ച് ഔദ്യോഗിക സന്ദേശം ലഭിച്ചെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും ഭാര്യ മീനു വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
അത്യന്തം നാടകീയമായാണ് മന്‍ഹസിനെ മോചിപ്പിച്ചത്. മധ്യസ്ഥരായ സെയ്‌നിയും തേലം ബുരയ്യയുമാണ് മന്‍ഹസിനെ മോചിപ്പിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നത്. ഇവരെ കൂടാതെ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി മാവോയിസ്റ്റുകള്‍ പ്രവേശനം അനുവദിച്ചിരുന്നു.
ഇതിന് പിന്നാലെ നൂറുകണക്കിന് ഗ്രാമവാസികളെയും വിളിച്ചുചേര്‍ത്തു.
ശനിയാഴ്ച, ബസ്തര്‍ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് മന്‍ഹസിനെ തടവിലാക്കിയത്. മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള അജ്ഞാത സ്ഥലത്ത് മന്‍ഹസ് ഇരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഇദ്ദേഹത്തെ ഉപദ്രവിക്കില്ലെന്നും മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി മധ്യസ്ഥരെ നിയോഗിക്കണമെന്നും മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 22 സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്.
Content Highlight: Naxals release CoBRA jawan kidnapped during Bijapur attack, hand off captured on video