ഗയ: ബീഹാറിലെ മുന്‍ എം.എല്‍.സിയും ബി.ജെ.പി നേതാവുമായ അനൂജ് കുമാറിന്റെ വീട് മാവോയിസ്റ്റുകള്‍ ബോംബ് വെച്ച തകര്‍ത്തു. ആര്‍ക്കും അപകടം പറ്റിയിട്ടില്ല. ഡൈനാമൈറ്റ് വെച്ചാണ് സംഘം വീട് തകര്‍ത്തത്.
20-30 പേരടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് ആക്രണത്തിന് പിന്നിലെന്ന് ഗയ എസ്.എസ്.പി രാജീവ് മിശ്ര പറഞ്ഞു. ഇവരുടെ പക്കല്‍ ആയുധമുണ്ടായിരുന്നുവെന്നും വീടിനകത്ത് ആളുകളില്ലാത്തതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും രാജീവ് മിശ്ര പറഞ്ഞു.
സ്‌ഫോടനം നടത്തിയതിന് ശേഷം തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ നോട്ടീസുകളും വിതരണം ചെയ്തു.
നേരത്തെ ജനതാ ദള്‍ എം.എല്‍.എസി (മെബര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍) ആയിരുന്നയാളാണ് അനൂജ് കുമാര്‍. അനൂജ് മാവോയിസ്റ്റുകളുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായും സംശയമുണ്ട്.