| Tuesday, 19th October 2010, 3:41 pm

വര്‍ഗീസ് വധം: വിധി 27ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ ഈ മാസം 27ന് വിധി പിറയും. സി.ബി.ഐ. പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിക്കുക. കേസില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിചാരണ പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പ്രഖ്യാപനത്തിനായി മാറ്റിയത്.

ഭരണനേതൃത്വത്തിന് വര്‍ഗീസിനോടുള്ള പകയാണ് കൊലപാതക കാരണമെന്നാണ് സി.ബി.ഐ വാദം. വര്‍ഗീസിനെ വെടിവെച്ച് കൊന്നതിന് സാക്ഷികളുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ പൊങ്ങച്ചത്തില്‍ കെട്ടിപ്പൊക്കിയ കെട്ടുകഥയാണു നക്‌സല്‍ വര്‍ഗീസിന്റെ കസ്റ്റഡി മരണമെന്നു പ്രതിഭാഗം വാദിച്ചു.

ഏപ്രില്‍ 6നാണ് വര്‍ഗീസ് കേസില്‍ വാദം ആരംഭിച്ചത്. മുന്‍ ഡി.ജി.പി വിജയന്‍, മുന്‍ ഐജി ലക്ഷ്്മണ എന്നവരാണ് കേസിലെ പ്രതികള്‍. മുന്‍ ഡി.ജി.പി, ഐജി എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ കൊലപാതക കേസെന്ന പ്രത്യേകതയും ഇതിനുണ്ട്. മറ്റൊരു പ്രതിയായ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ രണ്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു.

1970 ഫിബ്രവരി 18 ന വയനാട്ടിലെ തിരുനെല്ലിയിലാണ് വര്‍ഗീസ് പ്രതികളായ പോലീസുകാരുടെ വെടിയേറ്റ് മരിച്ചത്.1990ല്‍ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്റെ വെളിപ്പെടുത്തലോടെയാണ് കേസിന് പുതിയ മാനം കൈവന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവനുസരിച്ച് വര്‍ഗീസിനെ താന്‍ വെടിവെടിച്ചു കൊന്നെന്നായിരുന്നു വെളിപ്പെടുത്തല്‍. തുടര്‍ന്നു കേസ് അന്വേഷിച്ച സി.ബി.ഐ പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ പ്രതിയാക്കി കുറ്റപത്രവും സമര്‍പ്പിച്ചു.

സി.ബി.ഐ പ്രത്യേകകോടതി ജഡ്ജി എസ് വിജയകുമാറാണ് വര്‍ഗീസ് കേസില്‍ വാദം കേള്‍ക്കുന്നത്.

We use cookies to give you the best possible experience. Learn more