2004 ആഗസ്റ്റ് മുതല്‍ ബന്ദവാല് താലൂക്കിലെ വാമനപടവ് സ്വദേശിനി ലീലാവതിയെന്ന 22 കാരിയെ കാണാതായി. പിതാവ് ബാബു മകളെ കാണാനില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്കി. എന്നാല്‍ പിന്നീട് ബാബു കേട്ടത് മകള്‍ ലീലാവതി നക്സല്‍ പ്രവര്ത്തകയാണെന്നുള്ള പോലീസ് വെളിപ്പെടുത്തലാണ്. തുടര്‍ന്ന് പോലീസ് ഭീകരതയുടെ നാളുകളായിരുന്നു. കുടുംബത്തെ പോലീസ് വേട്ടയാടി. ആറു മാസങ്ങള്‍ക്ക് മുമ്പ് വെസ്റ്റേണ്‍ സോണല്‍ പോലീസ് ഡി.ജി.പി ഗോപാല്‍ ഹുസൂര്‍ വാര്‍ത്താ സമ്മേളനം നടത്തി 24 നക്സലുകളുടെ പേരും ഫോട്ടോയുമടങ്ങിയ ലിസ്റ്റ് പുറത്ത് വിട്ടിരുന്നു. അവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ പ്രതിഫലവും വാഗ്ദാനം ചെയ്തു. ആ ലിസ്റ്റില്‍ ലീലാവതിയുടെ പേരുമുണ്ടായിരുന്നു. ഒരു ലക്ഷം രൂപയയായിരുന്നു ലീലാവതിയെക്കുറിച്ച് വിവരം നല്കിയാല് പ്രതിഫലമായി പ്രഖ്യാപിക്കപ്പെട്ടത്.
2009 ഒക്ടോബര്‍ 22ന് 18 സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ മോഹന്‍കുമാര്‍ എന്ന ഭാസ്കരനെ ദക്ഷിണ കന്നഡ പോലീസ് പിടികൂടി. മോഹന്‍കുമാര്‍ പ്രണയം നടിച്ച് വിവാഹാഭ്യര്‍ഥന നടത്തി 18 യുവതികളെയും കൊലപ്പെടുത്തുകയായിരുന്നു. പോലീസ് കൊല്ലപ്പെട്ട സ്ത്രീകളുടെ ലിസ്റ്റ് പുറത്ത് വിട്ടു. ആ ലിസ്റ്റിലും ആ പേരുണ്ടായിരുന്നു. ആറു മാസം മുമ്പ് പോലീസ് പുറത്ത് വിട്ട നക്സല്‍ ലിസ്റ്റിലുണ്ടായിരുന്ന ബന്ദവാല് താലൂക്കിലെ വാമനപടവ് സ്വദേശിനി ലീലാവതിയുടെ പേര്. ആറു മാസം മുമ്പ് പോലീസ് നക്സല്‍ ലിസ്റ്റില്‍ പെടുത്തി പേരും ചിത്രവും പുറത്ത് വിട്ടപ്പോഴേക്കും ലീലാവതി കൊല്ലപ്പെട്ടിട്ട് നാലര വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.
2004 ആഗസ്റ്റില്‍ ലീലാവതിയെ കാണാതായ അന്നു തന്നെ പിതാവ് ബാബു ബന്ദ് വാലാ വില്ലേജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മകളെക്കുറിച്ച് അദ്ദേഹത്തിന് ഒരു വിവരവും ലഭിച്ചില്ല. പരാതിയെക്കുറിച്ച് പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. എന്നാല്‍ അടുത്ത ദിവസം തന്നെ ലീലാവതി നക്സല്‍ പ്രവര്‍ത്തകയായി മുദ്രകുത്തപ്പെട്ടു. അങ്ങനെ പ്രചരിപ്പിക്കാന്‍ പോലീസിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു. നാട്ടുകാരുടെ കണ്ണില്‍ ലീലാവതി പിടികിട്ടാപ്പുള്ളിയായ നക്സലായി. നക്സലുകളെ കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കില്‍ ല്‍കണമെന്നു ആഹ്വാനം ചെയ്ത് കൊണ്ട് ലീലാവതിയുടെ ചിത്രവും ചുവരില്‍ പതിഞ്ഞു. മകള്‍ നക്സല്പ്രവര്ത്തനത്തിനായി ഒളിവില്‍ കഴിയുകയാണെന്ന് പിതാവ് ബാബുവും വിശ്വസിച്ചു. പിന്നീടങ്ങോട്ട് ഈ കുടുംബത്തിന് പീഡനങ്ങളുടെ കാലമായിരുന്നു. പോലീസ് നിരന്തരം വീട്ടില്‍ കയറി ഈ കര്‍ഷക കുടുംബത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.
രണ്ടു തരം വികസനമുണ്ട്, സ്വാഭാവിക വികസനവും ദ്രുതഗതിയിലുള്ള വികസനവും. രാജ്യത്ത് ഉല്പാദനപ്രക്രിയയില് ഉണ്ടാവുന്ന വളര്‍ച്ചയിലൂടെ കൈവരിക്കുന്ന വളര്‍ച്ചയാണ് സ്വാഭാവിക വികസനം. എന്നാല്‍ ഓഹരികമ്പോളത്തിലെ വിദേശ നിക്ഷേപത്തെ ആശ്രയിച്ച് ഉണ്ടാകുന്നതാണ് ദ്രുതഗതിയിലുള്ള വികസനം. പ്രധാനമന്ത്രി മന്മോഹന്സിങും മുന്‍ ധനമന്ത്രിയും ഇപ്പോള്‍ ആഭ്യന്തര മന്ത്രിയുമായ പി ചിദംബരവും ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവും പറഞ്ഞ് കൊണ്ടിരിക്കുന്നത് ദ്രുതഗതിയിലുള്ള വികസനത്തെക്കുറിച്ചാണ്. ലോകത്ത് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടക്കുന്നത് ഓഹരി മാര്‍ക്കറ്റിനെയാണ്. ദ്രുതഗതിയിലുള്ള വികസനത്തെക്കുറിച്ച് പറയുന്ന രാഷ്ട്രീയം ലക്ഷ്യം വെക്കുന്നത് രാജ്യത്ത് ഓഹരി നിക്ഷേപം വഴിയുള്ള വളര്‍ച്ചയാണ്. അത് കൊണ്ട് തന്നെ ഇന്ത്യന്‍ ഓഹരി മാര്‍ക്കറ്റ് വികസിപ്പിക്കാനായി ചിദംബരവും കൂട്ടരും കൊണ്ട് പിടിച്ച ശ്രമമാണ് നടത്തുന്നത്. ഇത്തരം വിദേശ നിക്ഷേപങ്ങള്‍ക്കുള്ള പ്രത്യേകത അത് സുസ്ഥിരവും അക്രമങ്ങളെ അടിച്ചമര്‍ത്താന്‍ ശേഷിയുള്ള സര്‍ക്കാറുകള്‍ ഭരിക്കുന്ന രാഷ്ട്രങ്ങളില്‍ മാത്രമേ പ്രത്യക്ഷപ്പെടൂവെന്നതമാണ്. മാവോയിസ്റ്റുകള്‍ ഇടനാഴി തീര്‍ത്ത ഇന്ത്യയില്‍ ഇത്തരം നിക്ഷേപകര്‍ക്ക് പരവതാനി വിരിക്കണമെങ്കില്‍ ഓപറേഷന് ഗ്രീന്‍ ഹണ്ടുകള്‍ വേണ്ടി വരും, നന്ദിഗ്രാമില്‍ പ്രക്ഷോഭകരെ വെടിവെച്ച് കൊല്ലേണ്ടി വരും, കാണാതായ പെണ്‍കുട്ടികളെ നക്സല്‍ പട്ടികയില്‍പ്പെടുത്തി തലക്ക് ഇനാം പ്രഖ്യാപിക്കേണ്ടി വരും. അങ്ങനെയാണ് ലീലാവതിയെന്ന യുവതി നക്സല്‍ ആയി മുദ്രകുത്തപ്പെടുന്നത്. മോഹന്‍കുമാറിന്റെ കൈകളാല്‍ നിഷ്ഠൂരം വധിക്കപ്പെട്ടിട്ടും പോലീസ് അന്വേഷിക്കാതെ പോയത്. ലീലാവതിക്ക് ശേഷം നിരവധി യുവതികളെ കൊല്ലാന്‍ മോഹന്‍കുമാറിന് പോലീസ് അവസരമൊരുക്കിക്കൊടുത്തത്.
മാവോയിസ്റ്റുകള്‍ക്കെതിരെ തങ്ങള്‍ ശക്തമായ നടപടിയെടുക്കുന്നതായി പോലീസിന് തെളിയിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയവര്‍ കാണാതായ ലീലാവതിയെ ഒരു കയ്യറപ്പുമില്ലാതെ നക്സല്‍ പട്ടികയില്‍പ്പെടുത്തി പത്ര സമ്മേളനം വിളിച്ച് കൂട്ടി വിവരിച്ചു. ശക്തമായ സര്‍ക്കാറാണ് സംസ്ഥാനം ഭരിക്കുന്നതെന്നും മുഴുവന്‍ നക്സലുകളും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സ്റ്റോക്ക് മാര്‍ക്കറ്റ് മുതലാളിമാരെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. നന്ദിഗ്രാമില്‍ ഭൂമിക്ക് വേണ്ടി പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ കര്‍ഷകര്‍ കൊല ചെയ്യപ്പെട്ടത് ഇതിനോട് കൂട്ടി വായിക്കാം. എതിര്‍പ്പുകളെ തോക്കു കൊണ്ട് നേരിട്ട് അടിച്ചമര്‍ത്തുന്ന സര്‍ക്കാറാണ് സംസ്ഥാനം ഭരിക്കുന്നതെന്നും നിക്ഷേപകരേ നിങ്ങള്‍ക്ക് ധൈര്യമായി ഇവിടേക്ക് വരാമെന്നുമുള്ള ബോധ്യപ്പെടുത്തല്‍.
രാജ്യത്ത് അരങ്ങേറുന്ന മാവോയിസ്റ്റ് വേട്ടയുടെ പിന്നാമ്പുറങ്ങളിലേക്കുള്ള ഒരു ചൂണ്ട് പലകയാണ് ലീലാവതിയുടെ അനുഭവം. നാളെ ആര്‍ക്കും വരാവുന്ന ഗതി. മകളെ കാണാനില്ലെന്ന് പറഞ്ഞ് ഇനി ആര്‍ക്കും പോലീസ്റ്റേഷനിലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥ. അവര്‍ നക്സല്‍ പ്രവര്‍ത്തകയായി മുദ്രകുത്തപ്പെടുമോയെന്ന ഭീതി. ലീലാവതിയുടെ പരാതിയില്‍ പോലീസ് വ്യക്തമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ മോഹന്‍കുമാറെന്ന കൊലയാളിക്ക് കൂതുതല്‍ കൊലകള്‍ നടത്താന്‍ കഴിയുമായിരുന്നില്ല.
ലീലാവതി കൊല്ലപ്പെട്ടതറിഞ്ഞ ശേഷം അവളുടെ കുടുംബത്തെ കാണാനായി പുറപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ അവരുടെ അനുഭവം വിവരിക്കുന്നത് ഇങ്ങനെ
മംഗലാപുരം-ധര്മ്മസ്ഥലം പുഞ്ലക്കാട്ടയിലേക്കുള്ള വഴി ഇടത്തേക്ക് തിരിഞ്ഞ് അഞ്ച് കിലോമീറ്റര്‍ മണ്‍റോഡിലൂടെ യാത്ര ചെയ്താല്‍ കാടിന്റെ നടുവില്‍ പുറം ലോകവുമായി വാര്‍ത്താ വിനിമയ ബന്ധമില്ലാത്ത ഈ വിട്ടിലെത്താം. നക്സലൈറ്റ് സംഘടനയില്‍ ചേര്‍ന്ന മകളെ കുറിച്ച് അന്വേഷിച്ചറിയാന്‍ പത്രപ്രവര്‍ത്തകര്‍ വന്നിട്ടുണ്ട് എന്ന് മാത്രം മനസിലാക്കിയ ഈ ദമ്പതികള്‍ക്ക് പോലീസുകാര്‍ മറ്റു വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല.ഞങ്ങള്‍ സന്ദര്‍ശിക്കുന്നത് വരെ മകള്‍ കൊല്ലപ്പെട്ടുവെന്ന യാതൊരു അറിവും അവര്‍ക്കില്ലായിരുന്നു.
പട്ടിക ജാതിയില്‍പെടുന്ന ബാബു ദമ്പതികള്‍ക്ക് ആഞ്ച് മക്കളുണ്ട്. മൂന്ന് ഏക്കര്‍ കൃഷിഭൂമിയുണ്ട്. മൂന്ന് പെണ്മക്കളില് ലീലാവതി മൂത്തവള്‍. രണ്ടു സഹോദരികളുള്ളതില് ഒരുവള്‍ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുന്നു. മറ്റെയാള്‍ പഞ്ചലക്കാട്ടെയില് എസ് ടി ഡി ബൂത്തില്‍ തൊഴിലെടുക്കുന്നു.
ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഞങ്ങളുടെ മകള്‍ ലീല വീടു വിട്ടു പോയി. നാലു വര്‍ഷം കഴിഞ്ഞിട്ടും പോലീസുകാര്‍ ഞങ്ങളെ പിന്നെയും പിന്നെയും പീഡിപ്പിക്കുന്നു. വീട്ടില്‍ അന്വേഷിച്ച് വന്നു ഭീഷണിപ്പെടുത്തി പോകുന്നു. സ്റ്റേഷനിലേക്ക് ദിനം പ്രതി വിളിപ്പിച്ചു ചോദ്യം ചെയ്യുന്നു. മകളെ കാണാനില്ലെന്ന് പരാതി കൊടുത്തതാണ് ഞങ്ങള്‍ ചെയ്ത അപരാധം. നിങ്ങളെങ്കിലും അവരോട് പറയൂ….( ഇതും പറഞ്ഞ് കുടുംബനാഥന് ബാബു കരയാന്‍ തുടങ്ങി).
ഗുരുപൂരിലെ വജ്ര്ദേവി മഠത്തിലെ രാജശേഖരാനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ ചിലര്‍ ബന്ദ് വാല പോലീസ്റ്റേഷന് ഉപരോധിച്ചു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നില്‍ “ലൗജിഹാദി”കളാണെന്നായിരുന്നു സ്വാമികളുടെ ആരോപണം. പെണ്‍കുട്ടിയെ മതംമാറ്റി തീവ്രവാദ ക്യാമ്പുകളിലേക്ക റിക്രൂട്ട് ചെയ്തതാണെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ അനിതയും മോഹന്‍കുമാറിന്റെ ഇരയാക്കപ്പെടുകയാണെന്ന് പിന്നീടാണ് വ്യക്തമായത്.
(2009 ഒക്ടോബര്‍ 25ന് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചത്)