ശ്രീനഗര്‍: കശ്മീരില്‍ മതേതര കാര്‍ഡുമായി ശിവസേനയുടെ ആദ്യ പത്രസമ്മേളനം. ബാല്‍താക്കറെയുടെ ജീവിതകഥ പറയുന്ന സിനിമയില്‍ നവാസുദ്ദീന്‍ സിദ്ദീഖി താക്കറെയെ അവതരിപ്പിച്ചത് ശിവസേനയുടെ മതേതര നിലപാടിന്റെ ഭാഗമാണെന്ന് ശിവസേന പാര്‍ട്ടി ജനറല്‍ സെക്രട്ടറി മിനേഷ് സാഹനി.
താഴ്‌വരയില്‍ സമാധാനം കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നു. ഹിന്ദുക്കളെന്നും മുസ്‌ലിംങ്ങളെന്നും വേര്‍തിരിച്ച് ജമ്മുവിനെയും കശ്മീരിനെയും വേര്‍തിരിക്കാന്‍ ശ്രമിക്കുന്നതായും മിനേഷ് സാഹനി പറഞ്ഞു.
കശ്മീരി വിഘടനവാദി നേതാക്കളെ ജമ്മുവിലും മറ്റു സംസ്ഥാനങ്ങളിലും അക്രമിച്ച ചരിത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പുതിയ അധ്യായം തുടങ്ങാന്‍ ആഗ്രഹിക്കുന്നതായി സാഹനി പറഞ്ഞു.
‘സംഘടനയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന ആളുകള്‍ എപ്പോഴുമുണ്ടാകും. ഈ പഴയ കാര്യങ്ങളൊക്കെ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഞങ്ങളിവിടെ വരുമായിരുന്നില്ല’ സാഹനി പറഞ്ഞു. റമദാനില്‍ കശ്മീരില്‍ വെടിനിര്‍ത്തലുണ്ടാവണമെന്നും ശിവസേന നേതാവ് പറഞ്ഞു.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്ക്ള്‍ 370 എടുത്തു കളയാന്‍ രാഷ്ട്രീയക്കാര്‍ വിചാരിച്ചാല്‍ കഴിയില്ലെന്നും ജമ്മുകശ്മീര്‍ നിയമസഭയ്ക്ക് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂവെന്നും ശിവസേന നേതാവ് പറഞ്ഞു. മോദിയും മെഹബൂബ മുഫ്തിയും ആര്‍ട്ടിക്ക്ള്‍ 370 വിഷയത്തില്‍ രാഷ്ട്രീയം കളിയ്ക്കുകയാണെന്നും ശിവസേന ആരോപിച്ചു.