World News
അയാള്‍ എങ്ങനെയാണ് അധികാരത്തിലെത്തിയതെന്ന് ഈ ലോകം മുഴുവനറിയാം, ഇന്ത്യയില്‍ അയാളെ വിളിക്കുന്നത് കളിപ്പാവയെന്നാണ്: നവാസ് ഷെരീഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 25, 03:45 am
Saturday, 25th December 2021, 9:15 am

ലാഹോര്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇമ്രാന്‍ ഖാനെ ഇന്ത്യയില്‍ കളിപ്പാവയെന്നും അമേരിക്കയില്‍ ഒരു മേയറുടെ അത്രപോലും അധികാരമില്ലാത്ത നേതാവെന്നുമാണ് വിളിക്കുന്നത് എന്നായിരുന്നു ഷെരീഫ് പറഞ്ഞത്.

ലാഹോറില്‍ വെച്ച് നടന്ന പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്-നവാസ് (പി.എം.എല്‍-എന്‍) പാര്‍ട്ടിയുടെ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നവാസ് ഷെരീഫ്.

”ഇന്ത്യയില്‍ ഇമ്രാന്‍ ഖാനെ വിളിക്കുന്നത് കളിപ്പാവയെന്നാണ്. അയാള്‍ക്ക് ഒരു മേയറുടെ അത്രപോലും അധികാരമില്ലെന്നാണ് അമേരിക്കയില്‍ പറയപ്പെടുന്നത്.

അയാള്‍ എങ്ങനെയാണ് അധികാരത്തിലെത്തിയതെന്ന് ഈ ലോകത്തിന് മുഴുവന്‍ അറിയാം എന്നതാണ് അതിന് കാരണം.

ജനങ്ങളുടെ വോട്ട് നേടിയല്ല അയാള്‍ അധികാരത്തിലെത്തിയത്. മറിച്ച് സൈന്യത്തിന്റെ സഹായത്തോട് കൂടിയാണ്,” നവാസ് ഷെരീഫ് പറഞ്ഞു.

2018ല്‍ സൈന്യത്തിന്റെ സഹായത്തോട് കൂടിയായിരുന്നു ഖാന്റെ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അധികാരത്തിലെത്തിയതെന്നും നവാസ് ഷെരീഫ് പറയുന്നു.

നവാസ് ഷെരീഫിന്റെ കീഴിലുള്ള മുന്‍ സര്‍ക്കാര്‍ ഐ.എം.എഫ് (ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും പണം കടമെടുത്തതിനെ ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചിരുന്നതിനെയും നവാസ് ഷെരീഫ് എടുത്ത് പറയുന്നുണ്ട്.

”ഈ മനുഷ്യന്‍ പറഞ്ഞിരുന്നത്, ഐ.എം.എഫിനടുത്ത് പണത്തിന് വേണ്ടി പോകുന്നതിനെക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുന്നതാണ് എന്നായിരുന്നു. എന്നാല്‍ ഇയാള്‍ എപ്പോളാണ് ഇനി ആത്മഹത്യ ചെയ്യുന്നത് എന്നണ് ഇപ്പോള്‍ നമ്മള്‍ കാത്തിരിക്കുന്നത്.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി ലണ്ടനിലാണ് നവാസ് ഷെരീഫ് ഉള്ളത്. പാകിസ്ഥാനില്‍ രണ്ട് അഴിമതിക്കേസുകളില്‍ പ്രതിയായ ഷെരീഫ് 2019 മുതല്‍ ലണ്ടനില്‍ തന്നെയാണുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nawaz Sharif says Pakistan PM Imran Khan is called ‘puppet’ in India