അധികാരത്തിലിരുന്ന അവസാന നിമിഷം വരെ ഇമ്രാന്‍ ഖാന്‍ സൈന്യത്തോട് ഇക്കാര്യം യാചിച്ചിരുന്നു; നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ്
World News
അധികാരത്തിലിരുന്ന അവസാന നിമിഷം വരെ ഇമ്രാന്‍ ഖാന്‍ സൈന്യത്തോട് ഇക്കാര്യം യാചിച്ചിരുന്നു; നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th April 2022, 3:10 pm

ലാഹോര്‍: പാകിസ്ഥാന്റെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അവസാനനിമിഷം വരെ ശ്രമിച്ചിരുന്നതായി മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് (നവാസ്) നേതാവുമായ മറിയം നവാസ്.

അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഇമ്രാന്‍ പരമാവധി ശ്രമിച്ചിരുന്നെന്നും സൈന്യത്തോട് തന്റെ സര്‍ക്കാരിനെ രക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് യാചിച്ചിരുന്നെന്നുമാണ് മറിയം നവാസ് പറഞ്ഞത്.

”ഇമ്രാന്‍ ഖാന്‍ വളരെ നിരാശനായിരുന്നു. അധികാരത്തില്‍ തുടര്‍ന്ന അവസാന നിമിഷം വരെ, തന്റെ സര്‍ക്കാരിനെ രക്ഷിക്കണമെന്ന് സൈന്യത്തോട് യാചിച്ചിരുന്നു.

തനിക്കെതിരെ അവിശ്വാസ പ്രമേയം വന്ന പശ്ചാത്തലത്തില്‍, മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയോട് സഹായവും അഭ്യര്‍ത്ഥിച്ചിരുന്നു,” പി.എം.എല്‍- എന്‍ വൈസ് പ്രസിഡന്റ് കൂടിയായ മറിയം നവാസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ലാഹോറില്‍ നടന്ന വര്‍ക്കേഴ്‌സ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മറിയം നവാസ്.

എന്നാല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലോ അത് സംബന്ധിച്ച മറ്റ് കാര്യങ്ങളിലോ സൈന്യം ഇടപെട്ടിരുന്നില്ല.

ഏപ്രില്‍ 10നായിരുന്നു അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടത്. തുടര്‍ന്ന് നവാസ് ഷെരീഫിന്റെ സഹോദരനും പി.എം.എല്‍- എന്‍ നേതാവുമായ ഷെഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുകയായിരുന്നു.

അതേസമയം, നിലവില്‍ ഇംഗ്ലണ്ടിലുള്ള നവാസ് ഷെരീഫിന് പാകിസ്ഥാനിലെ ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍ പുതിയ പാസ്‌പോര്‍ട്ട് അനുവദിച്ചിട്ടുണ്ട്. 2032 ഏപ്രില്‍ വരെ, പത്ത് വര്‍ഷത്തേക്കായിരിക്കും പാസ്‌പോര്‍ട്ടിന് സാധുത.

ഇതോടെ, വൈകാതെ നവാസ് ഷെരീഫ് പാകിസ്ഥാനിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാകിസ്ഥാനില്‍ അഴിമതിക്കേസുകളില്‍ പ്രതിയായ 72കാരനായ നവാസ് ഷെരീഫ് 2019 മുതല്‍ ലണ്ടനിലാണുള്ളത്. ലണ്ടനില്‍ ചികിത്സയ്ക്കായി പോയ നവാസ് ഷെരീഫിന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ കാലത്ത് റജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസുകളുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരികെ വരാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.

പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഈദിന് ശേഷം നവാസ് ഷെരീഫ് നയതന്ത്ര പാസ്‌പോര്‍ട്ട് വഴി പാകിസ്ഥാനില്‍ തിരിച്ചെത്താനാണ് സാധ്യത.

Content Highlight: Nawaz Sharif’s daughter Maryam Nawaz says Imran Khan begged Pak Army till Last minute to save his government