ലണ്ടന്‍: പി.എം.എല്‍-എന്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിന് പാകിസ്ഥാന്‍ സര്‍ക്കാര്‍ പുതിയ പാസ്പോര്‍ട്ട് അനുവദിച്ചു. ഇതോടെ നവാസ് ഷെരീഫിന് പാകിസ്ഥാനിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് വിദേശ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുതിയ പാസ്പോര്‍ട്ടിന് 10 വര്‍ഷത്തേക്ക് സാധുതയുണ്ട്(2032 ഏപ്രില്‍ വരെ). പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ തന്റെ സഹോദരനും പാക് മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിന് നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കുന്നതിന് ഷെഹബാസ് ഷെരീഫ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാസ്പോര്‍ട്ട് അനുവദിച്ചിരിക്കുന്നത്.
പാകിസ്ഥാനില്‍ അഴിമതിക്കേസുകളില്‍ പ്രതിയായ 72കാരനായ നവാസ് ഷെരീഫ് 2019 മുതല്‍ ലണ്ടനിലാണുള്ളത്. ലണ്ടനില്‍ ചികിത്സയ്ക്കായി പോയ നവാസ് ഷെരീഫിന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ കാലത്ത് റജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസുകളുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരികെ വരാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.
ചൊവ്വാഴ്ചയായിരുന്നു നവാസ് ഷെരീഫിന് പുതിയ നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവന്നിരുന്നത്.
പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഈദിന് ശേഷം നവാസ് ഷെരീഫ് നയതന്ത്ര പാസ്പോര്‍ട്ട് വഴി പാകിസ്ഥാനില്‍ തിരിച്ചെത്താനാണ് സാധ്യത.
2017ലായിരുന്നു പനാമ പേപ്പര്‍ കേസുകളില്‍ പെട്ടതിന് പിന്നാലെ പാകിസ്ഥാന്‍ സുപ്രീംകോടതി നവാസ് ഷെരീഫിനോട് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കാന്‍ ആവശ്യപ്പെട്ടത്.
പിന്നാലെ അധികാരമേറ്റെടുത്ത ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ നവാസ് ഷെരീഫിനെതിരെ നിരവധി അഴിമതിക്കേസുകള്‍ ചാര്‍ജ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു.
എന്നാല്‍ 2019ല്‍ ചികിത്സക്കായി വിദേശത്ത് പോകുന്നതിന് നവാസ് ഷെരീഫിന് ലാഹോര്‍ ഹൈക്കോടതി അനുമതി നല്‍കി. ഇതോടെ നവാസ് ലണ്ടനിലേക്ക് രക്ഷപ്പെടുകയുമായിരുന്നു.
അതേസമയം, ഏപ്രില്‍ 11നായിരുന്നു പാകിസ്ഥാന്റെ 23ാമത് പ്രധാനമന്ത്രിയായി ഷെഹബാസ് ഷെരീഫ് സ്ഥാനമേറ്റെടുത്തത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തായതിന് പിന്നാലെയായിരുന്നു ഇത്.