| Monday, 23rd July 2018, 11:24 am

ഇന്ത്യയടക്കം എല്ലാവരും ആഗ്രഹിക്കുന്നത് ദുര്‍ബലമായ പാക് സര്‍ക്കാരിനെ: നവാസ് ഷരീഫ് സംരക്ഷിച്ചത് ഇന്ത്യയുടെ താല്‍പര്യങ്ങളെന്നും ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: ജയിലിലടയ്ക്കപ്പെട്ട മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് സംരക്ഷിക്കാന്‍ ശ്രമിച്ചത് ഇന്ത്യയുടെ താല്‍പര്യങ്ങളെയാണെന്ന് തെഹ്‌രീഖ് ഇ ഇന്‍സാഫ് ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍. ജൂലായ് 25നു നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിക്കാനാണ് നവാസിന്റെ ശ്രമമെന്നും ഇമ്രാന്‍ ആരോപിക്കുന്നു.

കറാച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് പൊതുതെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും, നവാസും മറ്റുള്ളവരുമാണ് ഈ ഗൂഢാലോചനയ്ക്കു പിന്നിലെന്നും ഇമ്രാന്‍ പ്രസ്താവിച്ചത്.

“തന്റെ പാര്‍ട്ടി ഉറപ്പായും തോല്‍വി നേരിടുമെന്ന തിരിച്ചറിവുണ്ടായതോടെ, തെരഞ്ഞെടുപ്പില്‍ വലിയ വഞ്ചനയാണ് നടക്കാന്‍ പോകുന്നതെന്നും അദ്ദേഹം ആരോപിക്കാനാരംഭിച്ചിട്ടുണ്ട്.” ഇമ്രാന്‍ ഖാന്‍ പറയുന്നു. “ഇന്ത്യന്‍ മാധ്യമങ്ങളും ഇത്തരത്തിലുള്ള വാര്‍ത്തകളാണ് നല്‍കുന്നത്. പാകിസ്ഥാനില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ കള്ളക്കളികള്‍ നടക്കുന്നുണ്ടെന്നാണ് അവരും പറയുന്നത്. രാജ്യത്തിനെതിരെ നടക്കുന്ന വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണിത്.”


Also Read: ഇന്ത്യക്കാര്‍ വാഗാ അതിര്‍ത്തിയില്‍ വന്നു പാകിസ്ഥാനികളെ യജമാനനെന്നു വിളിക്കും; സാധിച്ചില്ലെങ്കില്‍ എന്നെ പേരു മാറ്റി വിളിച്ചോളൂ: ഷെഹബാസ് ഷരീഫ്


പാകിസ്ഥാനിലെ സായുധ സേനയെയും മറ്റു സ്ഥാപനങ്ങളെയും താറടിച്ചു കാണിക്കാന്‍ മാത്രമേ നവാസ് ഷരീഫ് എപ്പോഴും ശ്രമിച്ചിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഡോണ്‍ പത്രത്തിലെ ചോര്‍ത്തലുകള്‍ വഴിയും മുംബൈ തീവ്രവാദ ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാനില്‍ നിന്നുള്ള സംഘങ്ങളാണെന്നു സ്ഥാപിക്കുക വഴിയും അദ്ദേഹം അതിനാണ് ശ്രമിച്ചത്.”

ഇന്ത്യയടക്കം എല്ലാ അന്താരാഷ്ട്ര ശക്തികള്‍ക്കും പാകിസ്ഥാനില്‍ ദുര്‍ബലമായ സര്‍ക്കാര്‍ നിലവില്‍ വരണമെന്നാണ് ആഗ്രഹം. അതിനാലാണ് അവര്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് അസ്ഥാനത്തുള്ള സംശയങ്ങള്‍ ഉയര്‍ത്തുന്നത്. റോബോട്ടുകളെപ്പോലെ നിയന്ത്രിക്കാനാവുന്ന സര്‍ക്കാരിനെയാണ് അവര്‍ക്കിവിടെ വേണ്ടത്. പക്ഷേ ഇതു സാധിക്കാന്‍ പോകുന്നില്ല. പാകിസ്ഥാനിലെ ജനങ്ങള്‍ക്കാവശ്യം യഥാര്‍ത്ഥ ജനാധിപത്യമാണ്. തെരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നത് മാറ്റത്തിന്റെ കാറ്റാണ്, ഇമ്രാന്‍ ഖാന്‍ പറയുന്നു.

തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇമ്രാന്‍ പങ്കെടുക്കുന്ന അവസാന റാലിയായിരുന്നു കറാച്ചിയിലേത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും മകള്‍ മറിയവും അഴിമതിയാരോപണക്കേസില്‍ റാവല്‍പിണ്ടി ജയിലില്‍ തടവുശിക്ഷയനുഭവിക്കുകയാണ്.

We use cookies to give you the best possible experience. Learn more