| Wednesday, 31st March 2021, 9:33 pm

മമതയുടെ കത്ത് ഫലം കണ്ടു; പിന്തുണ മമത ബാനര്‍ജിയ്ക്ക് തന്നെയെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പിയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ സഹായമാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെഴുതിയ കത്ത് ഫലം കണ്ടു. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മമതയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് പ്രഖ്യാപിച്ച് എന്‍.സി.പി നേതാവ് നവാബ് മാലിക് രംഗത്തെത്തി.

ഏപ്രില്‍ ഒന്ന് മുതല്‍ 3 വരെയുള്ള തിയതികളില്‍ ബംഗാളില്‍ മമതയ്ക്കായി ശരദ് പവാര്‍ പ്രചാരണം നടത്താനിരിക്കുകയായിരുന്നുവെന്നും അതിനിടയിലാണ് അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും നവാബ് പറഞ്ഞു.

അതിന് മുമ്പ് പവാര്‍ ആശുപത്രി വിടുകയാണെങ്കില്‍ തീര്‍ച്ചയായും ബംഗാളില്‍ പ്രചാരണത്തിനായി എത്തുമെന്നും നവാബ് മാലിക് കൂട്ടിച്ചേര്‍ത്തു.

‘പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തത്തിയിരുന്നു. ഞങ്ങള്‍ അവരെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. ബംഗാളില്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 1-3വരെ പ്രചാരണം സംഘടിപ്പിച്ചിരുന്നതാണ്. എന്നാല്‍ അദ്ദേഹത്തിന് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നം കാരണം നീട്ടിവെയ്ക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം ആശുപത്രി വിട്ടാല്‍ ബംഗാളില്‍ മമതയ്്ക്കായി പ്രചരണത്തിനെത്തും,’ നവാബ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ബി.ജെ.പി സ്വാധീനം അവസാനിപ്പിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള ബി.ജെ.പി ഇതര നേതാക്കള്‍ക്കാണ് മമത ബാനര്‍ജി കത്തയച്ചത്.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ക്കാണ് മമത കത്തയച്ചത്.

‘ബി.ജെ.പി ആക്രമണങ്ങള്‍ക്കെതിരെ പോരാടാനും ഭരണഘടനയെ സംരക്ഷിക്കാനുമായി ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ട സമയമായെന്ന് എനിക്ക് തോന്നുന്നു,’ എന്ന് മമത ട്വിറ്ററിലെഴുതി.

അതേസമയം മാര്‍ച്ച് 27 നാണ് ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്. 70 ശതമാനത്തിലേറെ പോളിംഗാണ് ഒന്നാംഘട്ടത്തില്‍ രേഖപ്പെടുത്തിയത്.

ഞായറാഴ്ച മുതല്‍ മമത നന്ദിഗ്രാമില്‍ ക്യാംപ് ചെയ്യുകയാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണം അവസാനിപ്പിക്കേണ്ട അവസാന ദിവസം മാര്‍ച്ച് 30 ആയിരുന്നു. 39 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍  വോട്ടെടുപ്പ് നടക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Nawab Malik Supports Mamatha Banerjee

We use cookies to give you the best possible experience. Learn more