| Saturday, 17th April 2021, 11:04 pm

കൊവിഡിലും രാഷ്ട്രീയം കളിച്ച് കേന്ദ്രസര്‍ക്കാര്‍; മഹാരാഷ്ട്രയ്ക്ക് കൊവിഡിനുള്ള മരുന്ന് നല്‍കിയാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് കമ്പനികള്‍ക്ക് ഭീഷണിയെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതരാരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. കൊവിഡിനെതിരെ ഉപയോഗിക്കുന്ന റെംഡെസിവിര്‍ എന്ന മരുന്ന് മഹാരാഷ്ട്രയ്ക്ക് നല്‍കരുതെന്ന് മരുന്ന് കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് നവാബ് മാലിക്കിന്റെ ആരോപണം.

16 എക്‌സ്‌പോര്‍ട്ട് കമ്പനികളോട് സംസ്ഥാന സര്‍ക്കാര്‍ റെംഡെസിവിര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മരുന്നാവശ്യപ്പെട്ടാല്‍ നല്‍കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് മറുപടി ലഭിച്ചതെന്ന് നവാബ് മാലിക് ആരോപിച്ചു. നിര്‍ദ്ദേശം മറികടന്ന് മഹാരാഷ്ട്രയ്ക്ക് മരുന്ന് നല്‍കിയാല്‍ കമ്പിനികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നവാബ് മാലിക് പറഞ്ഞു.

നിലവില്‍ 12,000 മുതല്‍ 15,000 വരെ റെംഡെസിവിര്‍ ഇഞ്ചക്ഷനുകളുടെ കുറവ് സംസ്ഥാനം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലാണ് 59.79 ശതമാനം കൊവിഡ് രോഗികളുമുള്ളത്. ഇതില്‍ മഹാരാഷ്ട്രയിലാണ് കൂടുതല്‍ രോഗികള്‍. ആകെ രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളില്‍ 27.15 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്.

മഹാരാഷ്ട്രയ്ക്ക് ആവശ്യത്തിന് ഓക്‌സിജന്‍ സിലണ്ടറുകള്‍ നല്‍കില്ലെന്ന് പരാതിപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രംഗത്തെത്തിയിരുന്നു. കൊവിഡ് രോഗികള്‍ക്കുള്ള ഓക്സിജന്‍ സിലിണ്ടറുകളുടെ കുറവ് ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണ്‍ വഴി ഉദ്ദവ് താക്കറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Nawab Malik  says  Central government asked companies to not supply key drug

We use cookies to give you the best possible experience. Learn more