|

ഇതൊരു തുടക്കം മാത്രമാണ്. ഈ സിസ്റ്റം വൃത്തിയാക്കണമെങ്കില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യണം; സമീര്‍ വാങ്കഡെയെ മാറ്റിയതില്‍ പ്രതികരിച്ച് നവാബ് മാലിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കടത്ത് കേസിലെ അന്വേഷണത്തില്‍ നിന്നും എന്‍.സി.ബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി എന്‍.സി.പി നേതാവ് നവാബ് മാലിക്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു മാലികിന്റെ പ്രതികരണം.

”ആര്യന്‍ ഖാന്റേത് ഉള്‍പ്പെടെ അഞ്ച് കേസുകളില്‍ നിന്നും സമീര്‍ വാങ്കഡെയെ മാറ്റി. ഇത്തരത്തില്‍ 26 കേസുകളുണ്ട്. എല്ലാത്തിലും അന്വേഷണം ആവശ്യമാണ്.

ഇത് ഒരു തുടക്കം മാത്രമാണ്. ഈ സിസ്റ്റം വൃത്തിയാക്കിയെടുക്കണമെങ്കില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ട്. നമ്മള്‍ അതെല്ലാം ചെയ്യും,” നവാബ് മാലിക് ട്വിറ്ററില്‍ കുറിച്ചു.

ആര്യന്‍ ഖാനെതിരായ കേസ് സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള എന്‍.സി.ബിയുടെ പ്രത്യേക അന്വേഷണ സംഘമാണ് ഇനി അന്വേഷിക്കുക.

വാങ്കഡെയ്‌ക്കെതിരായ ആരോപണങ്ങളുള്‍പ്പെട്ട കത്ത് പുറത്തുവിട്ടത് നവാബ് മാലികായിരുന്നു. ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാം പാല്‍ എന്നീ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് കത്തില്‍ പറയുന്നതായി നവാബ് മാലിക് ആരോപിച്ചിരുന്നു.

കൃത്രിമ തെളിവുകള്‍ ഉണ്ടാക്കി അഭിഭാഷകനായ അയാസ് ഖാന്‍ വഴിയാണ് പണം കൈപ്പറ്റിയതെന്നും പറയുന്നു.

ലഹരി മരുന്ന് ഇടപാടുകാരുമായി വാങ്കഡെയ്ക്ക് ബന്ധമുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. 26 കേസുകളുടെ വിവരങ്ങള്‍ കത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കത്ത് എന്‍.സി.ബി തലവന് കൈമാറുമെന്നാണ് വിവരം.

കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെ സമീര്‍ വാങ്കഡെയ്‌ക്കെതിരെ എന്‍.സി.ബി. അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content highlight: Nawab Malik reaction on Sameer Wankhede’s removal from Aryan Khan case