മുംബൈ: ഗായകന്‍ അദ്‌നന്‍ സമിക്ക് പദ്മശ്രീ അവാര്‍ഡ് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പരിഹാസവുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്.
പാകിസ്ഥാനില്‍ നിന്നുള്ള ആരെങ്കിലും ജയ് മോദി എന്ന് വിളിക്കാന്‍ തയ്യാറായാല്‍ അദ്ദേഹത്തിന് രാജ്യത്തിന്റെ പൗരത്വം മാത്രമല്ല പത്മശ്രീ അവാര്‍ഡ് വരെ ലഭിക്കുമെന്ന് കാണിച്ചുതന്നിരിക്കുകയാണ് മോദി സര്‍ക്കാരെന്നും ഇത് രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതാണെന്നും നവാബ് മാലിക് പറഞ്ഞു.
സി.എ.എക്കെതിരെ നടക്കുക്കുന്ന പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് ഈ രാജ്യം. അന്താരാഷ്ട്ര തലത്തില്‍ വരെ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമായി കഴിഞ്ഞു. ഈ പരിക്കില്‍ നിന്നും പുറത്തുകടക്കാനുള്ള ഒരു തന്ത്രം മാത്രമാണ് അദ്‌നാന്‍ സമിക്ക് പദ്മശ്രീ നല്‍കിയതിലൂടെ സര്‍ക്കാര്‍ നടത്തിയത്.
ഇത് ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കലാണ്. പദ്മ അവാര്‍ഡിന് പരിഗണിക്കാന്‍ പറ്റുന്ന മുസ്‌ലീങ്ങളൊന്നും ഇന്ത്യയില്‍ ഉണ്ടായിരുന്നില്ലേ? പാക്കിസ്ഥാനില്‍ നിന്നുള്ള മുസ്‌ലിമിന് പൗരത്വം മാത്രമല്ല വേണമെങ്കില്‍ പദ്മ അവാര്‍ഡ് തന്നെ നല്‍കാന്‍ തയ്യാറാണെന്ന് കാണിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമം മാത്രമാണ് ഇതെന്നും നവാബ് മാലിക് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പാകിസ്ഥാനില്‍ നിന്ന് എത്തിയ മുസ്‌ലിം ഗായകന്‍ അദ്‌നാന്‍ സമിക്ക് പൗരത്വവും പദ്മശ്രീയും നല്‍കാമെങ്കില്‍ പിന്നെ എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ചോദിച്ചിരുന്നു.
സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് പറഞ്ഞതിന്റെ പേരില്‍ ഒരിക്കല്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ച ബി.ജെ.പിക്കാര്‍ ഇപ്പോള്‍ പൗരത്വപ്രക്ഷോഭം കത്തുമ്പോള്‍ അത് തണുപ്പിക്കാനാണ് അദ്ദേഹത്തിന് പദ്മശ്രീ നല്‍കിയതെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.
സമിക്ക് പദ്മശ്രീ നല്‍കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗിലും രംഗത്തെത്തിയിരുന്നു. കാര്‍ഗില്‍ യുദ്ധ ജേതാവും മുന്‍ കരസേന ഉദ്യോഗസ്ഥനുമായ അസം സ്വദേശി മുഹമ്മദ് സനാവുള്ളയെ എന്‍.ആര്‍.സിയിലൂടെ വിദേശിയാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഒരു പാക് വ്യോമസേനാ ഉദ്യോഗസ്ഥന്റെ മകനായ അദ്‌നന്‍ സമിയെ ആദരിച്ചതില്‍ അദ്ഭുതം തോന്നുന്നുവെന്നായിരുന്നു ജയ്‌വീര്‍ ഷെര്‍ഗിലിന്റെ പരിഹാസം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ 118 പദ്മശ്രീ ജേതാക്കളുടെ പട്ടികയില്‍ അദ്‌നന്‍ സമിയുമുണ്ടായിരുന്നു. സ്വദേശം മഹാരാഷ്ട്ര എന്നായിരുന്നു പട്ടികയില്‍ അടയാളപ്പെടുത്തിയിരുന്നത്.
പാകിസ്ഥാനിലെ മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥരിലൊരാളുടെ മകനായ അര്‍ഷദ് സമി ഖാന്റെ മകനാണ് അദ്‌നന്‍ സമി. 2015-ല്‍ പൗരത്വത്തിന് അപേക്ഷിച്ച അദ്ദേഹത്തിന്റെ അപേക്ഷ 2016 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.