മുംബൈ: ഗായകന്‍ അദ്‌നന്‍ സമിക്ക് പദ്മശ്രീ അവാര്‍ഡ് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പരിഹാസവുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്.
പാകിസ്ഥാനില്‍ നിന്നുള്ള ആരെങ്കിലും ജയ് മോദി എന്ന് വിളിക്കാന്‍ തയ്യാറായാല്‍ അദ്ദേഹത്തിന് രാജ്യത്തിന്റെ പൗരത്വം മാത്രമല്ല പത്മശ്രീ അവാര്‍ഡ് വരെ ലഭിക്കുമെന്ന് കാണിച്ചുതന്നിരിക്കുകയാണ് മോദി സര്‍ക്കാരെന്നും ഇത് രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതാണെന്നും നവാബ് മാലിക് പറഞ്ഞു.
സി.എ.എക്കെതിരെ നടക്കുക്കുന്ന പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് ഈ രാജ്യം. അന്താരാഷ്ട്ര തലത്തില്‍ വരെ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമായി കഴിഞ്ഞു. ഈ പരിക്കില്‍ നിന്നും പുറത്തുകടക്കാനുള്ള ഒരു തന്ത്രം മാത്രമാണ് അദ്‌നാന്‍ സമിക്ക് പദ്മശ്രീ നല്‍കിയതിലൂടെ സര്‍ക്കാര്‍ നടത്തിയത്.
ഇത് ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കലാണ്. പദ്മ അവാര്‍ഡിന് പരിഗണിക്കാന്‍ പറ്റുന്ന മുസ്‌ലീങ്ങളൊന്നും ഇന്ത്യയില്‍ ഉണ്ടായിരുന്നില്ലേ? പാക്കിസ്ഥാനില്‍ നിന്നുള്ള മുസ്‌ലിമിന് പൗരത്വം മാത്രമല്ല വേണമെങ്കില്‍ പദ്മ അവാര്‍ഡ് തന്നെ നല്‍കാന്‍ തയ്യാറാണെന്ന് കാണിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമം മാത്രമാണ് ഇതെന്നും നവാബ് മാലിക് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പാകിസ്ഥാനില്‍ നിന്ന് എത്തിയ മുസ്‌ലിം ഗായകന്‍ അദ്‌നാന്‍ സമിക്ക് പൗരത്വവും പദ്മശ്രീയും നല്‍കാമെങ്കില്‍ പിന്നെ എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ചോദിച്ചിരുന്നു.