ഇ.ഡി അറസ്റ്റ് ചെയ്ത നവാബ് മാലിക്കിന്റെ ബി.ജെ.പിയെ ചൊടിപ്പിച്ച മൂന്ന് നടപടികള്‍
national news
ഇ.ഡി അറസ്റ്റ് ചെയ്ത നവാബ് മാലിക്കിന്റെ ബി.ജെ.പിയെ ചൊടിപ്പിച്ച മൂന്ന് നടപടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd February 2022, 6:48 pm

മുംബൈ: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു. പോരാടി വിജയിക്കുമെന്നും എല്ലാവരെയും തുറന്നുകാട്ടുമെന്നും(ലഡേങ്കെ…, ജീതേങ്കെ… സബ്കോ എക്സ്പോസ് കരേങ്കെ..) എന്നാണ് അറസ്റ്റിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാഹനത്തില്‍ ആരോഗ്യ പരിശോധനക്കായി പോകവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് മൂന്ന് മണിയോടെയാണ് നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. മുംബൈ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഉള്‍പ്പെട്ട കള്ളപ്പണ കേസിലാണ് മന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്തത്.

ആരാണ് നവാബ് മാലിക്

എന്‍.സി.പി മുംബൈ പ്രസിഡന്റും നിലവില്‍ ശിവസേന നയിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാറില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമാണ് 62 കാരനായ നവാബ് മാലിക്. അഞ്ചുവട്ടം എം.എല്‍.എയായ നവാബ് മാലിക് എന്‍.സി.പിയുടെ ദേശീയ വക്താവാണ്.

ഇ.ഡിയുടെ ആരോപണം

1993ലെ സ്‌ഫോടന പരമ്പര കേസ് പ്രതിയുമായി നവാബ് മാലിക് ഭൂമി ഇടപാട് നടത്തിയെന്ന് ഇ.ഡി ആരോപിക്കുന്നു. ദാവൂദ് ഇബ്രാഹിം, സഹായികളായ ചോട്ടാ ഷക്കീല്‍, പര്‍ക്കര്‍, ഇക്ബാല്‍ മിര്‍ച്ചി എന്നിവര്‍ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളുമായി മന്ത്രി നവാബ് മാലിക്കിന് ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും മുമ്പ് ആരോപിച്ചിരുന്നു. ഇതിനുളള രേഖകള്‍ തന്റെ കയ്യിലുണ്ട്. പൊലീസിനോ എന്‍.ഐ.എക്കോ താന്‍ തെളിവുകള്‍ നല്‍കാമെന്നും ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവരുമോ?

നവാബ് മാലിക് മന്ത്രിസ്ഥാനം രാജി വെച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്‍.സി.പി തലവന്‍ ശരദ് പവാര്‍ പാര്‍ട്ടിയുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടിയന്തര മന്ത്രിസഭായോഗവും സംഭവത്തെതുര്‍ന്ന് വിളിച്ചിരുന്നു.

ബി.ജെ.പിയോടും കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം പോരാടിയ രാഷ്ട്രീയ നേതാവുകൂടിയാണ് നവാബ് മാലിക്. ബി.ജെ.പിയെ ശത്രുപക്ഷത്ത് നിർത്തിയുള്ള അദ്ദേഹത്തിന്റെ മൂന്ന് ഇടപെടലുകൾ നോക്കാം.

1. അധികാരത്തില്‍ തിരിച്ചെത്താമെന്നത് ബി.ജെ.പിയുടെ സ്വപ്നം മാത്രം

മഹാരാഷ്ട്രയില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്നത് ബി.ജെ.പിയുടെ സ്വപ്നം മാത്രമാണെന്ന് നവാബ് മാലിക് മുമ്പ് പറഞ്ഞിരുന്നു. മഹാ വികാസ് അഘാഡി സഖ്യം അഞ്ച് വര്‍ഷമല്ല, 25 വര്‍ഷത്തേക്കാണ്. ഫഡ്നാവിസിന്റെ പ്രവചനവും ചന്ദ്രകാന്ത് പാട്ടീലിന്റെ സ്വപ്നവും പോലെ നാരയണ്‍ റാണയുടെ പ്രാര്‍ത്ഥനയും പരാജയപ്പെടുമെന്നും നവാബ് മാലിക് പറഞ്ഞിരുന്നു.

അടുത്ത വര്‍ഷം മാര്‍ച്ചോടെ മഹാരാഷ്ട്ര ഭരണം ബി.ജെ.പി പിടിക്കുമെന്ന് കേന്ദ്രമന്ത്രി നാരയണ്‍ റാണയുടെ പ്രസ്താവനയോട് പ്രതികരികരിക്കുകയായിരുന്നു അദ്ദേഹം.

2. ആര്യന്‍ ഖാന്‍ കേസില്‍ ബി.ജെ.പിക്കെതിരെ നടത്തിയ ആരോപണം

ആര്യന്‍ ഖാനെതിരായ കേസിന് പിന്നില്‍ ബി.ജെ.പി നേതാവാണെന്ന് നവാബ് മാലിക് ആരോപിച്ചിരുന്നു. ആര്യനെ തട്ടിക്കൊണ്ടുപോകാനും മോചനദ്രവ്യം ആവശ്യപ്പെടാനുമായിരുന്നു പദ്ധതി. ബി.ജെ.പി നേതാവ് മോഹിത് കംബോജാണ് ഗൂഢാലോചനയുടെ സൂത്രധാരന്‍.

എന്‍.സി.ബി മുംബൈ സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാംഖഡെയുമായി ചേര്‍ന്ന് പണം തട്ടാനായിരുന്നു പദ്ധതിയെന്നും നവാബ് മാലിക് ആരോപിച്ചിരുന്നു.

ബോളിവുഡിലെ ലഹരിവേട്ട ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബോളിവുഡിന്റെ കേന്ദ്രം മുംബൈയിൽ നിന്ന് മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും നവാബ് മാലിക് ആരോപിച്ചു.

നോയിഡയിൽ ഫിലിം സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിനിമരംഗത്തെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.

3. മരണ സര്‍ട്ടിഫിക്കറ്റുകളിലും മോദിയുടെ ചിത്രം വേണം

രാജ്യത്ത് കൊവിഡ് മരണനിരക്ക് വര്‍ധിച്ചിരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായും നവാബ് മാലക്ക് രംഗത്തെത്തിയിരുന്നു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളുണ്ടെങ്കില്‍ കൊവിഡ് ബാധിച്ചവരുടെ മരണ സര്‍ട്ടിഫിക്കറ്റുകളിലും മോദിയുടെ ചിത്രം നിര്‍ബന്ധമായും വേണമെന്നായിരുന്നു നവാബ് മാലിക്ക് പറഞ്ഞിരുന്നത്.

Maharashtra Minister Nawab Malik Arrested some facts about him