2001ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് നവ്യ നായര്‍. രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി 2002ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ ബാലാമണിയായും നവ്യ എത്തി.
നന്ദനത്തിലെ അഭിനയത്തിലൂടെ നിരവധി അവാര്‍ഡുകള്‍ നേടാന്‍ നവ്യയ്ക്ക് സാധിച്ചിരുന്നു. മികച്ച നടിക്കുള്ള ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നന്ദനത്തിലൂടെ നവ്യ നേടിയിരുന്നു. പഠനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോയതിനെ കുറിച്ച് സംസാരിക്കുകയാണ് നവ്യ നായര്‍.
താന്‍ സിനിമയിലേക്ക് വരുമ്പോള്‍ അച്ഛനും അമ്മക്കും മൂന്ന് കാര്യങ്ങളില്‍ വാക്ക് കൊടുത്തിരുന്നുവെന്നും നടി പറയുന്നു. പ്രേമിച്ച് കല്യാണം കഴിക്കില്ലെന്നും മൊബൈല്‍ ചോദിക്കില്ലെന്നും പഠനം നിര്‍ത്തില്ലെന്നുമുള്ള വാക്കായിരുന്നു നല്‍കിയതെന്നും നവ്യ പറഞ്ഞു. ലെറ്റ്‌സ് ടോക്ക് ലാല എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘പഠനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോയതിനെ കുറിച്ച് ചോദിച്ചാല്‍ അതിനുള്ള ഉത്തരം കൃത്യമായി പറയാന്‍ സാധിക്കുന്നത് അച്ഛനാണ്. ഞാന്‍ ഓരോ ലൊക്കേഷനിലേക്കും പോകുമ്പോള്‍ കയ്യിലുള്ള പുസ്തകങ്ങളൊക്കെ വലിച്ചുവാരി കൊണ്ടുപോകുമായിരുന്നു. രണ്ടുമൂന്ന് പെട്ടി സാധനങ്ങളൊക്കെ കൊണ്ടുപോകാന്‍ ഉണ്ടാകും.
ഒരു പടത്തിന് പോയാല്‍ പിന്നെ ചിലപ്പോള്‍ അടുത്ത പടവും കഴിഞ്ഞാകും തിരിച്ചു വരിക. ആ സമയത്തൊന്നും ഞാന്‍ ആ പുസ്തകങ്ങള്‍ തുറന്നു നോക്കാറില്ല. അപ്പോള്‍ അച്ഛന്‍ സ്ഥിരം ചോദിക്കുന്ന ഒരു കാര്യമുണ്ട്. ‘കിടക്കുമ്പോള്‍ സൈഡില്‍ കൂടെ നിന്റെ തലയില്‍ കയറുകയാണോ’ എന്നാണ് ചോദിക്കുക.
അച്ഛനും അമ്മക്കും ഞാന്‍ സിനിമയിലേക്ക് വരുമ്പോള്‍ വാക്ക് കൊടുത്തിരുന്നു. മൂന്ന് കാര്യങ്ങളിലാണ് ഞാന്‍ വാക്ക് കൊടുത്തത്. അവര് ചോദിച്ചു വാങ്ങിച്ചെടുത്ത വാക്കാണ്. ഒന്നാമത്തേത് ഞാന്‍ പ്രേമിച്ച് കല്യാണം കഴിക്കില്ല എന്നതായിരുന്നു.
രണ്ടാമത്തേത് മൊബൈല്‍ ചോദിക്കില്ല, മൂന്നാമത്തേത് പഠനം നിര്‍ത്തില്ല. അത് ഞാന്‍ പാലിച്ചു. അതുകൊണ്ടാണ് എന്നെ അഭിനയിക്കാന്‍ അനുവദിച്ചത്. പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞപ്പോഴായിരുന്നു ഞാന്‍ ഇഷ്ടം സിനിമയില്‍ അഭിനയിക്കുന്നത്. പിന്നീട് പരീക്ഷയുടെ മുമ്പ് ഒരു മാസമൊക്കെ ബ്രേക്ക് എടുക്കാറാണ്,’ നവ്യ പറഞ്ഞു.
Content Highlight: Navya Nair Talks About Studies And Acting Career