ദേശീയ അവാര്‍ഡിനായി ഇനിയും പരിശ്രമിക്കും: നവ്യ നായര്‍
Film News
ദേശീയ അവാര്‍ഡിനായി ഇനിയും പരിശ്രമിക്കും: നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th April 2023, 5:10 pm

ദേശീയ അവാര്‍ഡിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ ഇനിയും തുടരുമെന്ന് നടി നവ്യ നായര്‍. പല തവണ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ എല്ലാ തവണയും നിരാശയാണ് ലഭിച്ചതെന്നും താരം പറഞ്ഞു. സില്ലി മോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമര്‍ശങ്ങള്‍.

സദ്ഗമയ എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നിട്ട് അത് കിട്ടാതെ പോയപ്പോഴുണ്ടായ വിഷമത്തിലാണ് ഡാന്‍സ് ക്ലാസില്‍ ജോയിന്‍ ചെയ്യാന്‍ പോയതെന്നും അവിടെ നിന്നുമാണ് പൂര്‍ണമായും ഡാന്‍സിലേക്ക് മാറിയതെന്നും കേട്ടിട്ടുണ്ട്. അങ്ങനെ തന്നെയാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

‘അങ്ങനെ തന്നെയാണ്. പിന്നെ പല തവണ ശ്രമിച്ചിട്ടും ദേശീയ അവാര്‍ഡ് കിട്ടാതായപ്പോള്‍ എനിക്ക് ശീലമായി. പല പ്രാവശ്യവും പോവും. കിട്ടില്ല. അവസാനം ഒരുത്തി സിനിമക്കും പോയി. കിട്ടിയില്ല. എല്ലാ പ്രാവശ്യവും അവസാന റൗണ്ട് വരെ പോവും. എന്നാല്‍ ആദ്യമേ തൂക്കി കളഞ്ഞിരുന്നേല്‍ ഈ പ്രശ്‌നം ഉണ്ടാവില്ലായിരുന്നു. അവസാനം വരെ പ്രതീക്ഷ നല്‍കും. പക്ഷേ ഞാന്‍ പരിശ്രമം വിടില്ല. പ്രതീക്ഷ നശിപ്പിക്കും, വീണ്ടും പരിശ്രമിക്കും. ഇനിയും ഞാന്‍ പോവും,’ നവ്യ പറഞ്ഞു.

ജാനകി ജാനേ ആണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന നവ്യയുടെ ചിത്രം. മെയ് 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ജാനകി ജാനേ’. എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സാണ് ജാനകി ജാനേ അവതരിപ്പിക്കുന്നത്.

ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ നിര്‍മിക്കുന്ന ജാനകി ജാനെയില്‍ സൈജു കുറുപ്പ്, ജോണി ആന്റണി, ഷറഫുദ്ധീന്‍, കോട്ടയം നസീര്‍, അനാര്‍ക്കലി, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയാ, സ്മിനു സിജോ, ജോര്‍ജ് കോര, അഞ്ജലി സത്യനാഥ്, സതി പ്രേംജി, ശൈലജ കൊട്ടാരക്കര, അന്‍വര്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: navya nair talks about national award