അഭിനയത്തില്‍ നിന്നും കുറച്ചുകാലം മാറിനിന്നപ്പോഴാണ് ഏതെങ്കിലും കാര്യത്തില്‍ എന്‍ഗേജ്ഡായില്ലെങ്കില്‍ മനസ് മരവിച്ച് പോകുമെന്ന് മനസിലായതെന്ന് നടി നവ്യ നായര്‍. പ്രസവ ശേഷം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്നും അതില്‍ നിന്നും പുറത്ത് വരാന്‍ തന്നെ സഹായിച്ചത് നൃത്തമാണെന്നും നവ്യ നായര്‍ പറഞ്ഞു.
വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്നും കുറച്ചുകാലം താരം മാറി നിന്നിരുന്നു. ആ സമയത്താണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ താന്‍ നേരിട്ടിരുന്നതെന്നും നവ്യ പറഞ്ഞു. പിന്നീട് ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയതിനെ കുറിച്ചും കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ചും നടി സംസാരിച്ചു.
‘അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോഴാണ് ചില കാര്യങ്ങള്‍ മനസിലായത്. എന്തെങ്കിലും കാര്യത്തില്‍ എന്‍ഗേജ്ഡായി നിന്നില്ലെങ്കില്‍ മനസ് മരവിച്ച് പോകുമെന്ന് അന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഞാന്‍ വീണ്ടും ഡാന്‍സിലേക്ക് തിരിയുന്നത്. പ്രസവ ശേഷം എനിക്ക് ശാരീരികവും മാനസികവുമായ ചില മാറ്റങ്ങള്‍ വന്നിരുന്നു.
അതുകൊണ്ട് തന്നെ ആത്മവിശ്വാസം പോലും കുറവായിരുന്നു എന്നുപറയാം. ആ അവസ്ഥയില്‍ നിന്നും മാറാന്‍ എന്നെ സഹായിച്ചത് നൃത്തമാണ്. അങ്ങനെയാണ് മാതംഗി എന്ന നൃത്ത വിദ്യാലയം തുടങ്ങുന്നത്. നൃത്ത വിദ്യാലയം എന്നതിലുപരി കലകളുടെ സമന്വയമായി മാതംഗി മാറണമെന്നാണ് എന്റെ ആഗ്രഹം.
അഭിനയവും പിന്നെ ഡാന്‍സ് സ്‌കൂളുമൊക്കെ വന്നപ്പോള്‍ ജീവിതത്തില്‍ നല്ല തിരക്കുണ്ട്. അതേസമയം കുടുംബത്തിന്റെ കാര്യവും കൃത്യമായി ശ്രദ്ധിക്കാറുണ്ട്. മോന്റെ കാര്യങ്ങളും സന്തോഷേട്ടന്റെ കാര്യങ്ങളുമെല്ലാം ഞാന്‍ നോക്കുന്നുണ്ട്. നമുക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തിരക്കുകള്‍ ഒന്നും പ്രശ്‌നമല്ലാതാകും.
സിനിമയിലൊക്കെ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. റിയലിസ്റ്റിക് സിനിമകളുടെയും കൂടെ സമയമാണിത്. ഒരുത്തീയിലെ കഥാപാത്രം നാച്ചുറലായി ഞാന്‍ ചെയ്തുവെന്നാണ് എല്ലാവരും പറഞ്ഞത്. അതൊക്കെ കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നു. ഇപ്പോള്‍ മികച്ച കഥാപാത്രങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. നായകന്‍ പുതുമുഖം ആണോയെന്നുള്ള കാര്യങ്ങളൊന്നും ഞാന്‍ ഒരു വിഷയമായി കാണുന്നില്ല,’ നവ്യ നായര്‍ പറഞ്ഞു.
വി.കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നീണ്ട കാലത്തിനുശേഷം നവ്യ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയ സിനിമ കൂടിയായിരുന്നു ഒരുത്തീ. സിനിമയിലെ നവ്യയുടെ പ്രകടനവും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിനും നവ്യ പരിഗണിക്കപ്പെട്ടിരുന്നു.
content highlight: navya nair talks about her career