മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്കെത്തുന്നത്. അതിന് ശേഷം ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നവ്യക്കായി.
വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറിനിന്ന താരം നീണ്ട പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും അഭിനയ രംഗത്തേക്കെത്തുന്നത്.
സിനിമയുടെ പ്രൊമോഷനിടക്ക് നവ്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറാലായിരിക്കുന്നത്. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിക്കുന്നത്.
മലയാള സിനിമയില്‍ ആണ്‍- പെണ്‍ വേര്‍തിരിവുണ്ടെന്ന് പറയുകയാണ് നവ്യ.
‘മലയാള സിനിമയില്‍ ഇപ്പോഴും സ്ത്രീ പുരുഷ വേര്‍തിരിവുണ്ട്. നല്ല കഥാപാത്രങ്ങള്‍ ചെയ്ത് മുന്നോട്ട് പോവാന്‍ ശ്രമിക്കുക എന്നതാണ് അതില്‍ ചെയ്യാനുള്ളത്. വേര്‍തിരിവിനെതിരെ ഫൈറ്റ് ചെയ്യാനൊന്നും പറ്റില്ല. നമ്മള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുക. നമ്മുടെ പാത പിന്തുടര്‍ന്ന് വീണ്ടും ആളുകള്‍ വരും. അങ്ങനെ വരും തലമുറയില്‍ ഈ വേര്‍തിരിവ് മാറും. ഷീലയും ജയഭാരതിയും ശാരദയും അഭിനയിച്ചിരുന്ന കാലത്ത് അവരും സിനിമാ മേഖല ഭരിച്ചിരുന്നു. നായന്മാരേക്കാള്‍ അവരുടെ പേരുകള്‍ അറിയപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ആ കാലം വീണ്ടും തിരിച്ചുവരും,’ താരം പറയുന്നു.
ഒരുത്തീയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും നവ്യ സംസാരിക്കുന്നുണ്ട്. തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കപ്പെടുമ്പോള്‍ നിവര്‍ത്തികേടുകൊണ്ട് പ്രതികരിക്കുന്ന കഥാപാത്രമാണ് രാധാമണിയുടേതെന്നാണ് താരം പറയുന്നത്.
‘സ്ത്രീകളില്‍ പൊതുവെ നല്ല ഒരു ശതമാനം ആളുകളും എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാല്‍ പോട്ടെ എന്ന് കരുതി അത് വിട്ടു കളയുന്നവരാണ്. കാരണം പബ്ലിക് ആയി ഒരു സ്ത്രീ എന്ന നിലയില്‍ പ്രതികരിക്കാന്‍ ഒരു പരിധി ഉണ്ട്. സ്ത്രീകള്‍ക്ക് പരിമിതികള്‍ ഒരുപാടുണ്ട്. എത്രത്തോളം അത് മറികടക്കാന്‍ ശ്രമിച്ചാലും അതൊരു യാഥാര്‍ത്ഥ്യമാണ്. എന്തിനാണ് സ്ത്രീകളുടെ മാത്രം കാര്യം എടുക്കുന്നത്. ഒരു ജെന്‍ഡര്‍ മാത്രം ആസ്പദമാക്കി ചെയ്യാതെ നമുക്ക് ഇപ്പോള്‍ പബ്ലിക്കായി ഒരു പ്രശ്നം നേരിടേണ്ടി വന്നാല്‍ ഒരു 80 % അല്ലെങ്കില്‍ 70 % ആളുകളും പോട്ടെ എന്ന് വിചാരിക്കും.
ഒരു പ്രശ്നത്തില്‍ നിന്ന് വെളിയില്‍ വരാന്‍ ആരോട് ചോദിക്കണം, എന്താണ് ചെയ്യേണ്ടത് ഇതൊന്നും നമുക്ക് അറിയില്ലെന്നും, വേറെ മാര്‍ഗമില്ല എന്ന് തോന്നുമ്പോള്‍ മാത്രമാണ് എല്ലാവരും പ്രതികരിക്കുന്നത്. മനുഷ്യര്‍ അങ്ങനെ ആണെന്ന് തോന്നുന്നു. പുരുഷന്മാരേക്കാള്‍ കുറച്ചുകൂടി സ്ലോ ആയിട്ടാണ് സ്ത്രീകള്‍ പ്രതികരിക്കുക. അങ്ങനെ ഒരു നിവര്‍ത്തികേട് കൊണ്ട് ഒരു സാഹചര്യത്തെ നേരിടേണ്ടി വരുന്ന കഥാപാത്രമാണ് രാധാമണി,’ നവ്യ പറയുന്നു.
Content Highlights: Navya Nair shares her opinion about malayalam cinema industry