| Saturday, 19th March 2022, 12:25 pm

'രാജു ചേട്ടന്‍ ഒന്നും മറക്കാതെ എനിക്കിട്ട് താങ്ങികൊണ്ടിരിക്കുകയാണ്, അന്ന് പറഞ്ഞ കാര്യം ആലോചിക്കുമ്പോള്‍ നാണക്കേട് തോന്നുന്നു': നവ്യ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജും നവ്യ നായരും. നന്ദനം, അമ്മക്കിളിക്കൂട്, വെള്ളിത്തിര എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്.

നന്ദനത്തിലെ ബാലാമണിയേയും മനുവിനേയും ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്ന് പത്ത് വര്‍ഷത്തോളം മാറിനിന്ന നവ്യ, വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’യിലൂടെയാണ് സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നത്.

മാര്‍ച്ച് 18നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ ഒരുത്തീ പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നവ്യ നായര്‍ ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പൃഥ്വിരാജിനോടൊപ്പം സിനിമ ചെയ്തിരുന്ന സമയത്തുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. താന്‍ അന്ന് പൃഥ്വിരാജിന് എങ്ങനെ അഭിയിക്കണമെന്ന് പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും ഇപ്പോള്‍ അത് ആലോചിക്കുമ്പോള്‍ നാണക്കേട് തോന്നുന്നുവെന്നും നവ്യ പറഞ്ഞു.

‘അറിയാതെ കൊച്ചായിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞുപോയതാണ്. അഭിനയത്തിന്റെ ബാലപാഠങ്ങളൊക്കെയായിരുന്നു ഞാന്‍ പറഞ്ഞുകൊടുത്തത്. ഓരോ ഡയലോഗ് പറയുമ്പോള്‍ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെയാണ് ഞാന്‍ പറഞ്ഞുകൊടുത്തത്. ഇന്ന് അതോര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നു.

ഇപ്പോള്‍ അദ്ദേഹമൊരു സംവിധായകനായി. ആദ്യം അഭിനയം പറഞ്ഞുകൊടുത്ത ആളെന്ന രീതിയില്‍ രാജു ചേട്ടന്‍ ഇപ്പോഴും അത് മറന്നിട്ടില്ല. ഒന്നും മറക്കാതെ എനിക്കിട്ട് താങ്ങികൊണ്ടിരിക്കുകയാണ്.

ഞങ്ങളെ ചീത്ത പറയുന്ന ആളായിരുന്നു രഞ്ജിയേട്ടന്‍. അപ്പോള്‍ ചീത്ത കിട്ടാതിരിക്കാന്‍ വേണ്ടിയിട്ടുള്ള പല പല മാര്‍ഗങ്ങളായിരുന്നു അതൊക്കെ. കൂട്ടത്തില്‍ രഞ്ജിയേട്ടന്റെ കുറ്റങ്ങളും പറഞ്ഞിട്ടുണ്ട്,’ നവ്യ പറയുന്നു.

രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ ഒരുത്തീയിലെത്തുന്നത്. കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എസ്. സുരേഷ് ബാബുവാണ് തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കെ.വി.അബ്ദുള്‍ നാസറാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡും ചേര്‍ന്നാണ്.

ബ്രോ ഡാഡിയാണ് പൃഥ്വിരാജിന്റേതായി ഏറ്റവുമൊടുവിലിറങ്ങിയ ചിത്രം. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചതും പൃഥ്വിരാജ് തന്നെയാണ്. മോഹന്‍ലാല്‍, മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, കനിഹ തുടങ്ങിയവരാണ് പൃഥ്വിരാജിനൊപ്പം ചിത്രത്തിലഭിനയിച്ച മറ്റ് താരങ്ങള്‍.


Content Highlights: Navya Nair shares her experience with Prithviraj

We use cookies to give you the best possible experience. Learn more