നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയാണെന്നറിഞ്ഞപ്പോള്‍ അത് തന്നില്‍ ഞെട്ടലുണ്ടാക്കിയെന്ന് നവ്യ നായര്‍. തന്റെ ആദ്യ ചിത്രത്തിലെ നായകനായിരുന്നു ദിലീപെന്നും മഞ്ജുവും ദിലീപും ചേര്‍ന്നാണ് തന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തതെന്നും നവ്യ റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.
‘തീര്‍ച്ചയായും ദിലീപേട്ടന്‍ പ്രതിയാണെന്നറിഞ്ഞപ്പോള്‍ ഞെട്ടലുണ്ടാക്കി. ഞാന്‍ ഏറെ ബഹുമാനിക്കുന്ന നടനാണ് ദിലീപേട്ടന്‍. എന്റെ ആദ്യത്തെ ചിത്രത്തിലെ നായകനായിരുന്നു. അദ്ദേഹവും മഞ്ജു ചേച്ചിയും ചേര്‍ന്ന് തെരഞ്ഞെടുത്തത് കൊണ്ടാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്.
സിബി അങ്കിള്‍ എന്നെ കൊണ്ട് മോണോ ആക്ട് ചെയ്യിപ്പിച്ച് അതിന്റെ വീഡിയോ അവര്‍ക്ക് അയച്ചുകൊടുത്തു. അവര്‍ രണ്ടുപേരും ഓക്കേ പറഞ്ഞത് കൊണ്ടാണ് എനിക്ക് അങ്ങനെ ഒരു ജന്മം കിട്ടിയത്. എന്റെ സ്ഥാനത്ത് ആരായാലും അക്കാര്യം ഞെട്ടല്‍ ഉണ്ടാക്കും. എന്നാല്‍ ദിലീപുമായി സംസാരിച്ചിട്ടില്ല. ഞാനും ഒരു കുടുംബസ്ത്രീയാണ്, ആവശ്യമില്ലാത്ത പ്രശ്‌നങ്ങളിലേക്ക് കടക്കാന്‍ പറ്റില്ല.
അവള്‍ അതിജീവിച്ച് തിരിച്ചുവന്ന് ഒരു അഭിമുഖം നല്‍കാന്‍ അഞ്ച് വര്‍ഷമെടുത്തു. നമ്മള്‍ ആരെങ്കിലും ഒരു പോസ്റ്റ് ഇട്ടാല്‍ അതില്‍ ലൈക്ക് ചെയ്യും അല്ലെങ്കില്‍ ഷെയര്‍ ചെയ്യും. അതിനപ്പുറത്തേക്ക് നമ്മള്‍ ഒന്നും അനുഭവിക്കുന്നില്ല. അതിനാല്‍ അവള്‍ക്കൊപ്പം ആരൊക്കെയുണ്ടെന്ന് പറഞ്ഞാലും ആള്‍ക്കൂട്ടത്തില്‍ ഒറ്റക്ക് തന്നെയാണ്. അതില്‍ നിന്ന് അതിജീവിച്ച് വരുമ്പോള്‍ സാധാരണക്കാരായ ഇരകള്‍ക്കും അതിജീവിതരാകാന്‍ പ്രചോദനം നല്‍കും
ആക്രമണം നേരിട്ടപ്പോള്‍ അതിജീവിതക്ക് പിന്തുണ നല്‍കിയവരാണ് ഭൂരിഭാഗം പേരും. ചിലര്‍ മാത്രമാണ് അല്ലാതെ പ്രവര്‍ത്തിച്ചത്. അത്തരക്കാരുടെ പേരില്‍ മുഴുവന്‍ സിനിമ വ്യവസായത്തെ പഴിക്കേണ്ടതില്ല. അവള്‍ക്ക് ഭൂരിഭാഗം പേരും പിന്തുണ നല്‍കിയിരുന്നു. വളരെ ചുരുക്കം പേര്‍ മാത്രമാണ് അല്ലാതെയിരുന്നത്. അതിപ്പോ എന്ത് സംഭവം ഉണ്ടായാലും 80 ശതമാനം പേര്‍ പിന്തുണച്ചാലും 20 ശതമാനം എതിര്‍ത്ത് വരും. അതിന് നമുക്ക് സിനിമയെ കുറ്റം പറയാന്‍ പറ്റില്ല, അത് വ്യക്തി അധിഷ്ഠിതമാണ്.
ഞാനും അവളെ പിന്തുണക്കുന്ന വ്യക്തിയാണ്. ഞാന്‍ ഒരിക്കലും ഡിപ്ലോമാറ്റിക്ക് ആയി നിന്നിട്ടില്ല. എന്നാല്‍ അറിയാന്‍ പാടില്ലാത്ത വിഷയങ്ങളില്‍ ഒരിക്കലും പ്രതികരിച്ചിട്ടില്ല,’ നവ്യ പറയുന്നു.
വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്ന് പത്ത് വര്‍ഷത്തോളം മാറിനിന്ന നവ്യ, വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’യിലൂടെയാണ് സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നത്.
രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ ഒരുത്തീയിലെത്തുന്നത്. കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlights: Navya Nair says she was shocked when she heared Dileep involved in actress attack case