| Thursday, 17th March 2022, 9:37 pm

'നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഞാന്‍ കുറച്ചുകൂടി ശ്രദ്ധിക്കാന്‍ തുടങ്ങി, യാത്ര ചെയ്യുമ്പോള്‍ കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോ എടുത്ത് ഫാമിലി ഗ്രൂപ്പുകളില്‍ ഇട്ടിരുന്നു': നവ്യ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. 2001ല്‍ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതമാരംഭിക്കുന്നത്. പിന്നീട് അവിടുന്നിങ്ങോട്ട് വ്യത്യസ്തങ്ങളായ പല കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ നവ്യ നായര്‍ എന്ന പ്രതിഭയ്ക്ക് സാധിച്ചു. ബാലാമണിയായും ഗൗരിയായുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറാന്‍ വളരെ കുറച്ച് സമയം മാത്രമേ താരത്തിന് വേണ്ടി വന്നുള്ളു.

വിവാഹത്തിന് ശേഷം പത്ത് വര്‍ഷത്തോളം സിനിമയില്‍ നിന്ന് മാറി നിന്ന താരം വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവമാവാനൊരുങ്ങുന്നത്.

ഒരുത്തീയില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. തന്റെ തിരിച്ച് വരവ് ഇരുകയ്യും നീട്ടി ആരാധകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണെന്ന് താരം പറയുന്നു.

സിനിമയുടെ പ്രൊമോഷനിടക്ക് നവ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടി ആക്രമിക്കപ്പെട്ടതിനെ കുറിച്ചും അതിന് ശേഷം തന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചുമൊക്കെയാണ് താരം സംസാരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് നവ്യ സംസാരിക്കുന്നത്.

‘അതിജീവിതയ്ക്ക് ഒപ്പമാണ് ഞാന്‍. ഒരു അക്രമ സംഭവം അറിയുമ്പോള്‍ അതിനോട് പ്രതികരിക്കുന്നു, ഒരു പോസ്റ്റ് ഇടുന്നു. പത്രത്തില്‍ ഇത് വീണ്ടും കാണുമ്പോഴാണ് വീണ്ടും ആലോചിക്കുന്നത്. അപ്പോള്‍ ചിലപ്പോള്‍ ഒരു മെസേജ് അയക്കും. അവളാണ് അനുഭവിച്ചത്, ആ അനുഭവം ഒന്നിനും പകരം വെക്കാന്‍ കഴിയില്ല. ആരൊക്കെ ആശ്വാസ വാക്കുകള്‍ പറഞ്ഞാലും ആ അവസ്ഥയിലൂടെ കടന്നുപോകുന്ന അതിജീവിതക്ക് ഒപ്പമാണ് ഞാന്‍. നടിയായ അതിജീവിതക്കൊപ്പം മാത്രമല്ല, സാധാരണക്കാരിയായ ഏത് അതിജീവിതയ്ക്ക് ഒപ്പവും.

നമ്മുടെ സമൂഹത്തില്‍ ആ കടന്നു പോക്ക് തരണം ചെയ്യുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. ഈ ആഘാതം നിലനില്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ഇപ്പോഴും തിരിച്ചും മറിച്ചും ചോദിക്കും. മാറി നിന്ന് വിമര്‍ശിക്കും. എണ്‍പത് ശതമാനം ആളുകള്‍ കൂടെ നില്‍ക്കുമ്പോഴും ഇരുപത് ശതമാനം വിമര്‍ശിക്കാന്‍ എത്തും. ഇതും അവര്‍ അഭിമുഖീകരിക്കണം. ഓരോ അതിജീവിതയെയും ബഹുമാനിക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഞാന്‍ കുറച്ചുകൂടി ശ്രദ്ധിക്കാന്‍ തുടങ്ങി. യാത്ര ചെയ്യുമ്പോള്‍ കാറിന്റെ നമ്പറിന്റെ ഫോട്ടോ എടുത്ത് ഫാമിലി ഗ്രൂപ്പുകളില്‍ ഇട്ടിരുന്നു. യാത്രയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കും. ഇതൊക്കെ ഒരു ഭീരുത്വം ആണെങ്കില്‍ പോലും മുന്‍കരുതലുകള്‍ ആവശ്യമാണ്,’ നവ്യ പറയുന്നു.

മാര്‍ച്ച് 18നാണ് ഒരുത്തീ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഒരു സാധാരണ സ്ത്രീ തനിക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു അവസ്ഥയില്‍പ്പെട്ടുപോകുന്നതും തുടര്‍ന്നുള്ള അവളുടെ പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം. വിനായകനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എസ്. സുരേഷ് ബാബുവാണ് കഥയും തിരക്കഥയയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. ഗോപി സുന്ദര്‍ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. തകര ബാന്റ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസറാണ് ഒരുത്തീ നിര്‍മക്കുന്നത്.


Content Highlights: Navya Nair says about her life after actress attack case

We use cookies to give you the best possible experience. Learn more