| Thursday, 2nd March 2023, 10:08 am

ഞാന്‍ ഒരു സാധാരണ വീട്ടമ്മയാണ്, ഞാന്‍ വലിയ മോട്ടിവേഷണല്‍ സ്പീക്കറാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു: നവ്യ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആളുകള്‍ തന്നെ സ്‌നേഹിക്കുന്നത് ബാലാമണി എന്ന ഒരു കഥാപാത്രം ചെയ്തത് കൊണ്ട് മാത്രമല്ലെന്ന് നടി നവ്യ നായര്‍. പല നടിമാരേയും കല്യാണത്തിന് ശേഷം പ്രേക്ഷകര്‍ മറന്നുപോകാറാണ് പതിവെന്നും എന്നാല്‍ തന്റെ കാര്യത്തില്‍ അങ്ങനെയല്ല സംഭവിച്ചതെന്നും നവ്യ പറഞ്ഞു. താന്‍ വെറുമൊരു മനുഷ്യ സ്ത്രീ മാത്രമാണെന്നും തിരിച്ചുവന്നപ്പോള്‍ ആളുകള്‍ തന്നെ സ്വീകരിച്ചുവെന്നും അവര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ താന്‍ അത്ര സജീവമല്ലെന്നും പക്ഷെ തന്റെ അഭിമുഖങ്ങളുടെ ഭാഗങ്ങളൊക്കെ റീല്‍സായി വരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. താന്‍ പറയുന്ന പലകാര്യങ്ങളും അനുഭവങ്ങളാണെന്നും താന്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ ഒന്നുമല്ലെന്നും നവ്യ നായര്‍ പറഞ്ഞു.

‘ഇന്ന് നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു. എന്ത് ക്രഡിറ്റ് കൊണ്ടാണ് എന്നെ സ്‌നേഹിക്കുന്നത്. ഞാന്‍ അഭിനയിച്ച ഒരു ബാലമണി കൊണ്ട് മാത്രമാണോ അത്. അതോ ഞാന്‍ അഭിനയിച്ച് നിങ്ങളെ ചിരിപ്പിച്ച കുറച്ച് സിനിമകള്‍ കൊണ്ട് മാത്രമോ. ഇവിടെ എത്രയോ നടിമാരുണ്ട്. ചിലരെയൊക്കെ കല്യാണം കഴിഞ്ഞ് നമ്മള്‍ മറന്ന് തന്നെ പോകാറില്ലേ. അങ്ങനെ മറന്നുപോകാവുന്ന ഒരാള്‍ മാത്രമാണ് ഞാന്‍.

നിസാരയായ ഒരു മനുഷ്യ സ്ത്രീയാണ് ഞാന്‍. പക്ഷെ എന്നെ നിങ്ങള്‍ മറന്നിട്ടില്ല. ഞാന്‍ വീണ്ടും തിരിച്ച് വന്നപ്പോള്‍ എന്നെ നിങ്ങള്‍ സ്വീകരിച്ചു. എന്റെ ഇന്റര്‍വ്യൂലെ ഡയലോഗ് പോലും നിങ്ങള്‍ ആഘോഷമാക്കി. ഇപ്പോഴാണ് ഈ റീല്‍സൊക്കെ വന്നത്. ഞാന്‍ ആണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമായിട്ടുള്ള വ്യക്തിയല്ല.

പോസ്റ്റുകളൊക്കെ ഇടുമെങ്കിലും അതിനകത്തെ പല പരിപാടികളും എനിക്ക് അറിയില്ല. ഞാന്‍ കൊടുക്കുന്ന അഭിമുഖങ്ങളുടെ ഭാഗങ്ങളൊക്കെ റീല്‍സായിടുന്നു. എന്നെ കാണുമ്പോള്‍ പലരും അതിനെകുറിച്ച് എന്നോട് സംസാരിക്കുന്നു. ഒന്നുമറിയാത്ത എന്നെ വലിയ മോട്ടിവേഷണല്‍ സ്പീക്കറായിട്ട് തെറ്റിദ്ധരിക്കുന്നു. ഇതൊന്നുമല്ല കേട്ടോ ഞാന്‍.

ഞാന്‍ നിങ്ങളെ പോലെയൊരു സാധാരണ സ്ത്രീയാണ്, സാധാരണ വീട്ടമ്മയാണ്. എന്റെ അനുഭവങ്ങളാണ് ഞാന്‍ പറയുന്നത്. എന്റെ അനുഭവങ്ങള്‍ ഞാന്‍ തുറന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് അതൊക്കെ കണക്ട് ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് കാര്യം,’ നവ്യ നായര്‍ പറഞ്ഞു.

content highlight: navya nair says about her film career

We use cookies to give you the best possible experience. Learn more