Entertainment news
അമ്മാവനും സ്വാമി അങ്കിളിനും മമ്മൂക്കക്കും മാത്രമാണ് ആ സിനിമയുടെ കഥ അറിയുന്നത്; ബാക്കി എല്ലാവരും ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ടട്ടട്ട ടടട്ട മ്യൂസിക് ഇട്ട് നടക്കുകയാണ്: നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 27, 08:22 am
Sunday, 27th March 2022, 1:52 pm

പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഇനി മമ്മൂട്ടിയുടേതായി പുറത്ത് വരാനിരിക്കുന്നത്. അതിലൊന്നാണ് സി.ബി.ഐ 5 ദി ബ്രെയ്ന്‍. അഞ്ചാം വട്ടവും മമ്മൂട്ടിയും സംവിധായകന്‍ കെ. മധുവും ഒന്നിക്കുമ്പോള്‍ എന്തായിരിക്കും ലഭിക്കുക എന്ന ആകാംഷ പ്രേക്ഷകര്‍ക്കുണ്ട്.

സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ നവ്യ നായര്‍ ഒരു അഭിമുഖത്തില്‍ സി.ബി.ഐയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കെ. മധു അമ്മാവനായതുകൊണ്ട് സിനിമയുടെ കഥ അറിയാമോ എന്ന അവതാരകയുടെ ചോദ്യത്തിന് വളരെ രസകരമായാണ് നവ്യ ഉത്തരം നല്‍കുന്നത്.

ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ സി.ബി.ഐ 5നെ കുറിച്ച് സംസാരിക്കുന്നത്.

‘ആകെപ്പാടെ സി.ബി.ഐ 5ന്റെ ലൊക്കേഷനില്‍ അമ്മാവനും സ്വാമി അങ്കിളിനും മമ്മൂക്കക്കും മാത്രമാണ് ആ സിനിമയുടെ കഥ അറിയുകയുള്ളു. ബാക്കി എല്ലാവരും ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ടട്ടട്ട ടടട്ട എന്ന മ്യൂസിക് ഇട്ട് നടക്കുകയാണ്,’ നവ്യ നായര്‍ പറയുന്നു.

വസുമതിക്ക് ചന്തു കൊടുത്തതുപോലൊരു പ്രേമലേഖനം തനിക്കും കിട്ടിയിട്ടുണ്ടെന്നാണ് നവ്യ പറയുന്നത്. അത് തന്നത് ആരാണെന്ന് ഇതുവരെ മനസിലായിട്ടില്ല. ധൈര്യമുള്ളവരായിരുന്നുവെങ്കില്‍ പേരും അഡ്രസുമില്ലാതെ കത്ത് അയക്കില്ലായിരുന്നുവെന്നാണ് നവ്യ പറഞ്ഞത്.

പഴയ സിനിമകളില്‍ താന്‍ ചെയ്ത ഇമോഷണല്‍ സീനുകള്‍ കാണുമ്പോള്‍ ഇപ്പോള്‍ ചിരി വരാറുണ്ടെന്നും താരം പറഞ്ഞു.

പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം നവ്യ നായര്‍ തിരിച്ചെത്തുന്ന വി.കെ. പ്രകാശ് ചിത്രമാണ് ‘ഒരുത്തീ’. നവ്യ നായരും വിനായകനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ ഒരുത്തീയിലെത്തുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlights: Navya Nair says about CBI 5