| Wednesday, 23rd March 2022, 6:39 pm

അദ്ദേഹത്തിന് ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാം, പക്ഷേ തനിക്ക് അങ്ങനെ പറ്റില്ല; വിനായകന്റെ മീ ടൂ പരാമര്‍ശത്തോട് നവ്യ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മീ ടൂവുമായി ബന്ധപ്പെട്ട നടന്‍ വിനായകന്റെ വിവാദപരാമര്‍ശത്തോട് പ്രതികരിച്ച് നവ്യ നായര്‍. വിനായകന് ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാമെന്നും പക്ഷേ തനിക്ക് അങ്ങനെ പറ്റില്ലെന്നും നവ്യ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ പ്രതികരണശേഷി ഇല്ലാത്ത ആളാണെന്നും പലപ്പോഴും പ്രതികരിക്കേണ്ടി വരുന്ന സ്ഥലങ്ങളില്‍ അത് പറ്റാതെ വന്നിട്ടുണ്ടെന്ന് താന്‍ മുമ്പുള്ള അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

‘വിനായകന്‍ എന്തിലും ഏതിലും അഭിപ്രായം പറയുന്ന ഒരാളാണ്. അങ്ങനെ ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടല്‍പോലും അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അയാള്‍ എന്നെ തല്ലിയാല്‍പോലും അയാള്‍ക്കല്ല നാണക്കേട്, മറിച്ച് എനിക്കാണ് നാണക്കേട്. മീഡിയ അത് വാര്‍ത്തയാക്കും. കാരണം അയാള്‍ക്ക് ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാം. പക്ഷേ എനിക്ക് അങ്ങനെ പറ്റുമോ? മോനും ഭര്‍ത്താവും ഒക്കെ എനിക്കുണ്ട്,’ നവ്യ പറഞ്ഞു.

‘അയാള്‍ക്കൊരു അടികൊടുക്കാന്‍ പാടില്ലേ എന്ന് എന്നോട് ചോദിച്ചവരുണ്ട്. കാലവും ലോകവുമൊക്കെ ഒരുപാട് വളര്‍ന്നിട്ടുണ്ടാകാം. പക്ഷേ, ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല, അത് വാസ്തവമാണ്. അയാളൊരു തല്ല് തന്നാല്‍ ഞാന്‍ താഴെ വീഴും. എന്നെക്കൊണ്ട് അതൊന്നും പറ്റില്ല. ഞാനൊരു ധൈര്യശാലിയാണെന്നും എന്തിനും പ്രതികരിക്കുന്ന ആളാണെന്നും ഞാനെവിടെയും പറഞ്ഞിട്ടില്ല.

വലിയ പ്രതികരണശേഷി ഇല്ലാത്ത ആളാണെന്നും പലപ്പോഴും പ്രതികരിക്കേണ്ടി വരുന്ന സ്ഥലങ്ങളില്‍ അത് പറ്റാതെ വന്നിട്ടുണ്ടെന്നുമാണ് പല അഭിമുഖങ്ങളിലും ഞാന്‍ പറഞ്ഞിട്ടുള്ളത്. മറിച്ച് പ്രതികരിക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ എനിക്ക് അഭിമാനവും അവരോട് തികഞ്ഞ ബഹുമാനവും തോന്നാറുണ്ട്.’നവ്യ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും പങ്കെടുത്ത പ്രെസ് മീറ്റില്‍ ഇരുവരുടെയും നിശബ്ദതക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. മീ ടൂവിനെ കുറിച്ചും തന്റെ സെക്സ് ലൈഫിനെ കുറിച്ചുമൊക്കെയായിരുന്നു വിനായകന്‍ പറഞ്ഞത്.

തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. പ്രെസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്‌സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്‌സ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.


Content Highlight: Navya Nair responds to actor Vinayakan’s controversial remarks related to Me Too

We use cookies to give you the best possible experience. Learn more