| Thursday, 17th March 2022, 3:17 pm

'ഇവള്‍ക്ക് വലിയ കളറില്ല, ഭംഗിയൊന്നുമില്ല, പക്ഷേ സിനിമയിലിത്രയൊക്കെ ആയി' അത് ആഴത്തിലുള്ള മുറിവായി; അനുഭവം പങ്കുവെച്ച് നവ്യ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2000 ങ്ങളില്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു നവ്യ നായര്‍. 2001 ല്‍ ഇഷ്ടം എന്ന സിനിമയില്‍ തുടങ്ങി നന്ദനം, വെള്ളിത്തിര, പട്ടണത്തില്‍ സുന്ദരന്‍, ജലോല്‍സവം, പാണ്ടിപ്പട തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ നവ്യ മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിച്ചിരുന്നു.

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നവ്യ വീണ്ടും ഒരുത്തീ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയില്‍ സജീവമായിരുന്ന കാലത്തെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നവ്യ.

ഡാര്‍ക്ക് സ്‌കിന്‍ കളറായതിനാലുള്ള അപകര്‍ഷതാ ബോധം തനിക്കുണ്ടായിരുന്നുവെന്നും അതിനാല്‍ പൊതു പരിപാടികള്‍ ഒഴിവാക്കിയിരുന്നു എന്നും നവ്യ പറയുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ മനോഭാവം മാറിയെന്നും വെളുത്തിരുന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ലെന്ന് മനസിലായെന്നും താരം കൂട്ടിച്ചേര്‍ത്തു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ മനസുതുറന്നത്.

‘ഞാന്‍ ഡാര്‍ക്ക് സ്‌കിന്‍ കളറുള്ള ആളാണ്, ഫെയര്‍ അല്ല. ഞാന്‍ കറുത്ത ആളാണ്, ഇരുണ്ട ആളാണ് എന്നുള്ളതൊക്കെ എന്നെ ഒരുപാട് ബാധിച്ചിട്ടുണ്ട്. മറ്റ് നായികമാരൊക്കെ വരുന്ന പരിപാടിക്ക് പോകുമ്പോള്‍ എനിക്ക് ഒരു അപകര്‍ഷതാ ബോധമായിരുന്നു. ഞാന്‍ അത്ര സുന്ദരിയല്ല. മറ്റുള്ളവരുടെ മുന്നില്‍ പോവാന്‍ ഒരു ചമ്മലായിരുന്നു.

കഴിവതും അങ്ങനെയുള്ള സ്ഥലങ്ങളില്‍ എന്റെ സാന്നിധ്യം ഞാന്‍ ഒഴിവാക്കും. പോവാന്‍ പറ്റുന്ന കല്യാണങ്ങളൊക്കെ ഒഴിവാക്കുമായിരുന്നു. ഒരുപാട് മേക്കപ്പ് ഇട്ട് ഇത് മറച്ച് വെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും അല്ലാതെയും ആളുകള്‍ എന്നെ പറ്റി പറയുന്നത് കേട്ടിട്ടുണ്ട്. ആ സമയത്തൊക്കെ സങ്കടം തോന്നിയിട്ടുണ്ട്.

പക്ഷേ അത് മാറി. ഇപ്പോഴത്തെ തലമുറയിലുള്ള കുട്ടികളുടെ മനോഭാവം കാണുമ്പോള്‍ നമ്മളും പഠിക്കുകയാണ്. സ്‌കിന്‍ ടോണിലോ കളറിലോ ഒന്നും ഒരു കാര്യോമില്ല. വെളുത്തിരുന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല,’ നവ്യ പറഞ്ഞു.

‘എന്റെ കൂടെ വര്‍ക്ക് ചെയ്ത ഒരു നടി ഒരു ദിവസം എന്നോട് ചോദിച്ചു. ഇവള്‍ക്ക് വലിയ കളറില്ല, കാണാന്‍ വലിയ ഭംഗിയൊന്നുമില്ല, പക്ഷേ സിനിമയിലിത്രയൊക്കെ ആയി. എനിക്കങ്ങനെ ആവാന്‍ പറ്റിയില്ലല്ലോ എന്ന്.

അവള്‍ വളരെ ആത്മാര്‍ത്ഥമായി ചോദിച്ചതാണ്. പക്ഷേ എനിക്കത് വിഷമമായി. എനിക്ക് സൗന്ദര്യമില്ല എന്ന ആഴത്തിലുള്ള മുറിവാണ് അതെനിക്ക് ഉണ്ടാക്കിയത്.

എന്നാല്‍ പിന്നീട് ഞാന്‍ മാറി. എന്റെ പ്രായം കൂടുന്നതിന് അനുസരിച്ച് മനസിലെ സങ്കല്‍പങ്ങളും മാറി. ഇപ്പോള്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. ഇപ്പോള്‍ ധൈര്യമായി മേക്കപ്പിടാതെ പുറത്ത് പോകാനുള്ള ധൈര്യം എനിക്കുണ്ട്,’ നവ്യ കൂട്ടിച്ചേര്‍ത്തു.


Content Highlight: navya nair opens up about her sense of inferiority because of the dark skin colour

We use cookies to give you the best possible experience. Learn more