കൈരളി ടി.വിയിലെ ശ്രീനിവാസന്റെയും കുടുംബത്തിന്റെയും പഴയ വൈറല്‍ അഭിമുഖം കണ്ടപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്റെ നിഷ്‌കളങ്കതയേക്കാള്‍ ഇഷ്ടപെട്ടത് ശ്രീനിവാസനും ഭാര്യ വിമലയും മക്കള്‍ക്ക് നല്‍കിയ സ്വാന്ത്ര്യത്തെക്കുറിച്ചോര്‍ത്താണെന്ന് നടി നവ്യ നായര്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നവ്യയുടെ പ്രതികരണം.
ധ്യാന്‍ നിഷ്‌കളങ്കമായി സംസാരിച്ചതായി തോന്നി. അതിനേക്കാള്‍ എനിക്കതില്‍ സന്തോഷം തോന്നിയത്, ശ്രീനിവാസന്‍ അങ്കിളിന്റെയും ഭാര്യയുടെയും പാരന്റിങ്ങാണ്. ‘സ്വാതന്ത്ര്യ ബോധത്തോട് കൂടി മക്കളെ വളര്‍ത്തിയ അച്ഛനും അമ്മയും’, അതാണ് ആ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ തോന്നിയതെന്ന് നവ്യ പറഞ്ഞു.
ഞാന്‍ എന്റെ അമ്മ ടീച്ചറായ സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളില്‍ പോകുമ്പോള്‍ പ്രത്യേകം എന്നോട് അമ്മ പറയാറുണ്ട്, ആവശ്യമില്ലാത്ത കാര്യങ്ങളൊന്നു പറയരുതെന്ന്. മിണ്ടാതിരുന്നോളം, എന്നൊക്കെ പറഞ്ഞിട്ടാണ് എന്നെ സ്‌കൂളില്‍ പറഞ്ഞയക്കാറ്. അങ്ങനെയൊന്നും ഇല്ലാതെ. ആ കുട്ടികള്‍(വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും) അങ്ങന പറഞ്ഞത് വലിയ കാര്യമാണ്.
സിനിമാ നടി എന്നത് പ്രിവിലേജ്ഡ് ആണെന്നും ഒരു നടി എന്ന നിലയില്‍ ഒരുപാട് പ്രിവിലേജ് അനുഭവിച്ചിട്ടുണ്ടെന്നും നവ്യ പറഞ്ഞു.
‘ഞാനേ കണ്ടുള്ളു’ എന്ന നന്ദനത്തിലെ ഡയലോഗുള്ള ട്രോള്‍ കണ്ടിട്ടുണ്ട്. ചിലര്‍ ഓടാത്ത സിനിമയുടെ താഴെ വരെ ഇത് പറയാറുണ്ട്. ട്രോളന്‍മാരുടെ ക്രിയേറ്റിവിറ്റി ഒരു രക്ഷയുമില്ലാത്ത ഒന്നാണ്. ചിലതൊക്കെ കണ്ടാല്‍ ഞെട്ടി പോകുമെന്നും എങ്ങനെയാണ് ഇതൊക്കെ സാധിക്കുക എന്നൊക്കെ തോന്നാറുണ്ടെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിവാഹത്തിന് ശേഷം പത്ത് വര്‍ഷത്തോളം സിനിമയില്‍ നിന്ന് മാറി നിന്ന നവ്യ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ ചിത്രത്തിലെത്തുന്നത്. പെണ്‍പോരാട്ടത്തിന്റെ കഥപറയുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
എസ്. സുരേഷ് ബാബുവാണ് തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കെ.വി.അബ്ദുള്‍ നാസറാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡും ചേര്‍ന്നാണ്.
CONTENT HIGHLIGHTS: Navya Nair on viral interview, Sreenivasan and wife's liberty given their children