| Saturday, 20th May 2023, 8:28 pm

കൂടെ അഭിനയിച്ച നടന്മാരുടെ അമ്മയായിട്ട് എന്നെ വിളിച്ചാൽ ഞാൻ അഭിനയിക്കില്ല: നവ്യ നായർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒപ്പം അഭിനയിച്ച നടന്മാരുടെ അമ്മവേഷം ചെയ്യാൻ വിളിച്ചാൽ താൻ അഭിനയിക്കില്ലെന്ന് നടി നവ്യ നായർ. കല്ല്യാണം കഴിഞ്ഞ നടിമാർക്ക് ഇൻഡസ്ട്രിയിൽ മാർക്കറ്റുണ്ടാകില്ലെന്നും, സിനിമയിലേക്ക് തിരികെ വരാൻ കഴിയുമെന്ന് മനസ്സിൽ പോലും നടിമാർ വിചാരിക്കില്ലെന്ന് താരം പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നവ്യ.

‘എന്നെ സിനിമയിലേക്ക് തിരികെ വിളിച്ചത് സിനിമ ഇൻഡസ്ട്രി അല്ല. ജനങ്ങൾ എന്നെ വെൽക്കം ചെയ്തപ്പോൾ ഇൻഡസ്ട്രി അത് അക്സെപ്റ്റ് ചെയ്യുകയാണുണ്ടായത്.
കാരണം, സിനിമയിൽ സ്ത്രീകൾ കല്യാണം കഴിഞ്ഞുകഴിയുമ്പോൾ സ്വാഭാവികമായും മാർക്കറ്റ് ഇല്ലാതാകുന്നു. ഞങ്ങളുടെ മാർക്കറ്റ് കുറയും. ഞങ്ങളുടെ കരിയറിൽ, വിവാഹം കഴിഞ്ഞുകഴിയുമ്പോൾ കുട്ടികളൊക്കെ ആയി തിരക്കിലാകുന്നു. തിരിച്ച് സിനിമയിലേക്ക് വരാമെന്ന് മനസ്സിൽ പോലും വിചാരിക്കില്ല. ഇപ്പോൾ ആ ഒരു അവസ്ഥ മാറി. കല്യാണം ജീവിതത്തിന്റെ ഒരു ഭാഗമാണെന്നും സിനിമ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഓരോരുത്തരുടെ കരിയറിന്റെ ഗ്രോത്തിനെ ആശ്രയിച്ചാണെന്നുമുള്ള രീതിയിലേക്ക് ഇപ്പോൾ മാറി.
മുൻപ് അങ്ങനെ ആയിരുന്നില്ല, കല്ല്യാണം എന്നാൽ അഭിനയം നിറുത്തുകയാണെന്ന് പാതി മനസ്സിൽ തീരുമാനിക്കും,’ താരം പറഞ്ഞു.

നടിമാർ തിരികെ വരുകയാണെങ്കിൽ തന്നെ അമ്മയുടേയോ, ചേച്ചിയുടെയോ വേഷങ്ങളായിരിക്കുമെന്നും മുൻപ് കൂടെ അഭിനയിച്ച നടന്മാരുടെ ചേച്ചിയായിട്ടുമൊക്കെ അഭിനയിക്കേണ്ടി വരുമെന്നും നവ്യ പറഞ്ഞു.

‘സിനിമയിലേക്ക് ഏതെങ്കിലും കാരണവശാൽ തിരികെ വന്നാൽ ചേച്ചിയുടെ വേഷങ്ങൾ അമ്മയുടെ വേഷങ്ങൾ അങ്ങനെയൊക്കെ സ്ഥാന ഭ്രംശം സംഭവിക്കും. അത് പലപ്പോഴും ഞങ്ങൾക്കാർക്കും ആ പ്രായം ആയിട്ടല്ല. ഞങ്ങളുടെ നായകന്മാരായിട്ട് അഭിനയിച്ചവരുടെ അമ്മയായിട്ടും ചേച്ചി ആയിട്ടും ചിലപ്പോൾ അഭിനയിക്കേണ്ടി വരും. അത്രപെട്ടെന്നൊന്നും അതിലേക്ക് മാറാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. പക്ഷെ ഞാൻ തിരിച്ചുവന്നപ്പോൾ എനിക്ക് ആ പേടി ഇല്ലായിരുന്നു. ആ പേടി ഉണ്ടായിരുന്നെങ്കിൽ ഞാൻ തിരിച്ചുവരില്ല. എന്റെ കൂടെ അഭിനയിച്ച നടന്മാരുടെ അമ്മയായിട്ട് എന്നെ വിളിച്ചാൽ ഞാൻ അഭിനയിക്കില്ല. എന്റെ ക്യാരക്ടറിന് പറ്റുന്ന കഥാപാത്രമാണെങ്കിൽ ഞാൻ ചെയ്യും, പക്ഷെ എന്റെ ക്യാരക്ടറിനെ ഞാൻ കോംപ്രമൈസ് ചെയ്യില്ല,’ നവ്യ പറഞ്ഞു.

അനിൽ നാരായണൻ തിരക്കഥ എഴുതി അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനെയാണ് നവ്യയുടെ പുതിയ ചിത്രം. സൈജു കുറുപ്പ്, ജോണി ആന്റണി, ഷറഫുദ്ധീൻ, അനാർക്കലി മരക്കാർ, സ്മിനു സിജോ, പ്രമോദ് വെളിയനാട്, കോട്ടയം നസീർ, അൻവർ ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: Navya Nair on stereotypes in cinema

We use cookies to give you the best possible experience. Learn more