| Saturday, 20th May 2023, 4:12 pm

ഞാൻ ഒറ്റക്ക് നിന്ന് മുന്നോട്ട് കൊണ്ടുപോയ ചിത്രം, ഞാൻ തിയേറ്ററിൽ ഉണ്ടെന്നറിയാതെ ആളുകൾ പല സീനുകൾക്കും കയ്യടി നൽകി: നവ്യ നായർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ഒരുത്തി’ താൻ ഒറ്റക്ക് മുന്നോട്ട് കൊണ്ടുപോയ ചിത്രമെന്ന് നടി നവ്യ നായർ. ചിത്രത്തിലെ കഥാപാത്രത്തിന് കിട്ടിയ കയ്യടി തനിക്ക് കിട്ടിയതുപോലെയാണെന്നും താരം പറഞ്ഞു. ഓൺലൈൻ റിവ്യൂസ് തനിക്ക് പുതിയ അനുഭവം ആയിരുന്നെന്നും അത് വളരെ സന്തോഷം നൽകിയെന്നും നവ്യ പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ ‘ഒരുത്തി’ക്ക് ശേഷം എനിക്ക് പുതിയ കുറെ അനുഭവങ്ങളാണ് ഉണ്ടായിരുന്നത്. കാരണം, പണ്ട് സിനിമ ഓടുന്നുണ്ടോ എന്നുള്ള റിവ്യൂ മാത്രമാണ് കിട്ടിയിരുന്നത്. അല്ലെങ്കിൽ ഏതൊക്കെ സീനിനുകൾക്ക് കയ്യടിയുണ്ടെന്ന് തിയേറ്ററിൽ പോകുമ്പോൾ അറിയാം. ഒരുത്തി ഞാൻ പല തിയേറ്ററുകളിലും പോയി കണ്ടിട്ടുണ്ട്. ഞാൻ തിയേറ്ററിൽ ഉണ്ടെന്നറിയാതെ ആളുകൾ പല സീനുകൾക്കും കയ്യടി നൽകിയത് എനിക്ക് വലിയൊരു പ്രോത്സാഹനമായിരുന്നു. കാരണം ഞാൻ ഒറ്റക്ക് കൊണ്ടുപോയ സിനിമ ആയിരുന്നു അത്. അതിൽ രാധാമണിക്ക് കിട്ടുന്ന കയ്യടി എനിക്ക് കിട്ടുന്നപോലെ തന്നെ ആയിരുന്നു. അത് തിയേറ്ററിൽ ഇരുന്ന് അറിയാൻ കഴിഞ്ഞു. എനിക്ക് വളരെ ടെൻഷൻ ഉണ്ടായിരുന്നു.

എല്ലാ ചിത്രങ്ങൾക്കും ആളുകൾ കയ്യടിക്കണമെന്ന് നിർബന്ധമില്ല. കുറെ അധികം നിരൂപണങ്ങൾ അല്ലെങ്കിൽ ഓൺലൈൻ റിവ്യൂസ് സോഷ്യൽ മീഡിയ വഴി കാണാൻ സാധിച്ചു. അതെനിക്ക് വളരെ വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു. പണ്ടതില്ലായിരുന്നു. റിവ്യൂവിൽ അവർ പറഞ്ഞതൊക്കെ മനസിൽ തട്ടി പറഞ്ഞതായി തോന്നി. നാളെ ചിലപ്പോൾ എന്റെ പെർഫോമൻസ് ഇഷ്ടപ്പെടാതെ അവർ മോശം റിവ്യൂസ് പറഞ്ഞേക്കാം. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്,’ നവ്യ പറഞ്ഞു.

തിരിച്ചുവരവിൽ താൻ ഓൾഡ് ജനറേഷൻ ആയിപ്പോകുമോ എന്ന പേടി ഉണ്ടായിരുന്നെന്നും,താൻ അഭിനയം മറന്നു പോയെന്ന് ആളുകൾ കരുതുമോ എന്ന പേടി ഉണ്ടായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

‘ഇത്രയും നാൾകഴിഞ്ഞ്‌ തിരികെയെത്തിയത് ഒരു പേടിയോടെയാണ്. കാരണം എങ്ങനെയാണ് പുതിയ ആളുകൾ എന്നെ വിലയിരുത്തുന്നതെന്നും ഞാൻ അഭിനയം മറന്നോ എന്ന് ആളുകൾ കരുതുമോയെന്നും എനിക്ക് തോന്നിയിരുന്നു. ഇപ്പോൾ ന്യൂജനറേഷൻ എന്നൊക്കെ പറയുന്നുണ്ട്. ഞാൻ ഓൾഡ് ജനറേഷൻ ആയിപോയോ എന്നുള്ള അരക്ഷിതാവസ്ഥയും എനിക്കുണ്ടായിരുന്നു. റിവ്യൂകളിൽ നിന്നും എനിക്ക് കിട്ടിയത് ചെറിയൊരു കോൺഫിഡൻസ് അല്ല. ഇവിടെ ഒരുപറ്റം സിനിമകൾ റിവ്യൂ പോലും ചെയ്യപ്പെടാറില്ല. ഒരു സ്ത്രീപക്ഷ സിനിമ ഇറങ്ങി തൊട്ടടുത്ത ദിവസം തന്നെ റിവ്യൂ ചെയ്യപ്പെട്ടു. അതെനിക്ക് വലിയ സന്തോഷം നൽകി,’ നവ്യ പറഞ്ഞു.

അനിൽ നാരായണൻ തിരക്കഥ എഴുതി അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനെയാണ് നവ്യയുടെ പുതിയ ചിത്രം. സൈജു കുറുപ്പ്, ജോണി ആന്റണി, ഷറഫുദ്ധീൻ, അനാർക്കലി മാറിക്കര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, കോട്ടയം നസീർ, അൻവർ ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Navya Nair on her come back

We use cookies to give you the best possible experience. Learn more