| Tuesday, 15th March 2022, 6:41 pm

മള്‍ട്ടി ടാസ്‌കിങ്; നടിമാരോടുള്ള സ്റ്റീരിയോടൈപ്പ് ചോദ്യങ്ങള്‍; ജോണി ലൂക്കോസിനുള്ള നവ്യയുടെ മറുപടി

അനുപമ മോഹന്‍

നിവൃത്തികേട് കൊണ്ട് ഒറ്റക്ക് വീട്ടുജോലികള്‍ ചെയ്തും, കുട്ടികളുടെയും ഭര്‍ത്താവിന്റെയും മുഴുവന്‍ കാര്യങ്ങള്‍ നോക്കിയും ജോലിക്ക് പോകേണ്ടി വരുന്ന സ്ത്രീകളെ നമ്മള്‍ എന്ത് പേരിട്ടു വിളിക്കും?

ജോണി ലൂക്കോസ് ഈ റോളിന് ഭയങ്കര പോളിഷ്ഡ് ആയിട്ടുള്ള ഒരു പേര് കണ്ടെത്തിയിട്ടുണ്ട്, ‘മള്‍ട്ടി ടാസ്‌കര്‍’.

വീട്ടുജോലികള്‍ ചെയ്യുന്നത് സ്ത്രീകളുടെ അപാര കഴിവാണെന്നും അവര്‍ക്ക് ഈ ജോലികള്‍ ചെയ്യുന്നതില്‍ യാതൊരു പ്രശ്നവുമില്ലെന്നും കണ്ണുംപൂട്ടി വിചാരിച്ചിരിക്കുന്നത് കൊണ്ടാണ് സ്ത്രീകളെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാന്‍ തോന്നുന്നത്. പലപ്പോഴും പുരുഷന്‍മാരുടെ ലൈഫ് എളുപ്പമാക്കാന്‍ വേണ്ടിമാത്രമാണ് സ്ത്രീകള്‍ക്ക് ജീവിക്കേണ്ടി വരുന്നത്. ബന്ധങ്ങളുടെ അധികാരം ഉപയോഗിച്ച് ഇതൊക്കെ മഹത്വവല്‍ക്കരിക്കുകയും ചെയ്യും.

നവ്യ നായര്‍ തിരിച്ചുവരവ് നടത്തുന്ന ഒരുത്തീ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജോണി ലൂക്കോസിനു കൊടുത്ത അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഈ അഭിമുഖത്തില്‍ നവ്യ നായര്‍ പറഞ്ഞ മറുപടികളും കുടുംബത്തിനകത്തെ സ്ത്രീകളുടെ നിലനില്‍പ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

സിനിമകളുമായി ബന്ധപ്പെട്ട് നടിമാര്‍ നല്‍കുന്ന അഭിമുഖങ്ങളില്‍ സ്ഥിരമായി ചില ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാറുണ്ട്.

നിങ്ങള്‍ വീട്ടുജോലികള്‍ ഒക്കെ ചെയ്യാറുണ്ടോ? ഷൂട്ടിങ്ങിന് പോകുമ്പോള്‍ ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങള്‍ എങ്ങനെയാണ് ശ്രദ്ധിക്കുന്നത്? അമ്മ, മകള്‍, അല്ലെങ്കില്‍ ഭാര്യ എന്നീ റോളുകളില്‍ നിങ്ങളുടെ പ്രകടനമെങ്ങനെയുണ്ട്?

സിനിമയുടെ പ്രൊമോഷനുമായാണ് വന്നതെങ്കില്‍ പോലും പലര്‍ക്കും അറിയേണ്ടത് സിനിമയുടെ പ്ലോട്ടോ അതില്‍ ആ നടി ചെയ്യുന്ന റോളിനെ കുറിച്ചോ ആയിരിക്കില്ല.

എന്നാല്‍, ഒരു നടന്‍ അല്ലെങ്കില്‍ സിനിമാ രംഗത്തെ പുരുഷന്മാര്‍ ഇന്റര്‍വ്യൂവിന് വരുമ്പോള്‍, നിങ്ങള്‍ വീട്ടുജോലി ചെയ്യാറുണ്ടോ, കുട്ടികളെ ടേക്ക് കെയര്‍ ചെയ്യാറുണ്ടോ എന്നൊന്നും ആരും ചോദിക്കാറില്ല. കാരണം അതൊന്നും അവരുടെ ഡ്യൂട്ടിയില്‍ പെടുന്ന കാര്യങ്ങളല്ലെന്നും അതിനായി വീട്ടില്‍ സ്ത്രീകളുണ്ടെന്നുമുള്ള പുരുഷാധിപത്യ ബോധത്തില്‍ വിശ്വസിച്ച് ജീവിക്കുന്നവരാണ് ഇവിടെ അധികവും.

പുരുഷന്‍മാര്‍ അവരുടെ താല്‍പര്യമനുസരിച്ച് ജോലി തെരഞ്ഞെടക്കുന്നതും ചെയ്യുന്നതും സാധാരണമായ ഒരു കാര്യമായി കാണുകയും എന്നാല്‍ സ്ത്രീകള്‍ വീട്ടുജോലികള്‍ ചെയ്ത് ബാക്കിയുള്ള സമയത്ത് ചെയ്യാന്‍ പറ്റുന്ന ആഗ്രഹങ്ങള്‍ മാത്രം പിന്തുടര്‍ന്നാല്‍ മതിയെന്നുമാണ് പലരുടെയും ചിന്തഈ അഭിമുഖത്തില്‍ നവ്യ ഇങ്ങനെ പറയുന്നുണ്ട് ”പുരുഷന്മാര്‍ വളരെ ക്വാളിറ്റേറ്റിവ് ആയി വര്‍ക്ക് ചെയ്യും. സ്ത്രീകളാണെങ്കില്‍ ക്വാണ്ടിറ്റി ആണ് നോക്കുന്നത്. സ്ത്രീകള്‍ക്ക് ക്വാളിറ്റി ഉള്ള വര്‍ക്ക് ചെയ്യാന്‍ പറ്റാത്തത് കഴിവ് ഇല്ലാത്തത് കൊണ്ടല്ല. നൂറ് കാര്യങ്ങള്‍ ഒന്നിച്ച് ചെയ്യേണ്ടി വരുന്നത് കൊണ്ടാണ്.”

അതായത് പുരുഷന്‍മാര്‍ക്ക് അവരുടെ കഴിവിനനുസരിച്ച് ഇഷ്ടമുള്ള ജോലികള്‍ ചെയ്യാം. പക്ഷെ സ്ത്രീകള്‍ക്ക് അതിനു സാധിക്കുന്നില്ല. അവര്‍ വീട്ടുജോലികളും മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങളും കൂടി നോക്കേണ്ടി വരുന്നു. വീട്ടിലെ ഭര്‍ത്താവിന്റെയും ബാക്കിയുള്ളവരുടെയും ജീവിതം എളുപ്പമാക്കാന്‍ വേണ്ടി സ്ത്രീകള്‍ കഷ്ടപ്പെട്ട് പണിയെടുക്കേണ്ടി വരുന്നുണ്ട്.

നവ്യ നായരുടെ ഈ പ്രസ്താവനക്ക് ശേഷം ജോണി ലൂക്കോസ് ചോദിക്കുന്നത് ഇത് സ്ത്രീകളുടെ മള്‍ട്ടി ടാസ്‌കിങ്ങിനുള്ള കഴിവായിട്ട് വേണ്ടേ കാണാന്‍ എന്നാണ്? എന്ത് എളുപ്പത്തിലാണ് ഒരു സ്ത്രീയുടെ നിവൃത്തികേടിനെ ‘മള്‍ട്ടി ടാസ്‌കിങ് ടാലെന്റ്’ എന്ന് പറഞ്ഞു അലങ്കരിച്ച് നിസാരവല്‍കരിക്കുന്നത്.

വീട്ടിലെ സര്‍വ ജോലികളും ഒറ്റക്ക് തീര്‍ത്ത ശേഷം ജോലിക്ക് പോകേണ്ടി വരുന്നത് വലിയ നേട്ടമൊന്നുമല്ല. മള്‍ട്ടി ടാസ്‌കിങ് എന്നൊക്കെ പറഞ്ഞ് മധുരം കലര്‍ത്തി, ഓ ഇതൊക്കെ നിങ്ങള്‍ സ്ത്രീകളെ കൊണ്ടേ പറ്റൂ, എന്ന പുകഴ്ത്തലുകള്‍ നടത്തുമ്പോള്‍ ഇവിടെ ജെന്‍ഡര്‍ വെച്ച് നടത്തുന്ന വേര്‍തിരിവ് ഇല്ലാതാവുന്നില്ല.

ജോലികള്‍ പങ്കുവെക്കാന്‍ പല വീടുകളിലെയും ഭര്‍ത്താവും മറ്റു പുരുഷ അംഗങ്ങളും തയ്യാറാവുന്നില്ല എന്നത് വേറെ കാര്യം. ഭര്‍ത്താവ് വീട്ടിലെ പണികള്‍ ചെയ്ത് തുടങ്ങിയാല്‍ പിന്നെ ഇയാളുടെ ഭാര്യ ഒരു നല്ല ഭാര്യ അല്ലാതായി തീരുമെന്നാണ് പലരുടെയും ചിന്ത. വീട്ടിലെ ജോലികള്‍ സ്ത്രീകള്‍ മാത്രം ചെയ്താല്‍ മതിയെന്ന പുരുഷാധിപത്യ ബോധമാണ് ഇതിന് പിന്നിലുള്ളത്.

നവ്യയുടെ മറുപടികള്‍ വളരെ കൃത്യതയുള്ളതാണ്. സ്ത്രീകള്‍ ഒറ്റയടിക്ക് ഇത്രയും ജോലികള്‍ ചെയ്ത് തീര്‍ക്കുന്നത് മള്‍ട്ടി ടാസ്‌കിങ് അല്ല. മറിച്ച് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം മള്‍ട്ടി ടാസ്‌കര്‍ ആയി പോകുന്നതാണ്. അവര്‍ക്ക് തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നുവെങ്കില്‍ അവര്‍ ഒരിക്കലും ഈ എല്ലാ പണികളും കൂടി ഒറ്റയ്ക്ക് ചെയ്യണമെന്നില്ല.

ഒരു അഭിപ്രായവും പറയാത്തവരായി സ്ത്രീകളെ വളര്‍ത്തിയെടുക്കുന്നതിന് പണ്ട് നല്‍കിയിരുന്ന ഭംഗിയുള്ള പേരായിരുന്നു ‘അടക്കവും ഒതുക്കുവും ഉള്ള പെണ്‍കുട്ടി’ എന്നത്. സ്ത്രീകളുടെ അവകാശങ്ങളെല്ലാം റദ്ദ് ചെയ്തുകൊണ്ട്, പുരുഷമേധാവിത്വ സമൂഹത്തിന് പറ്റിയ ഒരാളായി ഒരു സ്ത്രീയെ ഉപയോഗിക്കാന്‍ ഏറ്റവും തന്ത്രപൂര്‍വ്വം ഉപയോഗിച്ചിരുന്ന വാക്കാണിത്. ഇന്ന് അതിലെ അപകടം എല്ലാവരും തിരിച്ചറിയുന്നുണ്ട്. അതുപോലെ തന്നെയാണ് ഈ മള്‍ട്ടി ടാസ്‌കിങ്ങ് എന്ന വിദ്യയും.

ഒരു സ്ത്രീയും പൂര്‍ണ മനസോടെ തങ്ങള്‍ക്ക് വീട്ടുപണികള്‍ മാത്രം ചെയ്ത് ജീവിച്ചാല്‍ മതിയെന്നോ, അല്ലെങ്കില്‍ ജോലിക്കൊപ്പം വീട്ടുപണികള്‍ കൂടി ചെയ്യേണ്ടത് തന്റെ കടമയാണെന്നോ കരുതുന്നുണ്ടാകില്ല. അങ്ങനെ ചെയ്യേണ്ടി വരുന്നത് മിക്കപ്പോഴും അവര്‍ക്ക് വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ടാണ്.

സ്ത്രീകള്‍ വിവാഹ ശേഷം ജോണി ലൂക്കോസ് പറഞ്ഞ തരത്തിലുള്ള മള്‍ട്ടി ടാസ്‌കര്‍ ആവുകയാണ്. വിവാഹശേഷമുള്ള ഈ മള്‍ട്ടി ടാസ്‌കിങ്ങിന് വേണ്ടിയാണ്, പെണ്‍കുട്ടികളെ അടക്കത്തിലും ഒതുക്കത്തിലുമൊക്കെ വളര്‍ത്തുന്നത്.

ആദ്യകാലത്ത് സ്ത്രീകള്‍ വീട്ടുപണികള്‍ ചെയ്യാന്‍ മാത്രമുള്ളവരാണെന്ന ഒരു പൊതുധാരണയായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് അതില്‍ മാറ്റം വരികയും സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെ ആളുകള്‍ അംഗീകരിക്കാനും തുടങ്ങി. എന്നാല്‍ നീ പണിക്കൊക്കെ പൊയ്ക്കോ പക്ഷെ വീട്ടിലെ ആണുങ്ങളെ ഭക്ഷണവും കഴിപ്പിച്ച് അവരുടെ അടിവസ്ത്രവും അലക്കിയിട്ട് പോയാമതി, എന്ന തരത്തിലുള്ള പുരോഗമന ചിന്തയാണ് യഥാര്‍ത്ഥത്തില്‍ ആളുകള്‍ക്കുള്ളത്.

ജോണി ലൂക്കോസിന്റെ അടുത്ത ചോദ്യം കാലങ്ങളായി ഈ സമൂഹം സ്ത്രീകളോട് ചോദിച്ചു കൊണ്ടിരിക്കുന്നതാണ്. ‘പരമ്പരാഗത രീതിയില്‍ നല്ല ഭാര്യ, നല്ല മകള്‍, നല്ല അമ്മ അതിലൊന്നും പേരെടുക്കണമെന്ന് ആഗ്രഹിക്കുന്നില്ലേ… അല്ലെങ്കില്‍ ഇതൊന്നും എന്റെ റോള്‍ അല്ല എന്ന മനോഭാവം ആണോ,’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഈ നല്ല ഭാര്യയെയും മകളെയും അമ്മയെയുമെല്ലാം ആവശ്യം ഇവിടുത്തെ ആണുങ്ങള്‍ക്കാണ്. അവരുടെ ആവശ്യങ്ങളും ഇഷ്ടങ്ങളുമനുസരിച്ച് പ്രവര്‍ത്തിക്കാനും അവര്‍ക്ക് അധികാര പ്രയോഗങ്ങള്‍ നടത്താനും വേണ്ടിയുള്ള ഒരു വിഭാഗം മാത്രമായി സ്ത്രീകളെ നിലനിര്‍ത്താനാണ് ഈ ‘നല്ല ഭാര്യ,’ ‘നല്ല അമ്മ,’ പട്ടങ്ങള്‍ കൊടുക്കുന്നത്.

ഇങ്ങനെ നല്ലതാവാന്‍ സൊസൈറ്റി കാണിച്ചുകൊടുക്കുന്ന ഒരുപാട് മോഡലുകള്‍ ഉണ്ട്. അങ്ങനെ നല്ല അമ്മ, ചീത്ത അമ്മ എന്നൊന്നും വേര്‍തിരിക്കേണ്ട ആവശ്യമില്ല. ഒരു സ്ത്രീക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ അമ്മയാകുന്നു. അതിനപ്പുറം ആ സ്ത്രീയില്‍ നല്ലതും ചീത്തയും കണ്ടുപിടിക്കേണ്ട ഒരാവശ്യവും ഇല്ല. ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ച് അമ്മ സങ്കല്‍പത്തില്‍ വ്യത്യാസങ്ങളുണ്ടാകാം. എല്ലാ സ്ത്രീകള്‍ക്കും ‘നല്ല അമ്മയാവൂ’ എന്ന ഉപദേശമൊന്നും കൊടുക്കേണ്ടതില്ല.

അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടിയില്‍ നിന്നും, നല്ല ഭാര്യ, നല്ല അമ്മ, അതിനു ശേഷം മള്‍ട്ടി ടാസ്‌കര്‍ എന്നീ റോളുകളില്‍ സ്ത്രീകളെ തളച്ചിടുമ്പോള്‍ സമൂഹത്തിലെ പുരുഷാധിപത്യ ചിന്തയെ പിന്തുണക്കുകയാണ് ചെയ്യുന്നത്. ഞാന്‍ ഒരു നല്ല മനുഷ്യ സ്ത്രീയാവാനാണ് ആഗ്രഹിക്കുന്നത് എന്ന നവ്യ നായരുടെ മറുപടി തന്നെയാണ് ശരി.


Content Highlight: Navya Nair interview by Johny Lukose in Manorama news, feminism, patriarchy, women in Cinema

അനുപമ മോഹന്‍

We use cookies to give you the best possible experience. Learn more