| Sunday, 7th May 2023, 8:06 pm

രാത്രിസമയത്ത് ഒറ്റക്ക് വീടിനുപുറത്തുപോയി എന്തെങ്കിലുമൊന്ന് എടുത്തുവരാന്‍ പറഞ്ഞാല്‍ ഇന്നും എനിക്ക് പേടിയാണ്: നവ്യ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുത്തീ എന്ന സിനിമക്ക് ശേഷം നവ്യ നായര്‍- സെജു കുറുപ്പ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് അനീഷ് ഉപാസന സംവിധാനം ചെയ്ത ‘ജാനകീ ജാനേ’. പ്രേക്ഷകര്‍ സ്വീകരിച്ച തങ്ങളുടെ ചിത്രമാണ് ഒരുത്തീ എന്നും, എന്നാല്‍ ആ ചിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു കഥയും കഥാപാശ്ചാതലവുമാണ് ജാനകീജാനേയുടേതെന്നും പറയുകയാണ് നടി നവ്യാ നായര്‍. മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് താരം പുതിയ ചിത്രത്തെക്കുറിച്ച് മനസ് തുറന്നത്.

ഒരുപാട് കാര്യങ്ങളില്‍ പേടിയുള്ള നായികയുടെ കഥയാണ് ജാനകീ ജാനേയെന്നും തന്റെ റിയല്‍ ലൈഫിലും ചില പേടികള്‍ ഇന്നും ഒപ്പമുണ്ടെന്നും നവ്യ പറഞ്ഞു.

‘രാത്രിസമയത്ത് ഒറ്റക്ക് വീടിനുപുറത്തുപോയി എന്തെങ്കിലുമൊന്ന് എടുത്തുവരാന്‍ പറഞ്ഞാല്‍ ഇന്നും എനിക്ക് പേടിയാണ്. വിവാഹശേഷം മുംബൈയില്‍ താമസിക്കുമ്പോള്‍ അവിടെ കുറച്ചുകൂടി സുരക്ഷിതമാണെന്ന് തോന്നിയിട്ടുണ്ട്. സി.സി. ടി.വി ക്യാമറകളും മൂന്ന് നാല് സെക്യൂരിറ്റിക്കാരുമെല്ലാമുള്ള ഫ്‌ളാറ്റായിരുന്നു അത്. എന്നിട്ടും ഒരിക്കല്‍പ്പോലും അവിടെ ഒറ്റക്ക് കഴിഞ്ഞിട്ടില്ല,’ നവ്യാ നായര്‍ പറഞ്ഞു.

ഒരുത്തീയില്‍ അഭിനയിക്കുമ്പോള്‍ സൈജുവിനെ പരിചയപ്പെട്ടെങ്കിലും ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കേണ്ട ഒരുപാട് സീനുകളൊന്നുമില്ലായിരുന്നെന്നും, നടനുമായി കൂടുതല്‍ സംസാരിക്കുന്നതും സൗഹൃദത്തിലാകുന്നതും ജാനകീജാനേയുടെ സൈറ്റില്‍ വെച്ചാണെന്നുമാണ് നവ്യ പറഞ്ഞു.

‘പ്രേക്ഷകര്‍ സ്വീകരിച്ച ഞങ്ങളുടെ ചിത്രമാണ് ‘ഒരുത്തീ’. എന്നാല്‍ ആ ചിത്രത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായൊരു കഥയും കഥാപാശ്ചാതലവുമാണ് ‘ജാനകീ ജാനേ’ യുടേത്. ഒരുത്തീയില്‍ അഭിനയിക്കുമ്പോള്‍ സൈജുവിനെ പരിചയപ്പെട്ടെങ്കിലും ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കേണ്ട ഒരുപാട് സീനുകളൊന്നുമില്ലായിരുന്നു.

ഭാര്യാഭര്‍ത്താക്കന്മാരുടെ വേഷത്തിലായിരുന്നെങ്കിലും സൈജുവിന്റെ കഥാപാത്രം ദുബായിലായിരുന്നതിനാല്‍ ഫോണിലൂടെയുള്ള സംസാരമായിരുന്നു കൂടുതലും.

സൈജുവുമായി കൂടുതല്‍ സംസാരിക്കുന്നതും സൗഹൃദത്തിലാകുന്നതും ജാനകീജാനേയുടെ സൈറ്റില്‍ വെച്ചാണ്. ഞാന്‍ ഈ സിനിമയില്‍ മുപ്പത്തഞ്ച് ദിവസം അഭിനയിച്ചെങ്കില്‍ മുപ്പത് ദിവസവും സൈജുവിനൊപ്പമായിരുന്നു. ചിത്രീകണത്തിന് മുമ്പ് കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളെ കുറിച്ചെല്ലാം പരസ്പരം ചര്‍ച്ച ചെയ്താണ് ക്യാമറയ്ക്ക് മുന്നിലേക്കെത്തിയത്. അതിന്റെയെല്ലാം ഗുണം സിനിമക്കുണ്ടാകുമെന്നാണ് കരുതുന്നത്,’ നവ്യ പറഞ്ഞു.

Content Highlight:  Navya Nair I am afraid to leave the house alone at night to fetch something

We use cookies to give you the best possible experience. Learn more