Advertisement
Film News
'ഇപ്പോള്‍ എല്ലാം കിസ്സിങ്ങാ മോനേ'; കുഞ്ചാക്കോ ബോബന് അയച്ച മെസേജിനെ പറ്റി നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 18, 05:57 am
Friday, 18th March 2022, 11:27 am

ചുരുക്കം ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ജോഡികളാണ് നവ്യ നായരും കുഞ്ചാക്കോ ബോബനും. കല്യാണ രാമന്‍, ജലോല്‍സവം എന്നീ ചിത്രങ്ങളില്‍ മാത്രമാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.

ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെയെത്തിയ കുഞ്ചാക്കോ ബോബന്‍ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തന്റെ പതിവ് ശൈലികളില്‍ നിന്നും മാറി സഞ്ചരിച്ച താരം തന്റെ മേലുള്ള ധാരണകളെല്ലാം ഓരോ കഥാപാത്രങ്ങളിലൂടെയും തിരുത്തിയെഴുതി.

ഇതിലൊന്ന് അടുത്തിടെ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി എന്നതാണ്. ഇതിനെ പറ്റി താന്‍ കുഞ്ചാക്കോ ബോബന് മെസേജ് അയച്ചു എന്ന് നവ്യ പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ രസകരമായ അനുഭവം പങ്കുവെച്ചത്.

കുഞ്ചാക്കോ ബോബനോട് പറയണമെന്ന് തോന്നിയ കാര്യമെന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ‘ഇപ്പോള്‍ എല്ലാം കിസ്സിങ്ങാ മോനേ’ എന്നാണ് ചിരിച്ചുകൊണ്ട് താരം മറുപടി പറഞ്ഞത്. താനിത് കുഞ്ചാക്കോ ബോബന് മെസേജ് ചെയ്തുവെന്നും അപ്പോള്‍ ചിരിക്കുന്ന സ്‌മൈലിയാണ് അയച്ചു തന്നതെന്നും നവ്യ പറഞ്ഞു.

അടുത്തിടെ പുറത്ത് വന്ന ഭീമന്റെ വഴി എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ കിസ്സിങ്ങ് സീന്‍ ചര്‍ച്ചയായിരുന്നു. ഇനി പുറത്ത് വരാനിരിക്കുന്ന ബൈലിങ്ക്വല്‍ മൂവിയായ ഒറ്റിലും കുഞ്ചാക്കോ ബോബന്റെ ഇന്റിമേറ്റ് രംഗങ്ങളുണ്ട്

അതേസമയം നീണ്ട നാളത്തെ ഇടവേളക്ക് ശേഷം നവ്യ നായര്‍ തിരിച്ചുവരുന്ന ഒരുത്തീ മാര്‍ച്ച് 18 ന് റിലീസ് ചെയ്തിരിക്കുകയാണ്. ഒരു സാധാരണ സ്ത്രീ തനിക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു അവസ്ഥയില്‍പ്പെട്ടുപോകുന്നതും തുടര്‍ന്നുള്ള അവളുടെ പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം. വിനായകനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എസ്. സുരേഷ് ബാബുവാണ് കഥയും തിരക്കഥയയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. ഗോപി സുന്ദര്‍ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. തകര ബാന്റ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസറാണ് ഒരുത്തീ നിര്‍മിക്കുന്നത്.


Content Highlight: Navya Nair funny message to Kunchacko Boban