| Tuesday, 11th July 2017, 8:03 pm

'ഈ അപരാധത്തിന്റെ പാപഭാരം ഇനിയും മലയാള സിനിമാലോകം ചുമക്കണ്ട'; ദിലീപിന്റെ അറസ്റ്റ് സത്യത്തിന്റെയും ധൈര്യത്തിന്റെയും സര്‍വോപരി സ്ത്രീത്വത്തിന്റെയും വിജയമാണെന്ന് നവ്യ നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊച്ചിയില്‍ യുവനടിക്കെതിരെയുണ്ടായ ആക്രമണ കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടി നവ്യ നായര്‍. മലയാള സിനിമാ കുടുംബത്തിലെ ഒട്ടേറെ സഹപ്രവര്‍ത്തകരെ പോലെ ,കഴിഞ്ഞ കുറെ ദിവസങ്ങളായി മനസ്സില്‍ നീറി കിടന്ന കുറെ കനലുകള്‍ മൗനമെന്ന മറയ്ക്കുള്ളില്‍ മൂടി വെക്കേണ്ടി വന്നത് ഒരു വല്ലാത്ത ദുര്യോഗം തന്നെയായിരുന്നു. ഇപ്പോള്‍ അതിലുമുപരി വളരെ നാള്‍ ഒപ്പം ഒരുമിച്ചു പ്രവര്‍ത്തിച്ചു പോന്നിരുന്ന സഹപ്രവര്‍ത്തകന്റെ ഭാഗത്തു നിന്നും ഉണ്ടായതായി കണ്ടെത്തിയ ഇത്തരത്തിലൊരു പ്രവര്‍ത്തി എന്നെ വീണ്ടും തളര്‍ത്തി എന്ന് പറയാതെ വയ്യ. എന്നായിരുന്നു നവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഇനിയും ഈ മൗനത്തിനു പ്രസക്തി ഇല്ലെന്നു തിരിച്ചറിയുന്നു . എന്ത് വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ പ്രവര്‍ത്തി ഒരു സഹപ്രവര്‍ത്തകന്റെ ചിന്തയില്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് . അക്ഷന്തവ്യമായ ഈ അപരാധത്തിന്റെ പാപ ഭാരം മലയാള സിനിമാ ലോകം ഇനി പേറേണ്ട കാര്യവുമില്ല, നീചമായ ഒരു മനസ്സിന്റെ മാത്രം സൃഷ്ടിയെന്നും നവ്യ പറയുന്നു.

ഇത് സത്യത്തിന്റെയും ധൈര്യത്തിന്റെയും സര്‍വോപരി സ്ത്രീത്വത്തിന്റെയും വിജയമാണ് . ഇത്രയേറെ യാതനകള്‍ക്കിടയിലൂടെ കടന്നു പോയിട്ടും , തളര്‍ന്നു പോകാതെ , തല കുനിക്കാതെ നിന്ന് ആര്‍ജവത്തോടെ പ്രതികരിച്ച , എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകയായ സഹോദരിയോടുള്ള ബഹുമാനവും പതിന്മടങ് . നീ ഒരു ചുവടു പിന്നോട്ട് പോയിരുന്നെങ്കില്‍ , ഇതിനു പിന്നിലെ സത്യം പുറത്തു വരുമായിരുന്നില്ല. ഉയര്‍ച്ചയുടെ പടവുകള്‍ നിനക്ക് മുന്നില്‍ തുറന്നു തന്നെ കിടക്കും …നടക്കുക…. മുന്നോട്ടു തന്നെ, സധൈര്യം. എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മലയാള സിനിമാ കുടുംബത്തിലെ ഒട്ടേറെ സഹപ്രവര്‍ത്തകരെ പോലെ ,കഴിഞ്ഞ കുറെ ദിവസങ്ങളായി മനസ്സില്‍ നീറി കിടന്ന കുറെ കനലുകള്‍ മൗനമെന്ന മറയ്ക്കുള്ളില്‍ മൂടി വെക്കേണ്ടി വന്നത് ഒരു വല്ലാത്ത ദുര്യോഗം തന്നെയായിരുന്നു. ഇപ്പോള്‍ അതിലുമുപരി വളരെ നാള്‍ ഒപ്പം ഒരുമിച്ചു പ്രവര്‍ത്തിച്ചു പോന്നിരുന്ന സഹപ്രവര്‍ത്തകന്റെ ഭാഗത്തു നിന്നും ഉണ്ടായതായി കണ്ടെത്തിയ ഇത്തരത്തിലൊരു പ്രവര്‍ത്തി ……എന്നെ വീണ്ടും തളര്‍ത്തി എന്ന് പറയാതെ വയ്യ.
ഇതൊരു പക്ഷെ എന്റെ മാത്രം ചിന്തയാവാനിടയില്ല …മലയാള സിനിമാ തറവാട്ടിലെ എല്ലാ അംഗങ്ങളെയും ഇത് വല്ലാതെ മുറിവേല്‍പ്പിച്ചു എന്ന് പറയാതെ വയ്യ . ഇതു സംബന്ധിച്ച് ഇത് വരെ പരസ്യ പ്രതികരണങ്ങള്‍ നടത്താന്‍ പലരും മുതിരാതിരുന്നതും അത് കൊണ്ട് തന്നെ എന്ന് ഞാന്‍ കരുതുന്നു . കാരണം അത്ര കണ്ടു അടുപ്പമുണ്ടായിരുന്നു ഞങ്ങള്‍ക്കെല്ലാം ഇവര്‍ രണ്ടു പേരോടും . അന്വേഷണം മുന്നോട്ടു പോയിക്കൊണ്ടിരുന്നു വേളയില്‍ ഊഹാപോഹങ്ങളുടെ മാത്രം പേരില്‍ ആര്‍ക്കുമെതിരെ ഒന്നും പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു . എന്നാല്‍ ഇന്നലെ വൈകിട്ടോടു കൂടി , കാര്യങ്ങള്‍ക്കു വ്യക്തത വരികയും , ഗൂഢാലോചനയുടെ രഹസ്യങ്ങള്‍ വെളിയില്‍ വരികയും ചെയ്തപ്പോള്‍ , ഇനിയും ഈ മൗനത്തിനു പ്രസക്തി ഇല്ലെന്നു തിരിച്ചറിയുന്നു . എന്ത് വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ പ്രവര്‍ത്തി ഒരു സഹപ്രവര്‍ത്തകന്റെ ചിന്തയില്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് . അക്ഷന്തവ്യമായ ഈ അപരാധത്തിന്റെ പാപ ഭാരം മലയാള സിനിമാ ലോകം ഇനി പേറേണ്ട കാര്യവുമില്ല, നീചമായ ഒരു മനസ്സിന്റെ മാത്രം സൃഷ്ടി .
ഇത് സത്യത്തിന്റെയും ധൈര്യത്തിന്റെയും സര്‍വോപരി സ്ത്രീത്വത്തിന്റെയും വിജയമാണ് . ഇത്രയേറെ യാതനകള്‍ക്കിടയിലൂടെ കടന്നു പോയിട്ടും , തളര്‍ന്നു പോകാതെ , തല കുനിക്കാതെ നിന്ന് ആര്‍ജവത്തോടെ പ്രതികരിച്ച , എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകയായ സഹോദരിയോടുള്ള ബഹുമാനവും പതിന്മടങ് . നീ ഒരു ചുവടു പിന്നോട്ട് പോയിരുന്നെങ്കില്‍ , ഇതിനു പിന്നിലെ സത്യം പുറത്തു വരുമായിരുന്നില്ല. ഉയര്‍ച്ചയുടെ പടവുകള്‍ നിനക്ക് മുന്നില്‍ തുറന്നു തന്നെ കിടക്കും …നടക്കുക…. മുന്നോട്ടു തന്നെ , സധൈര്യം .

Latest Stories

We use cookies to give you the best possible experience. Learn more