തന്നെ അതിഥിയായി ക്ഷണിച്ച പരിപാടിയില്‍ നല്‍കിയ ബുക്ക്‌ലെറ്റില്‍ തന്റെ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി അച്ചടിച്ചതില്‍ പരിഭവം അറിയിച്ച് നവ്യ നായര്‍. താരത്തിന് രണ്ട് മക്കള്‍ ഉണ്ടെന്നാണ് ബുക്ക്‌ലെറ്റില്‍ എഴുതിയിരിക്കുന്നത്.
ഇതിന്റെ പേരില്‍ സംഘാടകരോട് തന്റെ പരിഭവം പറയുന്ന നവ്യയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരത്തിന് യാമികയെന്ന ഒരു മകള്‍ ഉണ്ടെന്നാണ് പരിപാടിയില്‍ നല്‍കിയ ബുക്ക്‌ലെറ്റിലുള്ളത്.
ഒപ്പം താന്‍ അഭിനയിച്ചിട്ടില്ലാത്ത ചില സിനിമകളും ഇതില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് നവ്യ പറയുന്നത്. അഭിനയിക്കാത്ത സിനിമകള്‍ എഴുതിയതില്‍ കുഴപ്പമില്ലെന്നും അത് താന്‍ അഡ്ജസ്റ്റ് ചെയ്‌തോളാമെന്നും പറയുന്ന താരം തനിക്ക് ഇല്ലാത്ത കുട്ടിയുടെ കാര്യത്തില്‍ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ലെന്നും കൂട്ടിച്ചേര്‍ത്തു.
വളരെ രസകരമായി പരിപാടിയുടെ സംഘാടകരെ തിരുത്തുന്ന നവ്യയുടെ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വരുന്നത്. വളരെ നന്നായി ഈ പ്രശ്‌നം കൈകാര്യം ചെയ്തുവെന്നാണ് പലരും പറയുന്നത്. അതേസമയം സംഘാടകരെ രൂക്ഷമായി വിമര്‍ശിക്കുന്ന കമന്റുകളുമുണ്ട്.
‘പരിഭവമുണ്ട് നിങ്ങളോട് പറയാന്‍. ഞാന്‍ ഇവിടെ ഒരു ബുക്ക്ലെറ്റ് കണ്ടു. അതില്‍ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കള്‍ ഉണ്ടെന്നാണ്. എന്റെ മകന്‍ എന്ത് വിചാരിക്കും? എനിക്ക് ഇല്ല കേട്ടോ. പിന്നെ, എന്റെ കുടുംബം എന്ത് വിചാരിക്കും?.
അവര്‍ക്ക് ആര്‍ക്കും അറിയാതെ എനിക്ക് യാമിക എന്ന് പറയുന്ന മകള്‍ ഉണ്ടെന്നാണ് ഇവര്‍ എഴുതിയിരിക്കുന്നത്. എന്നെ പറ്റി അറിയുന്നവര്‍ ഇതല്ലേ വായിക്കുക. എനിക്ക് ഒരു മകന്‍ മാത്രമേയുള്ളൂ എന്ന് നിങ്ങള്‍ക്ക് കുറച്ച് പേര്‍ക്ക് അറിയാമായിരിക്കും. ചിലര്‍ക്ക് അത് അറിയാതെയും ഉണ്ടാകും.
ഇത്തരം കാര്യങ്ങള്‍ ഊഹിച്ച് എഴുതരുത്. വിക്കിപീഡിയയില്‍ പോയി നോക്കു. അവിടെ എല്ലാ വിവരങ്ങളും എളുപ്പത്തില്‍ കിട്ടും. വിക്കിപീഡിയയില്‍ പോയി നോക്കി ശരിയായ വിവരങ്ങള്‍ എഴുതൂ. എനിക്ക് രണ്ട് മക്കളില്ല. ജസ്റ്റ് ഒരു പരിഭവം മാത്രമാണ് ഇത്.
പിന്നെ സന്തോഷമുണ്ടായ ഒരു കാര്യം എന്താണെന്ന് വെച്ചാല്‍, ഞാന്‍ അഭിനയിക്കാത്ത കുറച്ച് സിനിമകളുടെ ലിസ്റ്റ് അതില്‍ എഴുതിയിട്ടുണ്ട് എന്നതാണ്. ഞാന്‍ അതില്‍ ഒന്നും അഭിനയിച്ചിട്ടില്ല. എന്നാല്‍ അത് കുഴപ്പമില്ല. ഞാന്‍ അഡ്ജസ്റ്റ് ചെയ്‌തോളാം.
പക്ഷേ കുട്ടിയുടെ കാര്യത്തില്‍ എനിക്ക് അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല. എനിക്ക് ഇല്ലാത്ത കുട്ടിയായത് കൊണ്ടാണ്. എന്തായാലും ഈ പരിപാടിയുടെ ഭാഗം ആവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്,’ നവ്യ പറഞ്ഞു.
Content Highlight: Navya Nair Corrects Mistakes Of Organizers; Video Goes Viral