ആലപ്പുഴ: സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറി പിന്തുടര്‍ന്ന് പിടികൂടി നവ്യ നായരും കുടുംബവും. തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് സംഭവമുണ്ടായത്.
പട്ടണക്കാട് ഇന്ത്യന്‍ കോഫി ഹൗസിന് സമീപത്ത് വെച്ച് ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് തൂണുമായി പോയ ഹരിയാന രജിസ്‌ട്രേഷനിലുള്ള (എച്ച്. ആര്‍ 55 എ.സി 9519) ട്രെയിലറാണ് അപകടമുണ്ടാക്കിയത്. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരി നിവാസില്‍ രമേശന്റെ സൈക്കിളിലാണ് ട്രെയിലര്‍ ഇടിച്ചത്. പിന്നാലെ രമേശന്‍ തലയടിച്ച് നിലത്ത് വീഴുകയായിരുന്നു.
ഈ സമയം അതുവഴി കാറില്‍ കടന്നുപോവുകയായിരുന്ന നവ്യയും കുടുംബവും നിര്‍ത്താതെപോയ ട്രെയിലര്‍ ലോറിയെ പിന്തുടരുകയായിരുന്നു. സംഭവം പൊലീസ് കണ്‍ട്രോള്‍ റൂമിലും അറിയിച്ചു. നിര്‍ത്താതെ പോയ ട്രെയിലറിനെ സിനിമാ സ്‌റ്റൈലില്‍ നവ്യയും കുടുംബവും ഓവര്‍ടേക്ക് ചെയ്ത് തടഞ്ഞുനിര്‍ത്തി.
അപ്പോഴേക്കും പൊലീസും നാട്ടുകാരും എത്തിയിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട് എ.എസ്.ഐയും ചേര്‍ന്നാണ് പരിക്കേറ്റ രമേശനെ തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ലോറിയെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
‘കണ്‍മുന്നില്‍ അപകടം നടന്നിട്ടും കണ്ടില്ലെന്ന് നടിച്ചുപോയാല്‍ ആ സൈക്കിള്‍ യാത്രക്കാരന്റെ ജീവിതം എന്താകുമെന്നാണ് ചിന്തിച്ചത്. എല്ലാവരും ചെയ്യേണ്ട കാര്യമേ ഞാനും ചെയ്തുള്ളൂ. റോഡില്‍ അപകടം കണ്ടാല്‍ പരിക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്,’ എന്നായിരുന്നു നവ്യയുടെ പ്രതികരണം.
Content Highlight: Navya Nair chased the lorry that hit the cyclist and caught him