| Friday, 18th March 2022, 5:38 pm

മമ്മൂക്കാ, നിങ്ങള്‍ പൊളിയാണ്; ഭീഷ്മ കണ്ട് അന്ന് തന്നെ വിളിച്ചു: നവ്യ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപാട് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തിന് പുറമെ വിദേശരാജ്യങ്ങളിലും ഭീഷ്മ പര്‍വ്വം വിജയകരമായി പ്രദര്‍ശനം തുടരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന് അഭിനന്ദനങ്ങളുമായി ഒരുപാട് സിനിമ താരങ്ങള്‍ വന്നിരുന്നു.

ഭീഷ്മ പര്‍വ്വം സിനിമ കണ്ട് കഴിഞ്ഞ് മമ്മൂട്ടിയെ വിളിച്ചിരുന്നുവെന്നും, തിയേറ്ററില്‍ ആഘോഷപൂര്‍വം സിനിമ കണ്ടെന്നും പറയുകയാണ് നവ്യ നായര്‍. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”ഭീഷ്മ പര്‍വ്വം കണ്ട അന്ന് വൈകുന്നേരം ഞാന്‍ മമ്മൂക്കയെ വിളിച്ചിരുന്നു. മമ്മൂക്കാ, നിങ്ങള്‍ പൊളിയാണെന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചപ്പോള്‍ പറഞ്ഞത്. അതിന് ശേഷം ഞങ്ങള്‍ വിശേഷങ്ങള്‍ പറഞ്ഞിരുന്നു. എന്റെ ഒരുത്തി സിനിമയുടെ റിലീസിനെ കുറിച്ചുമൊക്കെ ചോദിച്ചിരുന്നു.

തിയേറ്ററില്‍ കൈ അടിച്ച് ആഘോഷമാക്കി ഞാന്‍ കണ്ട സിനിമയാണ് ഭീഷ്മ. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ എന്റെ അടുത്തൊരു ക്യാമറയുണ്ടായിരുന്നുവെങ്കില്‍ കാണാന്‍ ഭയങ്കര കോമഡിയായിരിക്കും. അടുത്തിരുന്ന മകന്റെ പുറം ഞാന്‍ അടിച്ചു പൊളിച്ചു.

മമ്മൂക്കയുടെ വാച്ചും, കാലിന്റെയും കൈയുടെയുമൊക്കെ ഷോട്ടുകള്‍ കാണിക്കുമ്പോള്‍ തിയേറ്ററില്‍ മറ്റുള്ളവരുടെ കൂടെ ഞാനും കൂവി. വിസിലും അടിച്ചു,”നവ്യ പറഞ്ഞു.

അതേസമയം വിവാഹത്തിന് ശേഷം പത്ത് വര്‍ഷത്തോളം സിനിമയില്‍ നിന്ന് മാറി നിന്ന താരം വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തില്‍ രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ തിരിച്ചു വന്നത്. പെണ്‍പോരാട്ടത്തിന്റെ കഥപറയുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എസ്. സുരേഷ് ബാബുവാണ് തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കെ.വി.അബ്ദുള്‍ നാസറാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡും ചേര്‍ന്നാണ്.


Content Highlight: navya nair about the theatre experience of bheeshma parvam

We use cookies to give you the best possible experience. Learn more