കലാതിലകം പട്ടം നഷ്ടപ്പെട്ട സങ്കടത്തില്‍ കരയുന്ന നടി നവ്യ നായരുടെ വീഡിയോ ഇന്നും യൂട്യൂബില്‍ ലഭ്യമാണ്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ നവ്യയ്‌ക്കൊപ്പം അന്ന് മത്സരിച്ചിരുന്ന നടി അമ്പിളി ദേവിയാണ് കലാതിലകമായത്. സിനിമയുമായി ബന്ധമുള്ളതിനാലാണ് അമ്പിളിക്ക് കൊടുത്തതെന്നും തനിക്കും അര്‍ഹതയുണ്ടെന്നുമൊക്കെ മത്സരത്തിന് ശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരയുന്ന നവ്യയുടെ ചിത്രം പ്രശസ്തമായിരുന്നു.
സംഭവം വീണ്ടും ഓര്‍ത്തെടുക്കുകയാണ് നവ്യ നായര്‍. പ്രായത്തിന്റെ പക്വതയില്ലായ്മ കൊണ്ടാണ് താന്‍ അന്ന് കരഞ്ഞതെന്ന് നവ്യ പറഞ്ഞു. അന്ന് ഒപ്പം മത്സരിച്ചിരുന്ന അമ്പിളി ദേവി ഇപ്പോള്‍ തന്റെ സുഹൃത്താണെന്നും നവ്യ പറഞ്ഞു. കലോത്സവത്തിന് ശേഷം പത്താം ക്ലാസ് പരീക്ഷക്ക് പഠിക്കാന്‍ പോലുമാവാതെ ഇരുന്ന തനിക്ക് ആശ്വാസമായത് പാലക്കാട് നിന്നും വന്ന ഒരെഴുത്താണെന്നും നവ്യ പറഞ്ഞു. സി.ബി.എസ്.സി സ്‌കൂള്‍ കലോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു നവ്യ നായര്‍.
‘കണിയാര്‍കോടുള്ള ശിവശങ്കര്‍ എന്ന് പറയുന്ന ചേട്ടന്‍ പത്രത്തില്‍ ഞാന്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ചിത്രം കണ്ട് എനിക്ക് ഒരു എഴുത്ത് അയച്ചു. അദ്ദേഹത്തെ എനിക്ക് പരിചയമില്ല. അന്ന് കലോത്സവം കഴിഞ്ഞാല്‍ എന്റെ പത്താം ക്ലാസ് പരീക്ഷയാണ്. പഠിക്കാന്‍ പോലും പറ്റാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഈ കത്ത് എനിക്ക് വരുന്നത്.
‘മോള്‍ടെ കരഞ്ഞുകൊണ്ടുള്ള ഫോട്ടോ പത്രത്തില്‍ കണ്ടു. അതില്‍ നിന്നും എനിക്ക് ഒന്ന് ഉറപ്പായി. നാളെ മഞ്ജു വാര്യര്‍ക്കും സംയുക്ത വര്‍മക്കും ഒപ്പം കസേര വലിച്ചിട്ട് ഇരിക്കാന്‍ പാകത്തിനൊരു നടിയായി നീ മാറും എന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് ആ എഴുത്തില്‍ ഉണ്ടായിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഭഗവാന്റെ രൂപത്തില്‍ വന്നൊരു എഴുത്താണ് അത്. ഇല്ലെങ്കില്‍ ഏറ്റവും നന്നായി പഠിച്ചിരുന്ന ഞാന്‍ പത്താം ക്ലാസില്‍ മോശം മാര്‍ക്ക് വാങ്ങിയേനേ,’ നവ്യ നായര്‍ പറഞ്ഞു.
Content Highlight: Navya nair about the letter she received while studying in 10th class