2001ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് നവ്യ നായര്‍.
രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി 2002ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ ബാലാമണിയായും നവ്യ എത്തി. നന്ദനത്തിലെ അഭിനയത്തിലൂടെ നിരവധി അവാര്‍ഡുകള്‍ നേടാന്‍ നവ്യയ്ക്ക് സാധിച്ചിരുന്നു. മികച്ച നടിക്കുള്ള ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നന്ദനത്തിലൂടെ നവ്യ നേടിയിരുന്നു.
മലയാളത്തിലെ ഇന്നത്തെ നായികമാരെ കുറിച്ച് സംസാരിക്കുകയാണ് നവ്യ. മലയാളത്തിൽ ഇന്ന് കഴിവുള്ള നായികമാർ നിരവധിയുണ്ടെന്നും എന്നാൽ ഇവിടെ കഴിവ് തെളിയിച്ച് അന്യഭാഷയിലേക്ക് കുടിയേറുന്നവരാണ് കൂടുതലെന്നും നവ്യ നായർ പറയുന്നു. പ്രേമത്തിലൂടെ സായ് പല്ലവി ഒരു തരംഗമായി മാറിയിരുന്നുവെന്നും എന്നാൽ അന്യഭാഷയിലെ തിരക്ക് കാരണം സായ് പല്ലവിയെ പിന്നീട് മലയാളത്തിൽ അധികം കണ്ടില്ലെന്നും നവ്യ പറയുന്നു. കാലിബർ ഉണ്ടെങ്കിൽ ഏതുകാലത്തും അഭിനയിക്കാൻ കഴിയുമെന്നും മമ്മൂട്ടിയും മോഹൻലാലും അതിന് ഉദാഹരണമാണെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു.
‘കഴിവുറ്റ നായികമാർ ഇന്നും നിരവധിയാണ്. പക്ഷേ, ഇവിടെ കഴിവുതെളിയിച്ച് പെട്ടെന്ന് അന്യഭാഷയിൽ കുടിയേറുന്നവർ ഏറെയാണ്. അതു കൊണ്ടാണവർക്ക് മലയാളത്തിൽ തുടർച്ചയായി ചിത്രങ്ങളില്ലാത്തത്. ഉദാഹരണത്തിന് പ്രേമത്തിലെ സായ് പല്ലവി ഒരു തരംഗമായിരുന്നു. പിന്നീട് തെലുങ്ക്, തമിഴ് ചിത്രങ്ങളിലെ ദൈർഘ്യമേറിയ ഷെഡ്യൂൾ തിരക്ക് കാരണമാണ് ആ നടിയെ മലയാളത്തിൽ കാണാത്തത്. അല്ലാതെ കഴിവില്ലാത്തതുകൊണ്ടല്ല.
മുമ്പ് ഷീലാമ്മയും ശാരദാമ്മയും ഞങ്ങളെക്കാൾ കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കാലത്തിന്റെയും അഭിനയ മേഖലയുടെ വ്യാപ്തിയുടെയും ഭാഗമാണത്. അല്ലാതെ കഴിവ് കുറഞ്ഞതുകൊണ്ടോ കൂടിയതുകൊണ്ടോ അല്ല. അന്നത്തെ പ്രായത്തിൽ പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് ഞങ്ങൾ ഇത്രയും ലിബറലായിരുന്നില്ല. പ്രായത്തിൻ്റെ മാറ്റവും പക്വതയും മനുഷ്യസഹജമാണല്ലോ.
ഇന്ന് എല്ലാവരും നല്ല ആർട്ടിസ്റ്റുമാരാണ്. എല്ലാ കാലഘട്ടത്തിലും അറിയപ്പെട്ടവർ കഴിവുറ്റവർ തന്നെയാണ്. അഭിനയത്തിന് അന്നും ഇന്നും എന്നില്ല, ആ കാലം ഡിമാൻഡ് ചെയ്യുന്നത് പോലെയാണവർ അഭിനയിക്കേണ്ടത്. നമുക്ക് കാലിബർ ഉണ്ടെങ്കിൽ ഏതുകാലത്തും അഭിനയിക്കാൻ കഴിയും. നമ്മുടെ മമ്മൂക്കയും ലാലേട്ടനും പ്രതിഭകൊണ്ട് കാലത്തെ അതിജീവിക്കുന്നത് കണ്ടില്ലേ,’നവ്യ നായർ പറയുന്നു.
Content Highlight: Navya Nair About Sai Pallavi