ആദ്യ ചിത്രമായ ഇഷ്ടത്തില്‍ അഭിനയിച്ച വിശേഷങ്ങള്‍ പറയുകയാണ് നവ്യ നായര്‍. ആദ്യമായി ജീന്‍സും ടോപ്പും ധരിച്ചത് ഇഷ്ടത്തിന് വേണ്ടിയായിരുന്നുവെന്നും അടുത്ത ചേച്ചിയുടെ കയ്യില്‍ നിന്നാണ് അത് വാങ്ങിയതെന്നും നവ്യ പറഞ്ഞു. സിനിമയിലെ തന്റെ ആദ്യ ഷോട്ട് എസ്കലേറ്ററില്‍ കയറി വരുന്നതായിരുന്നുവെന്നും അന്നാണ് എസ്കലേറ്റര്‍ ആദ്യമായി കണ്ടതെന്നും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്കിയ അഭിമുഖത്തില്‍ നവ്യ പറഞ്ഞു.
‘സിനിമയില്‍ എന്റെ ആദ്യത്തെ ഷോട്ട് എസ്കലേറ്ററില്‍ കയറി വരുന്നതാണ്. അന്ന് ജീവിതത്തില്‍ ആദ്യമായാണ് എസ്കലേറ്റര്‍ കാണുന്നത്. ജീവിതത്തില്‍ ഒരിക്കലും എസ്കലേറ്ററില്‍ കയറിയിട്ടില്ല. ഇതിലേക്ക് എന്നെ സെലക്ട് ചെയ്യുമ്പോള്‍ ഒരു ഫോട്ടോ സെഷനുണ്ടായിരുന്നു. അന്നാണ് ആദ്യമായി ജീന്‍സ് ഇടുന്നത്. അടുത്തുള്ള ബീന എന്ന ചേച്ചിയുടെ ജീന്‍സും ടോപ്പും ഇട്ടിട്ടാണ് ആ ഫോട്ടോ എടുക്കുന്നത്.
ജീന്‍സിന്റെ ബാക്കില്‍ പിന് കുത്തി വെച്ചു. അത് ലൂസാണ്. ബീന ചേച്ചി എന്നെക്കാളും വലിയ സ്ത്രീ ആണ്. ഞാന്‍ അന്ന് പത്താം ക്ലാസില്‍ പഠിക്കുകയാണ്. അതുമിട്ട് കാലിന്മേല് കാല് കേറ്റി വെച്ച് ഇരിക്കുന്ന ഒരു ഫോട്ടോ ഉണ്ട്. ചിരിച്ച് മരിക്കും. പാന്റും സ്ലീവ്ലെസ് ടോപ്പും ഒരു ഓവര്‍കോട്ടുമാണ് ഇട്ടത്.
പിന്നെ രാവിലെ ഷൂട്ടിന് ചെന്നപ്പോള്‍ തലയില്‍ മുള്‍കിരീടം വെച്ചതുപോലെ ഹോട്ട് റോളേഴ്സ് വെച്ചിരിക്കുകയാണ്. മുടി കേളായി വരാന്‍. ഞാന്‍ ജീവിതത്തില്‍ ഇതൊന്നും കണ്ടിട്ടില്ല. അത് കൂടാതെ കൂളിങ് ഗ്ലാസ്. വിവേകാനന്ദപാറ കാണാന്‍ പോയപ്പോള്‍ അച്ഛന് വെച്ച കൂളിങ് ഗ്ലാസ് വെച്ചിട്ടുണ്ടെന്നല്ലാതെ ഞാന്‍ ഒരിക്കലും കൂളിങ് ഗ്ലാസ് വെച്ചിട്ടില്ല. അതിന്റെ കൂടെ ഹീല്‍സും.
അന്ന് വീട്ടിലിടാന്‍ ഒരു റബ്ബര്‍ ചെരുപ്പ് കാണും. പുറത്തിടാന്‍ വേറൊന്ന്. അത് തന്നെയായിരിക്കും എല്ലായിടത്തും ഇടുന്നത്. അങ്ങനെ നടന്ന ഞാന്‍ അമേരിക്കയില്‍ നിന്നും വരുന്ന പെണ്കുട്ടായായാണ് ഇഷ്ടത്തില്‍ അഭിനയിക്കുന്നത്,’ നവ്യ നായര്‍ പറഞ്ഞു.