വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ഒരുത്തീ’യിലൂടെ മലയാള സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് നവ്യ നായര്‍.
സിനിമയും നൃത്തവും കഴിഞ്ഞാല്‍ തനിക്ക് ഏറ്റവുമിഷ്ടം യാത്ര ചെയ്യാനാണ് എന്ന് പറയുകയാണ് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ നവ്യ.
”സിനിമയും ഡാന്‍സും കഴിഞ്ഞാല്‍ പ്രിയപ്പെട്ട മൂന്നാമത്തെ കാര്യം സിനിമ കാണല്‍ ആണ് (ചിരിച്ചുകൊണ്ട്). പിന്നെയുള്ളത് യാത്രയാണ്.
യാത്ര ചെയ്യുന്ന ആളാണ്. ഒറ്റക്കും അല്ലാതെയും ഒക്കെ യാത്ര പോകും. എനിക്ക് യാത്ര പോയാല്‍ മതി. ഒറ്റക്കാണോ അല്ലേ എന്നതില്‍ ഒരു നിര്‍ബന്ധവുമില്ല.
സ്ഥലം കാണുക എന്നുള്ളത് എന്റെ ഭയങ്കര വീക്ക്‌നെസാണ്,” നവ്യ നായര്‍ പറഞ്ഞു.
വിവാഹത്തെത്തുടര്‍ന്നായിരുന്നു പത്ത് വര്‍ഷത്തോളം നവ്യ സിനിമയില്‍ നിന്നും മാറി നിന്നത്. ഒരുത്തീയില്‍ ശക്തമായ കേന്ദ്ര കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.
കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരുത്തീയില്‍ ബോട്ട് കണ്ടക്ടറായ രാധാമണിയെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നടി കെ.പി.എ.സി ലളിത അവസാനമായി അഭിനയിച്ച സിനിമ കൂടിയാണ് ഒരുത്തീ.
എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് കെ.വി.അബ്ദുള്‍ നാസറാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡും ചേര്‍ന്നാണ്.
Content Highlight: Navya Nair about her favorite things other then dance and movie