ന്യൂദൽഹി: മഹാരാഷ്ട്ര എം.പി നവനീത് റാണയ്ക്കെതിരെ വധഭീഷണികൾ വരുന്നതായി പരാതി. ഹനുമാൻ ചാലിസ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണിത്. സംഭവത്തിൽ ദൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ന്യൂദൽഹി: മഹാരാഷ്ട്ര എം.പി നവനീത് റാണയ്ക്കെതിരെ വധഭീഷണികൾ വരുന്നതായി പരാതി. ഹനുമാൻ ചാലിസ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണിത്. സംഭവത്തിൽ ദൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ചയാണ് നവനീത് റാണ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 5.27 മുതൽ 5.47 വരെ 11 കോളുകൾ തന്റെ സ്വകാര്യ നമ്പറിലേക്ക് വന്നുവെന്ന് റാണ പരാതിയിൽ പറയുന്നു. വിളിച്ച വ്യക്തി തന്നോട് അപമര്യാദയായി പെരുമാറിയെന്നും അധിക്ഷേപിച്ചുവെന്നും റാണ വ്യക്തമാക്കി. ഇനി ഹനുമാൻ ചാലിസ ചൊല്ലിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും റാണ പൊലീസിൽ പരാതി നൽകി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്ക് മുൻപിൽ ഹനുമാൻ ചാലിസ ചൊല്ലി വർഗീയ സംഘർഷമുണ്ടാകാൻ ശ്രമിച്ച സംഭവത്തിൽ ഏപ്രിലിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് ആറ് വരെയായിരുന്നു ഇരുവരുടേയും കസ്റ്റഡി കാലാവധി. പള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് തടയാൻ കഴിയാത്ത മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം എന്ന നിലയ്ക്കാണ് ഇവർ ഉദ്ധവിന്റെ വസതിയ്ക്ക് മുന്നിലെത്തി ഹനുമാൻ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചത്.
രാജ്യദ്രോഹമുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയത്. പിന്നീട് ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. 50,000 രൂപ ബോണ്ടിലും ആൾജാമ്യത്തിലുമാണ് ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും ഇരുവരേയും കോടതി വിലക്കിയിരുന്നു. മുംബൈ പ്രത്യേക കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.
Content Highlight: Navneet Rana complains of threat , Delhi police filed case