'ജയ് ശ്രീറാമൊക്കെ ക്ഷേത്രത്തില്‍, പാര്‍ലമെന്റിലല്ല'; പാര്‍ലമെന്റിലെ 'ജയ് ശ്രീറാം'വിളിക്കെതിരെ നവനീത് കൗര്‍ റാണ എംപി
Loksabha
'ജയ് ശ്രീറാമൊക്കെ ക്ഷേത്രത്തില്‍, പാര്‍ലമെന്റിലല്ല'; പാര്‍ലമെന്റിലെ 'ജയ് ശ്രീറാം'വിളിക്കെതിരെ നവനീത് കൗര്‍ റാണ എംപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th June 2019, 5:58 pm

ഇന്ന് ബി.ജെ.പി എം.പിമാര്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ‘ജയ് ശ്രീറാം’ വിളികള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ മഹാരാഷ്ട്രയില്‍ നിന്നുള്ള എം.പി നവനീത് കൗര്‍ റാണ രംഗത്തെത്തി.

‘ജയ് ശ്രീറാം’വിളിക്കാനുള്ള ശരിയായ സ്ഥലം ഇതല്ല. ക്ഷേത്രങ്ങളിലാണ് അത് വിളിക്കേണ്ടത്. എല്ലാ ദൈവങ്ങളും തുല്യരാണ്. പക്ഷെ ചിലര്‍ ചില ദൈവങ്ങളെ മാത്രം എടുക്കുകയും അവരുടെ പേര് മാത്രം വിളിച്ചു പറയുകയും ചെയ്യുന്നു. അത് ശരിയല്ലെന്ന് നവനീത് കൗര്‍ റാണ പറഞ്ഞു.

അമരാവതി സിറ്റിംഗ് എം.പിയായിരുന്ന ശിവസേന നേതാവ് ആനന്ദറാവു അദ്‌സുലിനെ അട്ടിമറിച്ചാണ് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തില്‍ ഉണ്ടായിരുന്ന യുവ സ്വാഭിമാനി പക്ഷയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന നവനീത് കൗര്‍ റാണ പാര്‍ലമെന്റിലേക്കെത്തിയത്. ആനന്ദറാവു അദ്‌സുലിന്റെ തോല്‍വി ബി.ജെ.പിയോ ശിവസേനയോ പ്രതീക്ഷിച്ചിരുന്നില്ല.

മുന്‍ തെലുങ്ക് താരമായ റാണ യുവ സ്വാഭിമാനി പക്ഷയുടെ മുന്‍നിര നേതാവാണ്. റാണയുടെ ഭര്‍ത്താവ് രവി റാണയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ബദ്‌നേറ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് രവി റാണ.

2014ലും റാണ മത്സരിച്ചിരുന്നു. പക്ഷെ ആനന്ദറാവു അദ്‌സുലിനോട് പരാജയപ്പെടുകയായിരുന്നു. 1.37 ലക്ഷം വോട്ടുകള്‍ക്കാണ് അന്ന് പരാജയപ്പെട്ടത്. ഇക്കുറി റാണ വിജയിച്ചത് 36,951 വോട്ടുകള്‍ക്കാണ് വിജയിച്ചത്.