| Tuesday, 28th May 2024, 10:05 am

2024 ഐ,.പി.എല്ലിലെ 'സൈലന്റ് കില്ലർ' അവനായിരുന്നു: നവജ്യോത് സിങ് സിദ്ധു

സ്പോര്‍ട്സ് ഡെസ്‌ക്

2024ലെ ആവേശകരമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് അന്ത്യം കുറിച്ചിരിക്കുകയാണ്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്ലിലെ തങ്ങളുടെ മൂന്നാം കിരീടം നേടിയിരുന്നു.

ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് ആര്‍മി 18.3 ഓവറില്‍ 113 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് കിരീടം സ്വന്തമാക്കുകയായിരുന്നു.

ഇപ്പോഴിതാ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ഈ സീസണിലെ മികച്ച പ്രകടനങ്ങളെ വെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിങ് സിദ്ധു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ഈ ഐ.പി.എല്ലില്‍ പറ്റ് കമ്മിന്‍സ് ഒരു സൈലന്റ് കില്ലര്‍ ആയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അദ്ദേഹം നയിച്ച രീതി നോക്കൂ. 2016 ന് ശേഷം ആദ്യമായി അവര്‍ ഫൈനലില്‍ എത്തി. ഹൈദരാബാദ് കമ്മിന്‍സിനുവേണ്ടി ചിലവഴിച്ച വലിയ തുക ഏറെ പ്രയോജനമായി. ടീമിനെ മുന്നില്‍ നിന്നു നയിക്കുമ്പോള്‍ അദ്ദേഹം ഒരിക്കലും താരങ്ങളോട് ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല. സീസണിന്റെ തുടക്കം മുതല്‍ കമ്മിന്‍സ് കളിക്കാരെ പ്രചോദിപ്പിച്ചു. അതിന്റെ മികച്ച മുന്നേറ്റത്തിന് കമ്മിന്‍സ് വഹിച്ച പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ എല്ലാ ക്രെഡിറ്റും അദ്ദേഹം അര്‍ഹിക്കുന്നുണ്ട്,’ നവജ്യോത് സിങ് സിദ്ധു പറഞ്ഞു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഈ സീസണില്‍ ക്യാപ്റ്റന്‍സിക്ക് പുറമേ ബൗളിങ്ങിലും മിന്നും പ്രകടനമായിരുന്നു ഓസ്‌ട്രേലിയന്‍ താരം നടത്തിയത്. 16 മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റുകള്‍ ആണ് കമ്മിന്‍സ് വീഴ്ത്തിയത്.

Content Highlight: Navjyoth singh Sidhu Praises Pat Cummins

We use cookies to give you the best possible experience. Learn more